അബുദാബി: സന്ധ്യയുടെ വിയോഗം ഇപ്പോഴും ഉൾക്കൊള്ളാനാവാത്ത അവസ്ഥയിലാണ് അബുദാബിയിലെ സുഹൃത്തുക്കൾ. പ്രസവം നിർത്താനുള്ള ശസ്ത്രക്രിയയ്ക്കിടെ ദാരുണാന്ത്യം സംഭവിച്ച സന്ധ്യ മേനോൻ (37) സാമൂഹിക മാധ്യമ കൂട്ടായ്മകളിൽ സജീവമായിരുന്നു. എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങളാണ് അവർ പങ്കുവെച്ചിരുന്നത്. പാചകത്തിൽ ഏറെ തത്പരയായിരുന്ന അവർ പുത്തൻ വിഭവങ്ങളും അവയുടെ കൂട്ടുകളും പങ്കുവെക്കുന്നതിന് വലിയ സ്വീകാര്യതയാണ് ഗ്രൂപ്പുകളിൽ ലഭിച്ചിരുന്നത്. ഭക്ഷണ പ്രേമികളുടെ ഫെയ്സ്ബുക്ക് കൂട്ടായ്മയായ ഫുഡീസ് പാരഡൈസിൽ ഒട്ടേറെ രുചിക്കൂട്ടുകളാണ് ഇവർ പങ്കുെവച്ചിരുന്നത്. അത് കാണാനും അഭിപ്രായങ്ങൾ പങ്കുവെക്കാനും നൂറുകണക്കിന് അംഗങ്ങളാണ് എന്നുമെത്താറുള്ളത്. എന്നാൽ സന്ധ്യ മരിച്ച വിവരം ഗ്രൂപ്പിൽ അറിഞ്ഞപ്പോൾ ആർക്കുമത് ഉൾക്കൊള്ളാനായില്ല. അബുദാബിയിൽ താമസിക്കുന്ന സന്ധ്യയ്ക്ക് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ അനസ്തേഷ്യ നൽകിയതിലെ പിഴവാണ് മരണകാരണമായി ബന്ധുക്കൾ ആരോപിക്കുന്നത്. സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയ സന്ധ്യയുടെ ആരോഗ്യനില വഷളായതോടെ രാജഗിരി മെഡിക്കൽ കോളേജിലേക്ക് അടിയന്തരമായി മാറ്റുകയായിരുന്നു. മെഡിക്കൽ കോളേജാണ് മരണവിവരം അറിയിച്ചത്. അബുദാബിയിൽ മെക്കാനിക്കൽ എൻജിനീയറായ ഭർത്താവ് അനൂപിനും ആറും പന്ത്രണ്ടും വയസ്സുള്ള മക്കൾക്കൊപ്പം വേനലവധിക്ക് നാട്ടിൽ എത്തിയതായിരുന്നു സന്ധ്യ. തിങ്കളാഴ്ചയാണ് ശസ്ത്രക്രിയയ്ക്കായി അമ്മയോടൊന്നിച്ച് ആലുവയിലെ ആശുപത്രിയിലെത്തുന്നത്. എന്നാൽ ചികിത്സ്യ്ക്കിടയിൽ തനിക്ക് എന്തോ പ്രശ്നം സംഭവിച്ചതായി നഴ്സ് കൂടിയായ സന്ധ്യ അപ്പോൾ തന്നെ അമ്മയോട് പറഞ്ഞിരുന്നതായി ബന്ധു അറിയിച്ചിരുന്നു. അനസ്തേഷ്യ നൽകിയശേഷം സന്ധ്യ അബോധാവസ്ഥയിലായതായി ആശുപത്രി ജീവനക്കാർ അമ്മയെ അറിയിക്കുകയായിരുന്നു. തുടർന്നാണ് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ അറിയിക്കുകയായിരുന്നു. കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനയച്ചിരിക്കുകയാണ് സന്ധ്യയുടെ ഭൗതിക ശരീരം. ആലുവയിലെ ആശുപത്രിക്കെതിരേ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കോഴിക്കോട്ടുനിന്ന് ബി.എസ്സി നഴ്സിങ് പൂർത്തിയാക്കിയ സന്ധ്യ അബുദാബിയിൽ സ്കൂൾ നഴ്സായി പ്രവർത്തിച്ചിട്ടുണ്ട്. Content Highlights:sandya menon-death in during surgery
from mathrubhumi.latestnews.rssfeed https://ift.tt/30S0XOC
via
IFTTT