Breaking

Saturday, August 3, 2019

സൗദിയിലെ സ്ത്രീകൾക്ക് ഇനി സ്വതന്ത്രമായി ‘പറക്കാം’

റിയാദ്: സൗദി അറേബ്യയിൽ പ്രായപൂർത്തിയായ എല്ലാ സ്ത്രീകൾക്കും ഇനി രക്ഷിതാവായ പുരുഷന്റെ അനുമതിയില്ലാതെ പാസ്പോർട്ട് എടുക്കാം, സ്വതന്ത്രമായി വിദേശയാത്രയും നടത്താം. സൗദി രാജാവ് മൂന്നുദിവസംമുമ്പ് പുറപ്പെടുവിച്ച ഉത്തരവിലാണ് സ്ത്രീകൾക്കുമേലുണ്ടായിരുന്ന ഇത്തരം വിലക്കുകൾ നീക്കിയത്. പുതിയ ഉത്തരവിൽ സ്ത്രീ, പുരുഷൻ എന്ന വിവേചനമില്ലാതെയാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. ഫലത്തിൽ സമൂഹത്തിൽ സ്ത്രീകളുടെ പദവി ഉയർത്തിക്കൊണ്ടുള്ളതാണ് പുതിയ ഉത്തരവ്. എല്ലാ സൗദി പൗരന്മാർക്കും പാസ്പോർട്ടിന് അവകാശമുള്ളതായി ഉത്തരവിൽ പറയുന്നു. പ്രായപൂർത്തിയാകാത്തവർക്കുമാത്രമേ ഇനി രക്ഷിതാവിന്റെ അനുമതി ആവശ്യമുള്ളൂവെന്നും ഉത്തരവിലുണ്ട്. സൗദിയിലെ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെയും നേതൃത്വത്തിലാണ് പരിഷ്കരണനടപടികൾ നടപ്പാക്കുന്നത്. ഇതുവരെ സൗദിയിലെ സ്ത്രീകൾക്ക് പാസ്പോർട്ടിന് അപേക്ഷിക്കാനും വിദേശയാത്ര നടത്താനും രക്ഷിതാവായ പുരുഷന്റെ 'സ്പോൺസർഷിപ്പ്' ആവശ്യമുണ്ടായിരുന്നു. പുരുഷന്റെ കൂടെയല്ലാതെയുള്ള വിദേശയാത്രയ്ക്കും വിലക്കുണ്ടായിരുന്നു. ലോകത്തെ മുൻനിരരാഷ്ട്രമായി സൗദി അറേബ്യയെ ഉയർത്തിക്കൊണ്ടുവരാനുള്ള സൗദി വിഷൻ 2030 പദ്ധതിയുടെ ഭാഗമായാണ് പുതിയ ഭേദഗതികൾ. ഇതനുസരിച്ച് വലിയ പരിഷ്കരണങ്ങളുടെ പാതയിലാണ് സൗദി അറേബ്യ. സ്ത്രീകൾക്ക് ഡ്രൈവിങ് ലൈസൻസ് എടുക്കാനും സ്വന്തമായി വാഹനം ഓടിച്ചുപോകാനുമുള്ള അനുമതിയും ഏതാനും മാസങ്ങൾമുമ്പാണ് സൗദി ഭരണകൂടം അനുവദിച്ചത്. സ്ത്രീയുടെ പദവി ഉയർത്തിക്കൊണ്ടുള്ളതാണ് സൗദി രാജാവിന്റെ പുതിയ ഉത്തരവെന്ന് യു.എസിലെ സൗദി അംബാസഡർ റീമ ബിന്ത് ബന്ദർ രാജകുമാരി പ്രസ്താവിച്ചു. ദീർഘകാലമായി പ്രതീക്ഷിച്ചുവരുന്നതായിരുന്നു ഈ പരിഷ്കാരങ്ങൾ. ഇത് ചരിത്രം സൃഷ്ടിക്കുന്ന നടപടിയാണ്. സമൂഹത്തിൽ സമത്വം കൊണ്ടുവരാനുള്ള നീക്കത്തിന് ഈ നടപടികൾ ഊർജം നൽകുമെന്നും അവർ 'ട്വിറ്റർ' സന്ദേശത്തിൽ പറഞ്ഞു. സൗദി ശൂറാ കൗൺസിലിന്റെ പരിഗണനയിൽ ദീർഘകാലമായുള്ള വിഷയമായിരുന്നു ഇതെന്ന് കൗൺസിൽ അംഗം ഡോ. ഇഖ്ബാൽ ദരൻധാരി പറഞ്ഞു. Content Highlights:Saudi allows women to travel independently


from mathrubhumi.latestnews.rssfeed https://ift.tt/2KdDH8f
via IFTTT