ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ കേസിൽ അറസ്റ്റ് ഭീഷണി നേരിടുന്ന ചിദംബരത്തെ തേടി അദ്ദേഹത്തിന്റെ വീട്ടിൽ ഇന്ന് രാവിലെ വീണ്ടും സിബിഐ സംഘം എത്തി. കുറച്ച് സമയം അവിടെ തങ്ങിയ ശേഷം സംഘം മടങ്ങി. സുപ്രീംകോടതി തീരുമാനം വരുന്നത് വരെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കരുതെന്നാവശ്യപ്പെട്ട് ചിദംബരത്തിന്റെ അഭിഭാഷകൻ സിബിഐ ഡയറക്ടർക്ക് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മൂന്നാം തവണയും ഡൽഹിയിലുള്ള ചിദംബരത്തിന്റെ വീട്ടിൽ സിബിഐ സംഘം എത്തിയിരിക്കുന്നത്. ഐഎൻഎക്സ് മീഡിയ കേസിൽ രണ്ട് മണിക്കൂറിനകം ചോദ്യം ചെയ്യലിന് ഹാജരാകണണെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ചയാണ് സിബിഐ ചിദംബരത്തിന്റെ വീട്ടിലെത്തി നോട്ടീസ് പതിച്ചിരുന്നു. ഇത് ചോദ്യം ചെയ്തായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകൻ സിബിഐ ഡയറക്ടർക്ക് കത്ത് നൽകിയത്. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ചിദംബരത്തോട് രണ്ട് മണിക്കൂറിനുള്ളിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരിക്കുന്നതെന്ന് അഭിഭാഷകൻ കത്തിലൂടെ ചോദിച്ചു. എന്റെ കക്ഷി രണ്ട് മണിക്കൂറിനുള്ളിൽ ഹാജരാകണമെന്ന് പറഞ്ഞ് നിങ്ങൾ നൽകിയിരിക്കുന്ന നോട്ടീസിൽ ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് അഭിഭാഷകനായ അർഷദീപ് ഖുഖാന വ്യക്തമാക്കി. മുൻകൂർ ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരായ അടിയന്തര ഹർജി ഇന്ന് രാവിലെ 10.30ന് ഹാജരാക്കാൻ സുപ്രീംകോടതി ചിദംബരത്തിന് അനുമതി നൽകിയിട്ടുണ്ട്. സുപ്രീംകോടതി ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നത് വരെ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ എടുക്കരുതെന്നും അഭിഭാഷകൻ സിബിഐ ഡയറക്ടർക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. മാത്രമല്ല എന്റ കക്ഷി അദ്ദേഹത്തിന് നിയമത്തിലൂടെ ലഭ്യമാകുന്ന അവകാശങ്ങൾ വിനിയോഗിച്ച് കൊണ്ടിരിക്കുകയാണ്. മുൻകൂർ ജാമ്യം നിഷേധിച്ച ഉത്തരവിനെതിരെ അടിയന്തര ആശ്വാസം ആവശ്യപ്പെട്ട് കൊണ്ട് ചൊവ്വാഴ്ച തന്നെ അദ്ദേഹം സുപ്രീംകോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ കത്തിൽ വ്യക്തമാക്കി. ചിദംബരത്തിന്റെ ഡൽഹിയിലെ വീട്ടിൽ ഇന്നലെ വൈകീട്ടാണ് ആദ്യം ആറംഗ സിബിഐ സംഘവും എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും എത്തിയത്. എന്നാൽ ചിദംബരം വീട്ടിൽ ഇല്ലായിരുന്നു. തുടർന്ന് മടങ്ങി പോയ സിബിഐ സംഘം വീണ്ടും വീട്ടിലെത്തി നോട്ടീസ് പതിക്കുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെ വീണ്ടും സിബിഐ സംഘം എത്തുകയായിരുന്നു. Content Highlights:Inx media case-P Chidambarams Lawyer To CBI On 2-Hour Notice-Under What Law?
from mathrubhumi.latestnews.rssfeed https://ift.tt/2Nl5XYM
via
IFTTT