Breaking

Thursday, October 24, 2019

വനമേഖലയിലെ ഖനനത്തിനുള്ള ദൂരപരിധി 10 കിലോമീറ്ററിൽ നിന്ന് 1 കിലോമീറ്ററായി കുറച്ചു

തിരുവനന്തപുരം: സംരക്ഷിത വനമേഖലയോടുചേർന്ന് പത്തുകിലോമീറ്റർ ദൂരത്തിൽ ക്വാറി, ക്രഷർ തുടങ്ങിയവയ്ക്ക് നിലവിലുണ്ടായിരുന്ന വിലക്ക് ഒരുകിലോമീറ്ററായി കുറയ്ക്കാൻ മന്ത്രിസഭാ തീരുമാനം. സംരക്ഷിത വനമേഖലകളോടും ദേശീയോദ്യാനങ്ങളോടും ചേർന്നുള്ള സംരക്ഷിത പ്രദേശങ്ങൾക്കുചുറ്റും ഒരു കിലോമീറ്റർവരെ പരിസ്ഥിതിലോല മേഖലയാക്കി മാറ്റുന്നുവെന്നാണ് സർക്കാർ വിശദീകരണം. പാരിസ്ഥിതിക ദുരന്തങ്ങൾ കണക്കിലെടുത്താണ് തീരുമാനമെന്നും പറയുന്നു. എന്നാൽ, ഫലത്തിൽ ഇത് മേഖലയിലെ ക്വാറികൾക്ക് സഹായകമാകും. വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും പത്തുകിലോമീറ്റർ ചുറ്റളവുവരെ പരിസ്ഥിതിലോല മേഖലയാക്കി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം സുപ്രീംകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കരട് വിജ്ഞാപനമിറക്കിയിരുന്നു. ഓരോ സംസ്ഥാനത്തിനും അവിടത്തെ വനമേഖലയുടെ പ്രധാന്യം കണക്കിലെടുത്ത് ദൂരപരിധി നിശ്ചയിക്കാമെന്നായിരുന്നു വിജ്ഞാപനം. എന്നാൽ, കുറഞ്ഞത് ഒരു കിലോമീറ്ററുണ്ടാകണം. ഗോവപോലുള്ള ചെറിയ സംസ്ഥാനങ്ങൾ ഒരു കിലോമീറ്റർ പരിധി നിശ്ചയിച്ച് കേന്ദ്രത്തിന് നിർദേശം സമർപ്പിച്ചു. കരട് വിജ്ഞാപനത്തിന്റെ കാലാവധി കഴിയുംവരെ കേരളം ഇക്കാര്യത്തിൽ ഒരുനിലപാടും കേന്ദ്രത്തെ അറിയിച്ചില്ല. അതിനാൽ, പത്തുകിലോമീറ്റർ ദൂരപരിധി കേരളത്തിൽ ബാധകമായി. ഇതനുസരിച്ച് ക്വാറികളുടെ പ്രവർത്തനം നിർത്തണമെന്ന് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടറോട് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ആവശ്യപ്പെട്ടു. രണ്ടുമാസംമുമ്പ് വനമേഖലയോട് ചേർന്നുള്ള പത്തുകിലോമീറ്റർ ചുറ്റളവിൽ ക്വാറി-ക്രഷർ എന്നിവയ്ക്ക് വിലക്കേർപ്പെടുത്തി മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടർ ഉത്തരവുമിറക്കി. ഇതിന്റെ അടിസ്ഥാനത്തിൽ ആറു ജില്ലകളിലെ പല ക്വാറികൾക്കും സ്റ്റോപ്പ് മെമ്മോ നൽകിവരികയാണ്. വൈൽഡ് ലൈഫ് വാർഡൻമാരുടെ സഹായത്തോടെ നിയന്ത്രണമേഖല തിട്ടപ്പെടുത്തിയാണ് സ്റ്റോപ്പ് മെമ്മോ നൽകുന്നത്. ഇതിനിടെയാണ് ദൂരപരിധി കുറയ്ക്കാനുള്ള മന്ത്രിസഭാ തീരുമാനം. ദൂരപരിധികുറച്ച സർക്കാരിന്റെ തീരുമാനം ഇനി കേന്ദ്രസർക്കാർ അംഗീകരിക്കണം. ഇതിനുശേഷം പുതുക്കിയ വിജ്ഞാപനമിറങ്ങിയാലെ തീരുമാനം പ്രാബല്യത്തിലാകൂ. content highlights: Forest mining limit


from mathrubhumi.latestnews.rssfeed https://ift.tt/2BJslUp
via IFTTT