ന്യൂഡൽഹി: ഉന്നാവ് ബലാത്സംഗക്കേസിലെ ഇരയായ പെൺകുട്ടി നേരിട്ട വാഹനാപകടത്തെക്കുറിച്ചുള്ള സി.ബി.ഐ. അന്വേഷണം പൂർത്തിയാകുംവരെ കേസ് ലഖ്നൗവിൽനിന്നു ഡൽഹിയിലേക്കു മാറ്റേണ്ടതില്ലെന്ന് സുപ്രീംകോടതി. ഉന്നാവ് ബലാത്സംഗവുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണ ഡൽഹിയിലേക്കു മാറ്റണമെന്ന വ്യാഴാഴ്ചത്തെ ഉത്തരവിൽ ഭേദഗതിവരുത്തിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ പുതിയ ഉത്തരവ്. വാഹനാപകടക്കേസ് ഡൽഹിയിലേക്കു മാറ്റുന്നതുമാത്രം 15 ദിവസത്തേക്കു മരവിപ്പിച്ചു. അതിനകം സി.ബി.ഐ. അന്വേഷണം പൂർത്തിയാക്കണം. അതേസമയം, അപകടത്തിൽ പരിക്കേറ്റു ഗുരുതരാവസ്ഥയിൽക്കഴിയുന്ന പെൺകുട്ടിയെയും അഭിഭാഷകനെയും ചികിത്സയ്ക്കായി ഡൽഹിയിലേക്കു തത്കാലം മാറ്റേണ്ടതില്ലെന്ന കുടുംബാംഗങ്ങളുടെ നിലപാട് സുപ്രീംകോടതി രേഖപ്പെടുത്തി. അവരെ ഡൽഹിക്കു കൊണ്ടുവരുന്ന വിഷയത്തിൽ തിങ്കളാഴ്ച ഉത്തരവിറക്കും. അതിനിടെ എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്താമെന്നും ബെഞ്ച് വ്യക്തമാക്കി. റായ്ബറേലി ജയിലിൽക്കഴിയുന്ന പെൺകുട്ടിയുടെ ഇളയച്ഛൻ മഹേഷ് സിങ്ങിനെ ഡൽഹിയിലെ തിഹാർ ജയിലിലേക്കു മാറ്റാനും വെള്ളിയാഴ്ച സുപ്രീംകോടതി ഉത്തരവിട്ടു. സായുധസുരക്ഷാസേനയുടെ കാവലോടെ വേണം സിങ്ങിനെ കൊണ്ടുവരാൻ. ഉത്തരവു നടപ്പാക്കിയതിന്റെ റിപ്പോർട്ട് തിങ്കളാഴ്ച കോടതിക്കു നൽകണം. ഞായറാഴ്ചത്തെ വാഹനാപകടത്തിൽ കൊല്ലപ്പെട്ട രണ്ടുസ്ത്രീകളിലൊരാൾ മഹേഷ് സിങ്ങിന്റെ ഭാര്യയാണ്. ഞായറാഴ്ചയുണ്ടായ വാഹനാപകടമുൾപ്പെടെ ഉന്നാവ് ബലാത്സംഗ സംഭവത്തിലെ അഞ്ചു കേസുകളാണ് ഡൽഹിക്കു മാറ്റാൻ സുപ്രീംകോടതി വ്യാഴാഴ്ച ഉത്തരവിട്ടത്. എന്നാൽ, വാഹനാപകടക്കേസിൽ അറസ്റ്റുചെയ്യപ്പെട്ട പ്രതികളെ സമയാസമയം ജുഡീഷ്യൽ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കേണ്ടതുണ്ടെന്നും അതിനാൽ ഈ കേസ് തത്കാലം ഡൽഹിക്കു മാറ്റരുതെന്നും സി.ബി.ഐ. ആവശ്യപ്പെട്ടു. അല്ലെങ്കിൽ ഓരോ തവണയും പ്രതികളെ ഹാജരാക്കുമ്പോൾ റിമാൻഡ് ഉത്തരവുകൾ വാങ്ങേണ്ടി വരുന്നതിന്റെ ബുദ്ധിമുട്ടും സി.ബി.ഐ. അറിയിച്ചതായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയെ അറിയിച്ചു. അതിനാൽ, ഈ കേസ് ഡൽഹിക്കു മാറ്റുന്നതുസംബന്ധിച്ച ഉത്തരവ് നടപ്പാക്കുന്നത് നീട്ടിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതു കണക്കിലെടുത്താണ് വാഹനാപകടക്കേസ് തത്കാലം ലഖ്നൗവിലെ സി.ബി.ഐ. ജുഡീഷ്യൽ മജിസ്ട്രേറ്റു കോടതിയിൽനിന്നു മാറ്റേണ്ടതില്ലെന്ന് സുപ്രീംകോടതി തീരുമാനിച്ചത്. കഴിയുമെങ്കിൽ ഏഴുദിവസത്തിനകം, പരമാവധി 15 ദിവസംകൊണ്ട് സി.ബി.ഐ. അന്വേഷണം പൂർത്തിയാക്കണമെന്നും സുപ്രീംകോടതി വെള്ളിയാഴ്ച ആവർത്തിച്ചു. Content Highlihghts:Unnao rape case Delhi Supreme Court
from mathrubhumi.latestnews.rssfeed https://ift.tt/2MA7p93
via
IFTTT