Breaking

Wednesday, October 23, 2019

ഇനിയും സജീവമാകാതെ കശ്മീർ താഴ്‌വര

ന്യൂഡൽഹി: പ്രത്യേകപദവി എടുത്തുകളഞ്ഞ് 79 ദിവസം കഴിഞ്ഞിട്ടും ജമ്മുകശ്മീരിലെ ജനജീവിതം സാധാരണഗതിയിലായില്ല. താഴ്വരയുടെ ഒട്ടുമിക്കയിടങ്ങളിലും പൊതുഗതാഗത സേവനങ്ങൾ പുനഃസ്ഥാപിക്കപ്പെട്ടില്ല. എന്നാൽ, ചാൽ ചൗക്ക്, ജഹാംഗീർ ചൗക്ക് തുടങ്ങിയ വാണിജ്യകേന്ദ്രങ്ങളിലെല്ലാം സ്വകാര്യവാഹനങ്ങളുടെ തിരക്ക് അനുഭവപ്പെട്ടു. ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ പലയിടത്തും അധികമായി പോലീസിനെ വിന്ന്യസിക്കേണ്ടിവന്നു. വ്യാപാരകേന്ദ്രങ്ങളും സ്ഥാപനങ്ങളും അതിരാവിലെ പ്രവർത്തനം തുടങ്ങിയെങ്കിലും ഉച്ചയോടെ അവസാനിപ്പിച്ചു. കശ്മീരിലെ വിദ്യാലയങ്ങളിലെ ഹാജർനില മെച്ചപ്പെട്ടിട്ടില്ല. സുരക്ഷാഭീഷണിയുള്ളതിനാൽ വീട്ടുകാർ കുട്ടികളെ വിദ്യാലങ്ങളിൽ വിടാൻ കൂട്ടാക്കാത്തതാണ് കാരണം. അതേസമയം, സർക്കാർ ഓഫീസുകളിൽ ജീവനക്കാരെല്ലാം എത്തുന്നുണ്ട്. ലാൻഡ്ലൈൻ ഫോണുകളും പോസ്റ്റ്പെയ്ഡ് മൊബൈൽ സേവനങ്ങളും പുനഃസ്ഥാപിച്ചെങ്കിലും ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള വിലക്ക് ഇപ്പോഴും തുടരുന്നു. മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ളയും മെഹ്ബൂബ മുഫ്തിയും ഉൾപ്പെടെ പ്രമുഖ രാഷ്ട്രീയക്കാരെല്ലാം കരുതൽ തടങ്കലിലാണ്. സർക്കാർജീവനക്കാർക്ക് ശമ്പള വർധന ഒക്ടോബർ 31-ന് നിലവിൽവരുന്ന കേന്ദ്രഭരണപ്രദേശങ്ങളായ ജമ്മുകശ്മീരിലെയും ലഡാക്കിലെയും സർക്കാർ ജീവനക്കാർക്ക് ഏഴാം ശമ്പളക്കമ്മിഷൻ പ്രകാരമുള്ള ശമ്പളം ലഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. നാലരലക്ഷം സർക്കാർജീവനക്കാർ ഗുണഭോക്താക്കളാകുന്ന പരിഷ്കാരത്തിലൂടെ 4800 കോടിരൂപയുടെ അധികബാധ്യതയാണ് സർക്കാരിനുണ്ടാകുന്നത്. Content Highlights:Jammu and Kashmir article 370


from mathrubhumi.latestnews.rssfeed https://ift.tt/2MExxzx
via IFTTT