Breaking

Thursday, August 29, 2019

തീവണ്ടികളിൽ സീറ്റില്ല, വിമാനത്തിൽ കൊള്ളനിരക്ക് : ഓണയാത്ര ആശങ്കയിൽ

കൊച്ചി: തീവണ്ടികളിൽ സീറ്റില്ലാത്തതും വിമാനത്തിൽ കൊള്ളനിരക്ക് ഈടാക്കുന്നതും മലയാളികളുടെ ഓണയാത്ര ആശങ്കയിലാക്കുന്നു. ചെന്നൈ, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിൽനിന്ന് കേരളത്തിലേക്കുള്ള തീവണ്ടികളിലൊന്നിലും ഓണനാളുകളിൽ ടിക്കറ്റ് കിട്ടാനില്ല. ഈ ദിവസങ്ങളിൽ കേരളത്തിലേക്കുള്ള വിമാനടിക്കറ്റുകളുടെ നിരക്ക് ഇരട്ടിയിലേറെയാണ്. ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിൽനിന്നുള്ള സ്വകാര്യ ബസുകളിലും ഇക്കാലത്ത് തോന്നിയ തുകയാണ് ഈടാക്കുന്നതെന്ന് പരാതിയുണ്ട്. സെപ്റ്റംബർ ഏഴിനും എട്ടിനും ചെന്നൈയിൽനിന്നുള്ള തീവണ്ടികളിലെല്ലാം സ്ലീപ്പർ ക്ലാസ് ടിക്കറ്റുകളുടെ വെയ്റ്റിങ് ലിസ്റ്റ് നൂറിന് മുകളിലാണ്. എ.സി. കോച്ചിലെ വെയ്റ്റിങ് ലിസ്റ്റ് 30-നു മുകളിലെത്തി. ബെംഗളൂരുവിൽനിന്നുള്ള യാത്രയും സമാനമാണ്. ബെംഗളൂരുവിൽനിന്നുള്ള കന്യാകുമാരി എക്സ്പ്രസിലെ സ്ലീപ്പർ ക്ലാസ് വെയ്റ്റിങ് ലിസ്റ്റ് 280-നു മുകളിലെത്തി. അതിനടുത്ത ദിനങ്ങളിലും ബെംഗളുരുവിൽനിന്ന് കേരളത്തിലേക്കുള്ള യാത്രയുടെ വെയ്റ്റിങ് ലിസ്റ്റിൽ 150-ലേറെപ്പേരുണ്ട്. ഓണനാളുകളിൽ മുംബൈയിൽനിന്നുള്ള മംഗള എക്സ്പ്രസ് അടക്കം ചില തീവണ്ടികൾ റദ്ദ് ചെയ്തതിനൊപ്പം മറ്റു തീവണ്ടികളിൽ സീറ്റില്ലാത്തതും മലയാളികളെ ആശങ്കപ്പെടുത്തുന്നുണ്ട്. യാത്ര വിമാനത്തിലാക്കാമെന്ന് കരുതുന്നവർക്കും ഓണക്കാലത്ത് നിരാശയാകും ഫലം. ചെന്നൈയിൽനിന്ന് കൊച്ചിയിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് 2500 രൂപയ്ക്കും 3000-ത്തിനും ഇടയിലാണ്. സാധാരണ ഗതിയിൽ 2000-ത്തിൽ താഴെനിരക്കിൽ കിട്ടാറുള്ള ടിക്കറ്റിനാണ് 50 ശതമാനത്തിലേറെ വർധന. മുംബൈയിൽനിന്ന് കൊച്ചിയിലേക്കുള്ള ടിക്കറ്റ് നിരക്ക് 3500-നും 4000-ത്തിനും ഇടയിലാണ്. നേരത്തേ 2000 രൂപയിൽ താഴെയുണ്ടായിരുന്ന ടിക്കറ്റിനാണ് ഇരട്ടി വർധന. ബെംഗളൂരുവിൽനിന്ന് നേരത്തേ കൊച്ചിയിലേക്ക് 1800 രൂപയിൽ താഴെ ടിക്കറ്റ് ലഭിച്ചിരുന്നെങ്കിൽ ഓണനാളുകളിൽ അത് 3500 രൂപയിലേറെയായി വർധിച്ചിട്ടുണ്ട്. content highlights:Train and flight journey in onam season


from mathrubhumi.latestnews.rssfeed https://ift.tt/2ML6UtF
via IFTTT