കോഴിക്കോട്: കേരള ഫുട്ബോൾ അസോസിയേഷനിൽ കെ.എം.ഐ. മേത്തറുടെ പിൻഗാമിയെ തിരഞ്ഞെടുക്കാൻ മത്സരം ഉറപ്പായി. ഇതിനുപുറമെ വൈസ് പ്രസിഡന്റ്, ജോയന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്കും മത്സരമുണ്ടാകും. നാമനിർദേശപത്രിക പിൻവലിക്കേണ്ട സമയം കഴിഞ്ഞതോടെ മത്സരചിത്രം തെളിഞ്ഞു. പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടുപേരും ആറ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഏഴുപേരും രണ്ട് ജോയന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മൂന്നുപേരും മത്സരരംഗത്തുണ്ട്. ട്രഷററായി മത്സരിക്കുന്ന എം. ശിവകുമാറിന് എതിരാളിയില്ല. നാമനിർദേശപത്രിക പിൻവലിക്കേണ്ട അവസാനദിവസം ചൊവ്വാഴ്ചയായിരുന്നു. ഓഗസ്റ്റ് 31-നാണ് തിരഞ്ഞെടുപ്പ്. പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവിലെ വൈസ് പ്രസിഡന്റുമാരായ എ. പ്രദീപ് കുമാർ എം.എൽ.എ.യും ടോം ജോസ് കുന്നേലുമാണ് രംഗത്തുള്ളത്. കോഴിക്കോട്ടുനിന്നുള്ള സി.പി.എം. എം.എൽ.എ.യായ പ്രദീപ് കുമാറും ഇടുക്കി ജില്ലയിലെ അറക്കുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായ ടോം ജോസും നേർക്കുനേർ വരുന്നതോടെ തിരഞ്ഞെടുപ്പിന് രാഷ്ട്രീയമാനംകൂടി കൈവരുന്നു. കേരള കോൺഗ്രസ് (ജോസ് കെ. മാണി വിഭാഗം) പാർട്ടിക്കാരനാണ്. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് കെ.എം.ഐ. മേത്തറുടെ പിന്തുണയാകും ഇതിൽ നിർണായകമാകുന്നത്. മേത്തറുടെ വിശ്വസ്തനാണ് ടോം ജോസ്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കെ.പി. സണ്ണി (തൃശ്ശൂർ), കെ.കെ. ഗോപാലകൃഷ്ണൻ (കൊല്ലം), പി. പൗലോസ് (എറണാകുളം), കാഞ്ഞിരാല അബ്ദുൾ കരീം (മലപ്പുറം), എം.വി മോഹനൻ (കണ്ണൂർ), രഞ്ജി കെ. ജേക്കബ് (പത്തനംതിട്ട), കെ.എ. വിജയകുമാർ (ആലപ്പുഴ) എന്നിവരാണ് മത്സരരംഗത്തുള്ളവർ. ജോയന്റ് സെക്രട്ടറി സ്ഥാനത്തേക്ക് പി. ഗീവർഗീസ് (തിരുവനന്തപുരം), എസ്. അച്ചു (കോട്ടയം), മുഹമ്മദ് റഫീഖ് (കാസർകോട്) എന്നിവർ മത്സരിക്കുന്നു. അവസാനഘട്ടചർച്ചകളിൽ സമവായമുണ്ടായാൽ തിരഞ്ഞെടുപ്പ് സാങ്കേതികമായി മാറും. Content Highlights:kfa football election
from mathrubhumi.latestnews.rssfeed https://ift.tt/2KKAflN
via
IFTTT