Breaking

Wednesday, August 21, 2019

നെറ്റ്ഫ്‌ളിക്‌സിൽ ആപ്പിലായി മലയാളി

ഷാർജ: ആപ്പുകൾ ചിലർക്ക് പൊല്ലാപ്പാവുന്നത് സാധാരണമാണ്. എന്നാലിവിടെ ആപ്പല്ല ഒരു സീക്രട്ട് ഗെയിമിലൂടെ പൊല്ലാപ്പിലായ പ്രവാസി മലയാളി യുവാവ് നേരിട്ട ബുദ്ധിമുട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയായത്. നെറ്റ്ഫ്‌ളിക്‌സ് സീരീസായ സീക്രട്ട് ഗെയിംസിനെക്കുറിച്ച് കാസർകോട് പള്ളിക്കര സ്വദേശി കുഞ്ഞബ്ദുല്ലയ്ക്ക് കേട്ടുകേൾവി പോലുമില്ലായിരുന്നു. എന്നാൽ, അധോലോക നായകൻ സുലൈമാൻ ഇസയെ അന്വേഷിച്ച് കുഞ്ഞബ്ദുല്ലയുടെ മൊബൈൽ ഫോണിലേക്ക്‌ എത്തിയത് നൂറുകണക്കിന് കോളുകളാണ്. നെറ്റ്ഫ്‌ളിക്‌സ് പരമ്പരയിലെ പുതിയ സീസണിലെ ഈ മാസം 15-ന് സംപ്രേഷണംചെയ്ത ആദ്യ എപ്പിസോഡിൽ സുലൈമാൻ ഇസ എന്ന അധോലോക നായകന്റെ പേരിൽ കാണിക്കുന്ന മൊബൈൽ ഫോൺ നമ്പർ കുഞ്ഞബ്ദുല്ലയുടേതായിപ്പോയതാണ് പൊല്ലാപ്പുകൾക്ക് തുടക്കമായത്. ഈ പരമ്പരയിൽ സൗരഭ് സച്ച്‌ദേവ അവതരിപ്പിച്ച സാങ്കല്പിക ഗുണ്ടാകഥാപാത്രമാണ് ഈസ. ഇന്ത്യൻ അഭിനേതാക്കളായ സെയ്ഫ് അലി ഖാനും നവാസുദ്ദീൻ സിദ്ദിഖിയും അഭിനയിച്ച സീക്രട്ട് ഗെയിംസ് സ്ട്രീമിങ്‌ വെബ്‌സൈറ്റിലെ ഏറ്റവും ഉയർന്ന റേറ്റിങ്ങുള്ള ഇന്ത്യൻ ഷോകളിൽ ഒന്നാണ്. ഷോയിൽ ഒരു നമ്പർ എഴുതിയ കടലാസ് കൈമാറുന്നതിനിടെയാണ് കുഞ്ഞബ്ദുല്ലയുടെ നമ്പർ തെളിയുന്നത്.ഇന്ത്യ, പാകിസ്താൻ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽനിന്നും ഇരുനൂറോളം കോളുകളാണ് ലഭിച്ചതെന്ന് കുഞ്ഞബ്ദുല്ല പറഞ്ഞു. അതേസമയം, പ്രശ്‌നം ശ്രദ്ധയിൽപ്പെട്ടതോടെ ഷോയുടെ സബ്‌ടൈറ്റിലുകളിൽനിന്ന് നെറ്റ്ഫ്‌ളിക്‌സ് നമ്പർ നീക്കംചെയ്തു. അമേരിക്കൻ മീഡിയ സേവന ദാതാവും നിർമാണക്കമ്പനിയും ക്ഷമാപണവും നടത്തി.


from mathrubhumi.latestnews.rssfeed https://ift.tt/2Nmy0qQ
via IFTTT