Breaking

Wednesday, August 21, 2019

'ഭീരുക്കള്‍ ലജ്ജാകരമായി വേട്ടയാടുന്നു'; ചിദംബരത്തോടൊപ്പം ഉറച്ച് നില്‍ക്കും- പ്രിയങ്കാ ഗാന്ധി

ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ കേസിൽ അറസ്റ്റ്ഭീഷണി നേരിടുന്ന ചിദംബരത്തിന് ഉറച്ച പിന്തുണയുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഭീരുക്കളാണ് ചിദംബരത്തെ വേട്ടയാടുന്നതെന്നും പരിണിത ഫലം എന്തായിരുന്നാലും അദ്ദേഹത്തോടൊപ്പം ഉറച്ച് നിൽക്കുമെന്നും പ്രിയങ്ക വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു അവരുടെ പ്രതികരണം. ധനകാര്യ മന്ത്രിയായും ആഭ്യന്തര മന്ത്രിയായും പതിറ്റാണ്ടുകൾ നമ്മുടെ രാജ്യത്തെ വിശ്വസ്തതയോടെ സേവിച്ചയാളാണ് ചിദംബരം. ഒരു സങ്കോചവും കൂടാതെ ആത്മധൈര്യത്തോടെ സത്യം പറയുകയും സർക്കാരിന്റെ പരാജയങ്ങൾ തുറന്ന് കാണിക്കുകയും ചെയ്തിരുന്നു അദ്ദേഹം. എന്നാൽ സത്യം പറയുന്നത് ഭീരുക്കളെ ശല്യപ്പെടുത്തിക്കൊണ്ടേയിരിക്കും. അത് കൊണ്ടാണ് ഒരു ലജ്ജയുമില്ലാതെ അദ്ദേഹത്തെ വേട്ടയാടുന്നത്. പരിണിത ഫലം എന്തായിരുന്നാലും ഞങ്ങൾ അദ്ദേഹത്തോടൊപ്പം ഉറച്ച് നിൽക്കും. സത്യത്തിനായി പോരാടുക തന്നെ ചെയ്യുമെന്നും പ്രിയങ്ക ട്വിറ്റിൽ കുറിച്ചു. ഐ.എൻ.എക്സ് മീഡിയ കേസിൽ ഡൽഹി ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെയാണ് ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ സിബിഐ നടത്തി തുടങ്ങിയത്. ഇതിനോടകം ഡൽഹിയിലുള്ള വസതിയിൽ ചിദംബരത്തെ തേടി മൂന്ന് തവണ സിബിഐ സംഘം എത്തുകയുണ്ടായി. മുൻകൂർ ജാമ്യം നിഷേധിച്ച ഉത്തരവിനെതിരെ ചിദംബരത്തിന്റെ അപേക്ഷ സുപ്രീംകോടതി ഇന്ന് 10.30 ഓടെ പരിഗണിക്കും. Content Highlights:Priyanka Gandhi Vadra tweeted in support of the senior Congress leader, alleging that he was being "shamefully hunted down" for speaking the truth.


from mathrubhumi.latestnews.rssfeed https://ift.tt/2Z93iIM
via IFTTT