Breaking

Wednesday, October 23, 2019

ഓടുന്ന തീവണ്ടിയിൽ ചാടിക്കയറിയാൽ ജയിലിൽ കിടക്കാം

മംഗളൂരു: ഓടുന്ന തീവണ്ടിയിലേക്ക് ചാടിക്കയറുക, പ്ലാറ്റ്ഫോമിൽ വണ്ടിനിർത്തുംമുമ്പ് ചാടിയിറങ്ങുക, സ്റ്റെപ്പിലിരുന്ന് യാത്രചെയ്യുക തുടങ്ങിയവ തീവണ്ടിയാത്രയിലെ പതിവ് കാഴ്ചകളാണ്. എന്നാൽ ഇത്തരം അഭ്യാസം കാട്ടുന്നവർ കരുതിയിരിക്കുക. മൂന്നുമാസംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ജീവൻ പണയപ്പെടുത്തി ഇവർ ചെയ്യുന്നത്. തടവിനുപുറമെ പിഴയുമടയ്ക്കേണ്ടിവരും. 1989-ലെ റെയിൽവേ നിയമം 156-ാം വകുപ്പുപ്രകാരമാണ് നടപടി. മൂന്നുമാസം വരെ തടവോ 500 രൂപ പിഴയോ അല്ലെങ്കിൽ ഇതുരണ്ടുമോ ആണ് കിട്ടാവുന്ന ശിക്ഷ. എന്നാൽ, നിയമം ലംഘിക്കുന്നവർക്കുള്ള ശിക്ഷ അധികൃതർ 500 രൂപ പിഴയിൽ ഒതുക്കുകയാണ് പതിവ്. മൂന്നുമാസം തടവുലഭിക്കുമെന്നുറപ്പായാൽ ആരും ഈ സാഹസത്തിന് മുതിരില്ലെന്ന് യാത്രക്കാർതന്നെ പറയുന്നു. റെയിൽവേ സംരക്ഷണസേനയുടെ നേതൃത്വത്തിൽ എല്ലാമാസവും കുറഞ്ഞത് നാലുതവണയെങ്കിലും പ്രധാന സ്റ്റേഷനുകളിൽ യാത്രാസുരക്ഷയെക്കുറിച്ച് ബോധവത്കരണം നടത്തുന്നുണ്ട്. എന്നാൽ, യാത്രക്കാർ ഇത് ഗൗരവത്തിലെടുക്കാറില്ല. ഇത്രയും ബോധവത്കരണം നടത്തിയിട്ടും മംഗളൂരു സെൻട്രൽ സ്റ്റേഷനിൽ 10 മാസത്തിനിടെ നിയമലംഘനത്തിന് 80 പേർക്കക്കെതിരേ കേസെടുത്തിട്ടുണ്ട്. ഏറ്റവുമൊടുവിൽ ചൊവ്വാഴ്ച, ഓടിത്തുടങ്ങിയ വണ്ടിയിലേക്ക് ചാടിക്കയറാൻ ശ്രമിച്ച കണ്ണൂർ ചാലാട് സ്വദേശികളായ ദിവാകരൻ(65), ബന്ധു ശ്രീലത(50) എന്നിവർക്ക് വീണ് പരിക്കേറ്റു. ഇതേത്തുടർന്ന് നിയമലംഘനങ്ങൾക്കെതിരേ കർശനനടപടിയെടുക്കാൻ തീരുമാനിച്ചതായി മംഗളൂരു സെൻട്രൻ റെയിൽവേ സ്റ്റേഷൻ ആർ.പി.എഫ്. ഇൻസ്പെക്ടർ മനോജ്കുമാർ 'മാതൃഭൂമി'യോട് പറഞ്ഞു. തീവണ്ടിയിൽ ചാടിക്കയറുകയോ ഇറങ്ങുകയോ ചെയ്യുന്നവർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. content highlights:railway rules,indian railway


from mathrubhumi.latestnews.rssfeed https://ift.tt/2Jdy4Gs
via IFTTT