Breaking

Monday, July 29, 2019

പത്തനംതിട്ടയിലെ ജൂവലറി കവര്‍ച്ച: നാല് പേര്‍ സേലത്ത് പിടിയില്‍; സ്വര്‍ണ്ണവുമായി ഒരാള്‍ കടന്നു

സേലം: പത്തനംതിട്ട നഗരത്തിൽ പട്ടാപ്പകൽ ജീവനക്കാരനെ കെട്ടിയിട്ട് ജൂവലറിയിൽ നിന്ന് നാലരക്കിലോയിലധികം സ്വർണവും 13 ലക്ഷം രൂപയും കവർന്ന സംഭവത്തിൽ നാല് പേർ പിടിയിലായി. സേലത്ത് വെച്ചാണ് കവർച്ച സംഘത്തിലെ നാല് പേർപിടിയിലായത്. അതേ സമയം സ്വർണ്ണവും പണവുമായി സംഘത്തിലെ ഒരാൾ കടന്നു കളഞ്ഞു. സേലത്ത് വാഹനപരിശോധനക്കിടെയാണ് നാല് പേർ പിടിയിലായത്.ഇവർ സഞ്ചരിച്ചിരുന്ന വാഹനവും പിടിച്ചെടുത്തിട്ടുണ്ട്.സേലം പോലീസിന്റെ കസ്റ്റഡിയിലാണ് ഇവരുള്ളത്. ഇവരെ കൊണ്ടുവരുന്നതിനായി പത്തനംതിട്ട പോലീസ് സേലത്തേക്ക് തിരിച്ചിട്ടുണ്ട്. മുത്താരമ്മൻകോവിലിനുസമീപം പ്രവർത്തിക്കുന്ന കൃഷ്ണ ജൂവലറിയിലാണ് ഞായറാഴ്ച വൈകീട്ട് നാലരയോടെ കവർച്ച നടന്നത്. മോഷണത്തിന്റെ സൂത്രധാരനെന്ന് സംശയിക്കുന്ന ജൂവലറി ജീവനക്കാരനായ മഹാരാഷ്ട്ര സ്വദേശി അക്ഷയ് പട്ടേലിനെ പോലീസ് ഞായറാഴ്ച തന്നെ പിടികൂടിയിരുന്നു. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. മറ്റൊരുവാഹനത്തിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. മോഷണസംഘത്തിനൊപ്പംപോയ ഇയാളെ വൈകീട്ട് ഏഴോടെ കോഴഞ്ചേരിയിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്. എന്നാൽ, മോഷണസംഘം തന്നെ തട്ടിക്കൊണ്ടുപോയെന്നും മർദിച്ച് അവശനാക്കി കോഴഞ്ചേരിയിൽ ഇറക്കിവിട്ടെന്നുമാണ് ഇയാൾ ആദ്യം പറഞ്ഞത്.15 ദിവസം മുൻപാണ് അക്ഷയ് ജൂവലറിയിൽ ജോലിക്കെത്തിയത്. ഞായറാഴ്ച അവധി ആയതിനാൽ കട തുറന്നിരുന്നില്ല. ഉടമസ്ഥനായ മഹാരാഷ്ട്ര സ്വദേശി സുരേഷ് സേട്ട് പറഞ്ഞതനുസരിച്ച് മറ്റൊരു ഇടപാടുകാരനുവേണ്ടി ജീവനക്കാരനായ സന്തോഷും അക്ഷയും ചേർന്ന് ജൂവലറി തുറന്നു. അധികം കഴിയും മുൻപ് മറാത്തി സംസാരിക്കുന്ന നാലംഗസംഘം ജൂവലറിയിലെത്തി. ലോക്കർ ഇരിക്കുന്ന ഭാഗത്തേക്ക് കയറിയ സന്തോഷിനുപിന്നാലെ ഇവരും ബലമായി അകത്തേക്കുകടന്നു. അക്ഷയും ഈസമയത്ത് ലോക്കർമുറിയിലുണ്ടായിരുന്നു. അകത്തുകടന്ന സംഘം സന്തോഷിനെ മർദിച്ചശേഷം കൈകാലുകൾ കെട്ടിയിട്ടു. വായിൽ തുണിതിരുകിയശേഷം ലോക്കറിലിരുന്ന സ്വർണവും പണവും സംഘം കൈയിൽ കരുതിയിരുന്ന ബാഗിനുള്ളിലാക്കി. ഈ സമയം സ്വർണം വാങ്ങാനെത്തിയ ഇടപാടുകാരെക്കണ്ട അക്ഷയ് ലോക്കർമുറിയിൽനിന്ന് ഇറങ്ങിവന്ന് ഒന്നും സംഭവിക്കാത്ത മട്ടിൽ പെരുമാറി. അവർ ആവശ്യപ്പെട്ട സ്വർണം നൽകുകയും ചെയ്തു. ഇതിനിടയിൽ, പുറത്തേക്കുവന്ന കവർച്ചസംഘത്തിനൊപ്പം അക്ഷയും വേഗം കടയിൽനിന്നിറങ്ങി ഓട്ടോറിക്ഷയിൽ കയറിപ്പോയി. അല്പസമയത്തിനുശേഷം ചോരയൊലിപ്പിച്ചിറങ്ങിവരുന്ന സന്തോഷിനെക്കണ്ട് ഇടപാടുകാർ ഭയന്ന് പുറത്തേക്കോടി. ഇതോടെയാണ് മോഷണം പുറത്തറിയുന്നത്. ജൂവലറിയിലെ സി.സി.ടി.വി.യുടെ ഹാർഡ് ഡിസ്കും ഊരിക്കൊണ്ടാണ് കവർച്ചസംഘം പോയത്. കെ.എസ്.ആർ.ടി.സി. ബസ്സ്റ്റാൻഡിനു സമീപം കാത്തുകിടന്ന മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ആഡംബരവാഹനത്തിലാണ് ഇവർ കയറിപ്പോയതെന്നാണ് ഓട്ടോറിക്ഷക്കാരൻ നൽകിയ വിവരം. Content Highlights:Pathanamthitta Jewellery robbery-four accused arrested in Salem


from mathrubhumi.latestnews.rssfeed https://ift.tt/2YlIvwk
via IFTTT