തിരുവനന്തപുരം: സംസ്ഥാനം നേരിട്ട ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ ചെലവുകളിൽ ഗണ്യമായ വർധനവുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം സാഹചര്യങ്ങളിലാണ് സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ സഹായം ലഭ്യമാകേണ്ടത് എന്നു പറഞ്ഞ മുഖ്യമന്ത്രി കേരളത്തിന് അർഹമായ കേന്ദ്ര സഹായം ലഭ്യമാകുന്നില്ലെന്നും കുറ്റപ്പെടുത്തി. ഇടതു സർക്കാർ നാലു വർഷം പൂർത്തിയാക്കിയതിന്റെ പശ്ചാത്തലത്തിൽ ഭരണനേട്ടങ്ങൾ വിശദീകരിച്ച് തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം നേരിട്ട ദുരന്തങ്ങൾ ചെറുതല്ല. സംസ്ഥാനത്തിന് ചെലവുകൾ വർധിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 15%വർധന ചെലവുകളിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവിടെയാണ് കേന്ദ്രത്തിൽനിന്ന് അർഹമായ സഹായം ലഭ്യമാകേണ്ടത്. എന്നാൽ അത്തരത്തിൽ അർഹമായ സഹായം ലഭ്യമാകുന്നില്ല എന്നത് ഗുരുതരമായ അവസ്ഥയാണ്. അതിനെ മറികടക്കാൻ തനതായ വഴികൾ കണ്ടെത്തൽ മാത്രമേ മാർഗമുള്ളൂ. ബജറ്റിന് പുറത്ത് പശ്ചാത്തല സൗകര്യങ്ങൾ സൃഷ്ടിക്കാനായി ധനസമാഹാപരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് കിഫ്ബി പുനഃസംഘടിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. 50,000 കോടി രൂപയുടെ പശ്ചാത്തല സൗകര്യ വികസനം ബജറ്റിന് പുറത്ത് പണം കണ്ടെത്തി നടപ്പാക്കാനാണ് ഉദ്ദേശിച്ചത്. കിഫ്ബി പുനരുജ്ജീവനത്തിന്റെ തനതുവഴിയാണ്. 54,391 കോടി രൂപയുടെ പ്രവൃത്തികൾക്ക് കിഫ്ബി ഇതുവരെ അംഗീകാരം നൽകിക്കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. ബജറ്റിന് പുറത്തുള്ള ധനസമാഹരണത്തിന്റെ ഭാഗമായി മസാല ബോണ്ടുകൾ വഴി 2180 കോടി രൂപ സമാഹരിക്കാൻ സാധിച്ചു. കിഫ്ബി മുഖേന സാധാരണ വികസനത്തിന്റെ അഞ്ചിരട്ടി മുന്നേറ്റമുണ്ടാക്കാനാണ് സാധിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നാം വളർത്തിയെടുത്തത് എല്ലാവരെയും ഉൾക്കൊള്ളുന്ന നവകേരളസംസ്കാരമാണെന്ന് അഭിപ്രായപ്പെട്ട മുഖ്യമന്ത്രി കോവിഡ് കാലത്ത് ആരും പട്ടിണി കിടക്കരുത് എന്ന തീരുമാനത്തിന്റെ ഭാഗമായാണ് കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ചതെന്നും വ്യക്തമാക്കി. എല്ലാ വിഭാഗം ജനങ്ങളെയും ക്ഷേമപദ്ധതികളുടെ കുടക്കീഴിലാക്കാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് 19 നെ പ്രതിരോധിക്കാൻ കരുത്ത് നൽകിയ ഘടകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ആർദ്രം മിഷനാണ്. സംസ്ഥാനത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജുകൾ വരെ ആർദ്രം മിഷൻ നടപ്പാക്കിയതിലൂടെ ഉന്നത നിലവാരത്തിലേക്ക് ഉയർത്താൻ കഴിഞ്ഞു. കുടുംബാരോഗ്യ കേന്ദ്രങ്ങൾ, ലാബ്, ഫാർമസി, സജീവമായ ഒ.പികൾ സ്പെഷ്യാലിറ്റി ചികിത്സകളെല്ലാം ലോകം ഉറ്റു നോക്കുന്ന നിലവാരത്തിലെത്തിയെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. Content highlights: CM Pinarayi Vijayan Pressmeet,the completion of four years by the Government
from mathrubhumi.latestnews.rssfeed https://ift.tt/2ATyaBz
via
IFTTT