Breaking

Friday, October 25, 2019

വിദ്യാർഥിനിയെ തീവെച്ചുകൊന്ന കേസിൽ ബംഗ്ലാദേശിൽ 16 പേർക്ക് വധശിക്ഷ

ഫെനി(ബംഗ്ലാദേശ്): പ്രധാനാധ്യാപകനെതിരേ ലൈംഗികപീഡന പരാതിനൽകിയ വിദ്യാർഥിനിയെ തീവെച്ചുകൊന്ന കേസിൽ ബംഗ്ലാദേശിൽ 16 പേർക്ക് വധശിക്ഷ. നുസ്രത് ജഹാൻ റഫി എന്ന പത്തൊമ്പതുകാരിയെ കൊലപ്പെടുത്തിയ കേസിലാണ് വിധി. പരാതി പിൻവലിക്കാത്തതിനെത്തുടർന്ന് സഹപാഠികളടക്കമുള്ളവരാണ് നുസ്രത്തിനെ മണ്ണെണ്ണ ഒഴിച്ച് തീവെച്ചത്. നുസ്രത്തിനെ പീഡിപ്പിച്ച പ്രധാനാധ്യാപകൻ, ഭരണപക്ഷത്തുള്ള അവാമി ലീഗ് പാർട്ടിയിലെ പ്രവർത്തകർ, പെൺകുട്ടികളടക്കമുള്ള സഹപാഠികൾ എന്നിവരാണ് പ്രതികൾ. ബംഗ്ലാദേശിൽ ലൈംഗികാതിക്രമക്കേസിൽ പ്രതികൾക്ക് തക്കശിക്ഷ ലഭിക്കാത്തതിനും ഗ്രാമപ്രദേശങ്ങളിൽനിന്നുള്ള പാവപ്പെട്ട കുട്ടികൾ പഠിക്കുന്ന സ്ഥാപനങ്ങളിലെ വർധിക്കുന്ന പീഡനങ്ങൾക്കും ഉദാഹരണമായി സാമൂഹികപ്രവർത്തകർ ഉയർത്തിക്കാട്ടിയ പ്രമാദമായ കേസുകളിലൊന്നാണ് ഇത്. ക്രൂരകൃത്യം നടത്തിയ ഒരാളും നിയമത്തിനു മുന്നിൽനിന്ന് രക്ഷപ്പെടില്ലെന്നതിന് തെളിവാണ് കേസിലെ വിധിയെന്ന് പ്രോസിക്യൂട്ടർ ഹാഫിസ് അഹമ്മദ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിധിക്കെതിരേ അപ്പീൽ നൽകുമെന്ന് പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. സംഭവം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. എന്നാൽ, തീ വിഴുങ്ങുമ്പോഴും പടികൾ ഓടിയിറങ്ങിയ നുസ്രത്ത് നൽകിയ മരണമൊഴിയാണ് വഴിത്തിരിവായത്. കേസ് ഫാസ്റ്റ് ട്രാക്ക് കോടതിയിൽ 62 ദിവസംകൊണ്ടാണ് വിചാരണ നടത്തിയത്. മാതൃകാപരമായ ശിക്ഷയെന്നാണ് വനിതകളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന സംഘടനയുടെ മേധാവി മലേക ബാനു പറഞ്ഞത്. മഹിളാ പരിഷദിന്റെ കണക്കുപ്രകാരം ഈവർഷം ഇതുവരെ രാജ്യത്ത് 592 ബലാത്സംഗം, 113 കൂട്ടബലാത്സംഗം എന്നിവയ്ക്കുപുറമേ ലൈംഗികാതിക്രമത്തിനുശേഷം സ്ത്രീകളെ കൊലപ്പെടുത്തിയ 26 സംഭവങ്ങളും ഉണ്ടായി. ശപിക്കപ്പെട്ട ഏപ്രിൽ ആറ് ധാക്കയിൽനിന്ന് 160 കിലോമീറ്ററോളം അകലെയുള്ള ഫെനി ഗ്രാമത്തിലെ മതപഠനശാലയിൽ പഠിച്ചിരുന്ന നുസ്രത്തിനോട് മാർച്ച് 27-നാണ് പ്രധാനാധ്യാപകൻ മൗലാന സിറാജുദൗള ഓഫീസ് മുറിയിൽ വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറുന്നത്. അടുത്തദിവസംതന്നെ അവൾ മാതാപിതാക്കൾക്കൊപ്പമെത്തി പോലീസിൽ പരാതി നൽകി. എന്നാൽ, പോലീസ് കേസ് ഗൗരവമായെടുത്തില്ലെന്ന് മാത്രമല്ല അവളുടെ ചിത്രം സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തു. ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉയർന്നതോടെയാണ് പ്രധാനാധ്യാപകൻ അറസ്റ്റിലായത്. തുടർന്ന് ഏപ്രിൽ ആറിന് പരീക്ഷയെഴുതാനെത്തിയ നുസ്രത്തിനെ മുതിർന്ന വിദ്യാർഥികളടക്കമുള്ളവർ ചേർന്ന് കെട്ടിടത്തിനു മുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ട് മർദിച്ചു. വഴങ്ങാതെ വന്നപ്പോൾ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. സഹോദരന്റെ മൊബൈലിലേക്ക് വിളിച്ച് നുസ്രത്ത് മരണമൊഴി രേഖപ്പെടുത്തിയതോടെ പ്രതികൾ പിടിയിലാവുകയായിരുന്നു. ഏപ്രിൽ പത്തിന് നുസ്രത്ത് മരിച്ചു. ജയിലിലായിരുന്ന ഒന്നാംപ്രതി തന്നെയായിരുന്നു ഇതിന് ഗൂഢാലോചന നടത്തിയത്. Content Highlights:Bangladesh death sentance


from mathrubhumi.latestnews.rssfeed https://ift.tt/2NhdHtg
via IFTTT