Breaking

Sunday, October 6, 2019

കൂടത്തായി കൊലപാതക പരമ്പര: എന്തിന് കൊന്നു; എങ്ങനെ കൊന്നു?

അന്നമ്മയുടെ മരണം ജോളിയുമായുള്ള ബന്ധം: ഭർത്തൃമാതാവ്. കൊല്ലപ്പെട്ട തീയതി: 2002 സെപ്റ്റംബർ 22 പൊന്നാമറ്റം വീട്ടിലെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് അന്നമ്മയായിരുന്നു. ഇവർ മരിച്ചാൽ 'മണിപവർ' തനിക്ക് കിട്ടുമെന്നു കരുതി. ആട്ടിൻസൂപ്പ് കഴിച്ചശേഷമാണ് അന്നമ്മ കുഴഞ്ഞുവീണത്. ഇതിനുമുമ്പും ഒരിക്കൽ ഇതേപോലെ ആട്ടിൻസൂപ്പ് കഴിച്ച് അന്നമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. അന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. എല്ലാ പരിശോധനയും നടത്തിയെങ്കിലും മനസ്സിലായില്ല. പിന്നീടാണ് അന്നമ്മ മരിക്കുന്നത്. ഭാര്യ മരിച്ചത് ആശുപത്രിയധികൃതർക്കു രോഗം കണ്ടുപിടിക്കാൻ കഴിയാത്തതുമൂലമാണെന്ന് ആരോപിച്ച് ടോം തോമസ് ആശുപത്രിക്കെതിരേ പരാതിയും നൽകിയിരുന്നു. ടോം തോമസ് ജോളിയുമായുള്ള ബന്ധം: ഭർത്തൃപിതാവ്. കൊല്ലപ്പെട്ട തീയതി: 2008 സെപ്റ്റംബർ 26 ടോം തോമസുമായി നല്ല ബന്ധമുണ്ടായിരുന്നു ജോളിക്ക്. എന്നാൽ, ഇദ്ദേഹം വസ്തുവിറ്റ് ഒരു തുക റോയിയുടെ വിഹിതമായി നൽകി. ഇനി ഒരു സ്വത്തും നൽകില്ലെന്നു പറഞ്ഞു. ഇതോടെ ഇദ്ദേഹവുമായുള്ള ബന്ധം വഷളായി. ഇതാണ് ഇദ്ദേഹത്തിന്റെ മരണത്തിലേക്കു നയിച്ചത്. ഭക്ഷണത്തിൽ പലപ്പോഴായി സയനൈഡ് നൽകിയായിരുന്നു കൊല. റോയി തോമസ് ജോളിയുമായുള്ള ബന്ധം: ആദ്യ ഭർത്താവ് കൊല്ലപ്പെട്ട തീയതി: 2011 ഒക്ടോബർ 30 ടോം തോമസിന്റെ മരണത്തെ തുടർന്ന് ജോളിയും റോയി തോമസുമായുള്ള ബന്ധം വഷളായി. ഇതു രൂക്ഷമായതാണു കൊലയ്ക്കു പ്രേരകമായത്. ഭർത്താവിനുവേണ്ടി ഭക്ഷണം പാകംചെയ്യുമ്പോഴാണ് അദ്ദേഹത്തിനു ഹൃദയാഘാതം വന്നതെന്നാണു ജോളി പറഞ്ഞത്. എന്നാൽ, പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ദഹിക്കാത്ത ചോറും കടലയും വയറ്റിലുണ്ടെന്നു കണ്ടെത്തിയിരുന്നു. ഈ ഭക്ഷണത്തിൽ കലർത്തി നൽകിയ സയനൈഡാണ് മരണത്തിനിടയാക്കിയതെന്നാണു കണ്ടെത്തൽ. മഞ്ചാടിയിൽ മാത്യു ജോളിയുമായുള്ള ബന്ധം: ഭർത്തൃമാതാവിന്റെ സഹോദരൻ. കൊല്ലപ്പെട്ട തീയതി: 2014 ഏപ്രിൽ 24 റോയി തോമസിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യണമെന്നു ശക്തമായി വാദിച്ചത് മാത്യുവായിരുന്നു. ഇതാണ് ഇദ്ദേഹത്തോടുള്ള ദേഷ്യത്തിനു കാരണം. ഇദ്ദേഹത്തെ എങ്ങനെ കൊലപ്പെടുത്തിയെന്ന വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല. അൽഫൈൻ ജോളിയുമായുള്ള ബന്ധം: ഭർത്തൃപിതാവിന്റെ സഹോദരന്റെ മകന്റെ മകൾ. രണ്ടാം ഭർത്താവിന്റെ മകൾ. കൊല്ലപ്പെട്ട തീയതി: 2014 