Breaking

Saturday, August 31, 2019

നോട്ട് അസാധുവാക്കലിനുശേഷവും കള്ളനോട്ടിൽ കുറവില്ല

മുംബൈ: നോട്ട് അസാധുവാക്കലിനുശേഷവും കള്ളനോട്ടുകളുടെ പ്രചാരത്തിൽ കുറവില്ലെന്ന് റിസർവ് ബാങ്ക് വ്യാഴാഴ്ച പുറത്തിറക്കിയ വാർഷികറിപ്പോർട്ട് വ്യക്തമാക്കുന്നു. 2016-ലെ നോട്ട് അസാധുവാക്കലിനുശേഷം പുറത്തിറക്കിയ 200, 500, 2000 രൂപ നോട്ടുകളുടെ വ്യാജന്മാർ വ്യാപകമായി പ്രചാരത്തിലുണ്ടെന്ന സൂചനയാണ് ആർ.ബി.ഐ.യുടെ കണക്കുകളിലുള്ളത്. സുരക്ഷ കൂടുതലായുണ്ടെന്ന് അവകാശപ്പെട്ട് ഇറക്കിയവയാണ് ഈ നോട്ടുകൾ. 500 രൂപയുടെ കള്ളനോട്ടുകളുടെ എണ്ണത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 121 ശതമാനമാണ് വർധന. രണ്ടായിരം രൂപ നോട്ടുകളിലിത് 21.9 ശതമാനമാണ്. 2017 ഓഗസ്റ്റിൽ പുറത്തിറക്കിയ 200 രൂപ നോട്ടിന്റെ 12,728 വ്യാജന്മാരെ ഈ സാമ്പത്തികവർഷം കണ്ടെത്തിയിട്ടുണ്ട്. മുൻവർഷമിത് 79 എണ്ണം മാത്രമായിരുന്നു. 500 രൂപയുടെ പഴയ മഹാത്മാഗാന്ധി പരമ്പരയിൽപ്പെട്ട 971 കള്ളനോട്ടുകളും പുതിയ ഡിസൈനിലുള്ള 21,865 കള്ളനോട്ടുകളുമാണ് ഇത്തവണ പിടിച്ചെടുത്തത്. രണ്ടായിരം രൂപയുടെ 21,847 കള്ളനോട്ടുകളാണ് കണ്ടെത്തിയത്. മുൻവർഷമിത് 17,929 എണ്ണമായിരുന്നു. 2016-17-ൽ മഹാത്മാഗാന്ധി പരമ്പരയിലുള്ള 500 രൂപയുടെ 3,17,567 കള്ളനോട്ടുകൾ കണ്ടെത്തിയിരുന്നു. തൊട്ടടുത്ത വർഷമിത് 1,27,918 ആയി കുറഞ്ഞു. നോട്ട് അസാധുവാക്കലിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. തുടർന്ന് പുതിയ നോട്ടുകൾ കൊണ്ടുവന്നു. പത്തുരൂപയുടെ കള്ളനോട്ടുകളിൽ 20.2 ശതമാനവും 20 രൂപയുടേതിൽ 87.2 ശതമാനവും 50 രൂപയുടേതിൽ 57.3 ശതമാനവും വർധനയുണ്ടായി. അതേസമയം 100 രൂപയുടെ കള്ളനോട്ടുകളുടെ എണ്ണത്തിൽ 7.5 ശതമാനം കുറവുണ്ടായി. പഴയ ഡിസൈനിലുള്ള നോട്ടുകളുടെ വ്യാജനാണ് കൂടുതലും കണ്ടെത്തുന്നത്. വിപണിയിലുള്ളത് 21.11 ലക്ഷംകോടി രൂപയുടെ നോട്ടുകൾ നിലവിൽ വിപണിയിൽ 21,10,900 കോടി രൂപയുടെ നോട്ടുകളാണുള്ളത്. ആകെ 10,875.9 കോടി നോട്ടുകൾ. 2016-ൽ പുറത്തിറക്കിയ രണ്ടായിരംരൂപാനോട്ടുകളുടെ എണ്ണത്തിൽ കുറവുവന്നിട്ടുണ്ട്. 2018 സാമ്പത്തികവർഷം 336 കോടി നോട്ടുകളുണ്ടായിരുന്നത് 2019-ൽ 329 കോടിയായി കുറഞ്ഞു. അതേസമയം, 500 രൂപ നോട്ടുകളുടെ എണ്ണം 1546 കോടിയിൽനിന്ന് 2152 കോടിയിലെത്തി. വിപണിയിലുള്ള നോട്ടുകളുടെ 51 ശതമാനം വരുമിത്. മൂല്യമനുസരിച്ച് വിപണിയിലുള്ള നോട്ടുകളിൽ 82.2 ശതമാനവും 500, 2000 രൂപാ നോട്ടുകളാണ്. മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ബാങ്ക് നോട്ടുകൾ 17 ശതമാനവും എണ്ണത്തിന്റെ അടിസ്ഥാനത്തിൽ 6.2 ശതമാനവും വർധിച്ചു. മുഷിഞ്ഞ നോട്ടുകൾ മാറിയെടുത്തതിൽ 83.3 ശതമാനവും 100, 10 രൂപാ നോട്ടുകളാണ്. രണ്ടായിരം രൂപയുടെ മുഷിഞ്ഞതും കീറിയതുമായ പത്തുലക്ഷം നോട്ടുകൾ നശിപ്പിച്ചിട്ടുണ്ട്. 2016-ലാണ് 2000 രൂപയുടെ നോട്ടുകൾ ആദ്യമായി പുറത്തിറക്കിയത്. 100 രൂപയുടെ 379.5 കോടി മുഷിഞ്ഞ നോട്ടുകളും പത്തുരൂപയുടെ 652.4 കോടി മുഷിഞ്ഞ നോട്ടുകളും 2018-19 കാലത്ത് നശിപ്പിച്ചിട്ടുണ്ട്. Content Highlight: Fake 500 rupee notes up 121%


from mathrubhumi.latestnews.rssfeed https://ift.tt/32gH84f
via IFTTT