Breaking

Friday, August 30, 2019

കൊങ്കണ്‍ വഴി ട്രെയിനുകള്‍ ഉച്ചയോടെ ഓടിത്തുടങ്ങും; മംഗലാപുരത്തേക്ക് പ്രത്യേക വണ്ടി

മംഗളുരു/കോഴിക്കോട്: കേരളത്തിൽ നിന്നും കൊങ്കൺ വഴിയുള്ള ട്രെയിനുകൾ വെള്ളിയാഴ്ചയോടെ ഓടിത്തുടങ്ങിയേക്കും. പാളത്തിൽ മണ്ണിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ട കുലശേഖരയിൽ താത്കാലികമായി 400 മീറ്റർ സമാന്തര പാളം നിർമിച്ച് ഗതാഗതം പുനരാരംഭിക്കാനാണ് ശ്രമംനടക്കുന്നത്. കാലാവസ്ഥ ചതിച്ചില്ലെങ്കിൽ തിരുവനന്തപുരത്തു നിന്നും ലോകമാന്യതിലക് ടെർമിനസിലേക്കുള്ള നേത്രാവതി എക്സ്പ്രസ് (16346) ഇതുവഴി കടന്നു പോകും. നേരത്തേ പ്രഖ്യാപിച്ച തീവണ്ടിനിയന്ത്രണങ്ങളിൽ മാറ്റമില്ല. വ്യാഴാഴ്ച മഴ മാറിനിന്നതോടെ സമാന്തരപാളം നിർമാണം അതിവേഗം നടന്നു. ഈ നിലയ്ക്ക് പ്രവൃത്തി പുരോഗമിച്ചാൽ വെള്ളിയാഴ്ച ഉച്ചയോടെ ഗതാഗതം പുനഃസ്ഥാപിക്കാനാവുമെന്ന പ്രതീക്ഷയാണ് റെയിൽവേ അധികൃതർക്കുള്ളത്. രാപകൽ ഭേദമില്ലാതെ കുന്നിൽനിന്ന് ഒലിച്ചിറങ്ങുന്ന ചെളി കോരിനീക്കിയാണു പുതിയ പാളം നിർമിക്കുന്നത്. കൊങ്കൺ വഴി മുംബെയിലേക്കുള്ള യാത്ര മുടങ്ങിയതോടെ വടക്കൻ ജില്ലകളിൽ നിന്നുള്ള യാത്രക്കാരെ കഷ്ടപ്പെടുത്തിയിട്ടുണ്ട്. ഷൊർണൂരിലോ കർണാടകത്തിലെ സൂറത്ത്കൽ സ്റ്റേഷനുകളിലോ എത്തിവേണം ഇവർക്കിപ്പോൾ മുംബൈ വണ്ടി പിടിക്കാൻ. മഗലാപുരത്തിനടത്ത് പടീൽ-ജോക്കട്ട റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ കുലശേഖരയിലാണ് 23-ന് പുലർച്ചെ കുന്നിന്റെ ഒരുഭാഗം ഇടിഞ്ഞ് പാളത്തിലേക്ക് വീണത്. മംഗളൂരുവിൽനിന്ന് സുറത്ത്കലിലേക്ക് റോഡുവഴി 19 കിലോമീറ്ററുണ്ട്. ട്രെയിൻ വഴിയോ റോഡ് വഴിയോ മംഗലാപുരത്തെത്തി വീണ്ടും ബസ് പിടിച്ചാണ് ഉത്തരമലബാറിൽനിന്നുള്ള മുംബൈ യാത്രക്കാർ അവിടെയെത്തുന്നത്. മണ്ണിടിച്ചിലുണ്ടായതിന് അപ്പുറമെത്തിയ മത്സ്യഗന്ധ, മുംബൈ സി.എസ്.ടി., ഗോവ ഡെമു എന്നിവയ്ക്ക് മംഗളൂരുവിലേക്ക് എത്താനായിരുന്നില്ല. ഈ മൂന്നുവണ്ടികളുടെ റേക്കുകൾ ഉപയോഗിച്ച് റെയിൽവേ സൂറത്ത്കലിൽനിന്നു ഇപ്പോൾ ദിവസവും സർവീസ് നടത്തുന്നുണ്ട്. ഈ സ്റ്റേഷനിലെത്താൻ ആദ്യ ദിവസങ്ങളിൽ റെയിൽവേ ബസ് ഏർപ്പാടാക്കിയിരുന്നു. പിന്നീടിത് നിർത്തിയതായി യാത്രക്കാർ പറഞ്ഞു. മംഗളൂരുവിൽനിന്ന് ഗോവ, മുംബൈ എന്നിവിടങ്ങളിലേക്കുള്ള വണ്ടികൾ ഇപ്പോൾ ഓടുന്നില്ല. കൊങ്കൺ വഴിയുള്ള മംഗള ഉൾപ്പെടെയുള്ള പ്രതിദിന വണ്ടികളടക്കം ഇപ്പോൾ വഴിതിരിച്ചുവിട്ടിരിക്കുകയാണ്. ഷൊറണൂർ വഴിയാണ് ഇവ ഓടുന്നത്. ഇന്ന് മംഗലാപുരത്തേക്ക് പ്രത്യേക ട്രെയിൻ വെള്ളിയാഴ്ച രാവിലെ 10.50 ന് എറണാകുളത്തു നിന്ന് മംഗലാപുരം ജങ്ഷനിലേക്ക് പ്രത്യേക ട്രെയിൻ (02617) സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. മംഗള എക്സ്പ്രസിന്റെ സ്റ്റോപ്പുകളിലെല്ലാം ഈ വണ്ടി നിർത്തും. ഇന്ന് എറണാകുളം നിസാമുദ്ദീൻ മംഗള എക്സ്പ്രസ് (12617) ഓടില്ല. Restoration work is on. Frequent rain affects the work. Land slip and slushy soil causing big hindrance there. pic.twitter.com/qxRgQQLnZr — Palakkad Railway Dn (@propgt14) August 28, 2019 Content highlights:Konkan railway wil be open on friday, alternate rail line will be finish today


from mathrubhumi.latestnews.rssfeed https://ift.tt/2ZCwH9z
via IFTTT