മേയ് മൂന്ന് ഷാജുവിനെപ്പോലുള്ള ഭർത്താവായിരുന്നെങ്കിലെന്നു ജോളി പലരോടും പലവട്ടം പറഞ്ഞിട്ടുണ്ട്. ഷാജുവിനെ സ്വന്തമാക്കാൻ ആദ്യം മകളെയും പിന്നീടു ഭാര്യ സിലിയെയും കൊന്നു. അൽഫൈന്റെ തൊണ്ടയിൽ ഭക്ഷണം കുരുങ്ങിയെന്നാണ് എല്ലാവരോടും പറഞ്ഞത്. എന്നാൽ, എല്ലാവരും മരണസമയത്തു കാണിച്ച ലക്ഷണങ്ങൾ സയനൈഡ് കഴിച്ചതിനു സമാനമാണെന്നു ഡോക്ടർമാരും മറ്റും സ്ഥിരീകരിച്ചു. സിലി ജോളിയുമായുള്ള ബന്ധം: ഭർത്തൃപിതാവിന്റെ സഹോദരന്റെ മകന്റെ ഭാര്യ. രണ്ടാം ഭർത്താവിന്റെ ആദ്യ ഭാര്യ. കൊല്ലപ്പെട്ട തീയതി: 2016 ജനുവരി 11 ഷാജുവിനെ ഭർത്താവായി ലഭിക്കാൻ സിലിയെ ഒഴിവാക്കി. ഇതിനായി കുടിവെള്ളത്തിൽ സയനൈഡ് കലർത്തി നൽകി. അറസ്റ്റിലേക്കുള്ള വഴി 2002 മുതൽ 2016 വരെയുള്ള കാലയളവിലാണ് കൂടത്തായിയിലെ റിട്ട. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥൻ പൊന്നാമറ്റം ടോം തോമസ്, ഭാര്യയും റിട്ട. അധ്യാപികയുമായ അന്നമ്മ, മകൻ റോയി തോമസ്, അന്നമ്മയുടെ സഹോദരൻ മഞ്ചാടിയിൽ മാത്യു, ടോം തോമസിന്റെ സഹോദരപുത്രൻ ഷാജുവിന്റെ ഭാര്യ സിലി, ഇവരുടെ മകൾ അൽഫൈൻ എന്നിവർ മരിച്ചത്. ഏറ്റവുമൊടുവിൽ മരിച്ചത് ഷാജുവിന്റെ ഭാര്യ സിലിയാണ്. 2016 ജനുവരി 11-ന്. ഇതിനുശേഷം റോയിയുടെ ഭാര്യ ജോളിയെ ഷാജു വിവാഹം ചെയ്തു. പിന്നീട് കുടുംബത്തിന്റെ സ്വത്ത് ജോളിയുടെ പേരിലേക്കു മാറ്റി. ഇതാണു പരാതിക്കിടയാക്കിയത്. ഇതിനെതിരേ റോയിയുടെ സഹോദരൻ അമേരിക്കയിലുള്ള റോജോ തോമസ് കോഴിക്കോട് റൂറൽ എസ്.പി.ക്കു പരാതി നൽകി. ആറുപേരുടെ മരണത്തിൽ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. ഈ പരാതിയാണ് കേസ് വീണ്ടും തുറക്കുന്നതിലേക്കു നയിച്ചത്. എല്ലാവരുടെയും മരണത്തിൽ സമാനത കാണുകയും മരണസമയത്ത് ജോളിയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെടുകയും ചെയ്തതോടെ കോടതിയുടെ അനുമതിയോടെ റൂറൽ എസ്.പി. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. രണ്ടുമാസമായി നടത്തിയ അന്വേഷണത്തിനൊടുവിൽ പലതവണ ജോളിയിൽനിന്നും മറ്റു ബന്ധുക്കളിൽനിന്നും മൊഴിയെടുത്തിരുന്നു. പലതവണ ജോളിയുടെ മൊഴികളിൽ വൈരുധ്യം കണ്ടു. ഇതാണ് സംശയമുന ജോളിയിലേക്കു നീണ്ടത്. ഏറ്റവുമൊടുവിൽ വെള്ളിയാഴ്ച മരിച്ച ആറുപേരുടെയും കല്ലറ തുറന്ന് മൃതദേഹത്തിൽനിന്ന് തെളിവുകൾ ശേഖരിച്ചു. അപ്പോഴേക്കും ജോളി ആകെ തളർന്നു. ഇതും പോലീസ് കൃത്യമായി നിരീക്ഷിച്ചു. ശനിയാഴ്ച രാവിലെ ജോളിയെ വീട്ടിൽനിന്നു കസ്റ്റഡിയിലെടുത്ത് വീണ്ടും ചോദ്യംചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്.


from mathrubhumi.latestnews.rssfeed https://ift.tt/2IqGyJS
via IFTTT