Breaking

Monday, October 7, 2019

പരീക്ഷാ ഹാളുകളിൽ വാച്ചും ആഭരണവും നിരോധിച്ച് ആരോഗ്യ സർവകലാശാല

തിരുവനന്തപുരം: പരീക്ഷാഹാളുകളിൽ വാച്ചിനും ആഭരണങ്ങൾക്കും വിലക്ക് ഏർപ്പെടുത്താൻ ആരോഗ്യ സർവകലാശാലയുടെ തീരുമാനം. എം.ബി.ബി.എസ്. അടക്കം സർവകലാശാല നടത്തുന്ന എല്ലാ പരീക്ഷകൾക്കും ഇതു ബാധകമാക്കും. അടുത്ത പരീക്ഷമുതൽ നടപടി കർശനമായി പാലിക്കാൻ കോളേജുകൾക്കു നിർദേശം നൽകും. മെഡിക്കൽ കോളേജുകളിൽ കൂട്ടക്കോപ്പിയടി നടന്നുവെന്നു കണ്ടെത്തിയതിനെത്തുടർന്നാണ് പുതിയ തീരുമാനം. പരീക്ഷകളിൽ ഹൈടെക് കോപ്പിയടിക്കു സാധ്യത കൂടിയിട്ടുണ്ടെന്നും യൂണിവേഴ്സിറ്റി കോളേജ് സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അവ തടയാൻ മാർഗങ്ങൾ സ്വീകരിക്കണമെന്നും സർവകലാശാലാ പരീക്ഷാബോർഡ് ശുപാർശ നൽകിയിരുന്നു. കോപ്പിയടിക്കു പിടികൂടുന്ന വിദ്യാർഥികളെ രണ്ടുതവണത്തേക്കു പരീക്ഷയിൽനിന്നു വിലക്കാനും കോളേജുകൾക്കെതിരേ നടപടി സ്വീകരിക്കാനും സർവകലാശാലയ്ക്കു കഴിയും. ആലപ്പുഴ, എറണാകുളം സർക്കാർ മെഡിക്കൽ കോളേജുകളടക്കം ആറിടത്ത് കോപ്പിയടി നടന്നുവെന്നാണ് പരീക്ഷാഹാളുകളിലെ ദൃശ്യങ്ങൾ പരിശോധിച്ചതിൽ കണ്ടെത്തിയത്. തിരുവനന്തപുരം എസ്.യു.ടി., വർക്കല എസ്.ആർ., കൊല്ലം അസീസിയ, പെരിന്തൽമണ്ണ എം.ഇ.എസ്. എന്നിവയാണ് കോപ്പിയടി നടന്ന സ്വാശ്രയ കോളേജുകൾ. പരസ്പരം ചോദിച്ചും കോപ്പിയടിച്ചും വിദ്യാർഥികൾ പരീക്ഷ എഴുതുന്നതായിരുന്നു ദൃശ്യങ്ങളിൽ. തിരിച്ചറിഞ്ഞ വിദ്യാർഥികളോടു വിശദീകരണം തേടിയശേഷം നടപടി സ്വീകരിക്കാൻ സർവകലാശാല തീരുമാനിച്ചിട്ടുണ്ട്. ബ്ലൂടൂത്ത് ഉപയോഗിച്ച് പരീക്ഷ എഴുതിയതിന് നേരത്തേ ചില കോളേജുകളിൽനിന്നു വിദ്യാർഥികളെ പിടികൂടിയിരുന്നു. എല്ലാ കോളേജുകളിലെയും പരീക്ഷാഹാളുകളിലെ ദൃശ്യങ്ങൾ സർവകലാശാല പരിശോധിക്കുന്നില്ലെന്നു ചില വിദ്യാർഥികൾ പരാതിപ്പെടുന്നുണ്ട്. ആവശ്യത്തിനു ജീവനക്കാരില്ലാത്തതാണ് ഇതിനു കാരണമായി അധികൃതർ പറയുന്നത്. നിർദേശങ്ങൾ ഇങ്ങനെ * പരീക്ഷാഹാളിൽ കോളേജുകൾ തന്നെ ക്ലോക്ക് സ്ഥാപിക്കണം * ഇൻസ്ട്രുമെന്റ് ബോക്സും വലുപ്പമുള്ള മാല, വള, മോതിരം തുടങ്ങിയ ആഭരണങ്ങളും ഹാളിൽ അനുവദിക്കില്ല * ബോൾപോയന്റ് പേനമാത്രം അനുവദിക്കും. കഴിയുന്നതും കോളേജുകൾതന്നെ പേന വാങ്ങിനൽകണം * വിദ്യാർഥികൾ കൊണ്ടുവരുന്ന കുടിവെള്ളക്കുപ്പി അനുവദിക്കില്ല * വിദ്യാർഥികളുടെ ദേഹപരിശോധന നടത്തണമെന്നു ശുപാർശയുണ്ടെങ്കിലും ഇപ്പോൾ വേണ്ടെന്നാണു തീരുമാനം Content Highlights:kerala university of health sciences prohibits watch and ornaments in exam halls


from mathrubhumi.latestnews.rssfeed https://ift.tt/2p15Sz2
via IFTTT