Breaking

Monday, July 29, 2019

‘അഞ്ചുലക്ഷം കോടി ഡോളർ ഇന്ത്യ’ യു.പി.യിലൂടെ -അമിത് ഷാ

ലഖ്നൗ: അഞ്ചുലക്ഷം കോടി ഡോളർ സമ്പദ്‍വ്യവസ്ഥയെന്ന രാജ്യത്തിന്റെ ലക്ഷ്യം സാധ്യമാവുക ഉത്തർപ്രദേശിലൂടെയാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇതിനായി, ഒരുലക്ഷം ഡോളർ സമ്പദ്‌വ്യവസ്ഥയായി സംസ്ഥാനത്തെ വികസിപ്പിച്ച് യു.പി. വലിയ സംഭാവന ചെയ്യുമെന്ന്‌ തനിക്കുറപ്പുണ്ടെന്നും ഷാ പറഞ്ഞു.സംസ്ഥാനത്തെ 65,000 കോടി രൂപയുടെ വ്യാവസായിക പദ്ധതികളുടെ രണ്ടാംഘട്ട തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 250 പദ്ധതികൾക്കാണ്‌ തറക്കല്ലിട്ടത്. ഒട്ടേറെ വ്യവസായികളും പരിപാടിയിൽ പങ്കെടുത്തു. 2018-ലാണ് ആദ്യഘട്ടത്തിന്‌ തറക്കല്ലിട്ടത്. ഇത്തവണയും സംസ്ഥാനത്തേക്കു കൂടുതൽ നിക്ഷേപം കൊണ്ടുവരുകയാണ്‌ ലക്ഷ്യം.അഞ്ചുവർഷത്തിനകം ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ മൂന്ന്‌ സമ്പദ്‌വ്യവസ്ഥകളിലൊന്നാക്കി മാറ്റുകയാണു പ്രധാനമന്ത്രിയുടെ ലക്ഷ്യമെന്ന് അമിത് ഷാ പറഞ്ഞു. “പ്രധാനമന്ത്രിയാകാനുള്ള വഴിയൊരുങ്ങുന്നതു യു.പി.യിലൂടെയാണെന്നു കേട്ടിട്ടുണ്ട്. അതുപോലെ സമ്പദ്‌വ്യവസ്ഥയുടെ ലക്ഷ്യപൂർത്തീകരണവും യു.പി.യിലൂടെത്തന്നെയാണ്‌ കൈവരിക്കാൻ പോവുന്നത്. 14-ാമതു ധനക്കമ്മിഷൻ നിർദേശമനുസരിച്ച് സംസ്ഥാനത്തിനുള്ള ധനവിഹിതം വർധിച്ചിട്ടുണ്ട്. സംസ്ഥാനവികസനത്തിൽ കേന്ദ്രസർക്കാരിനും ഉത്തരവാദിത്വമുണ്ട്” -അദ്ദേഹം പറഞ്ഞു.ലക്ഷം കോടി ഡോളർ സമ്പദ്‌വ്യവസ്ഥയെന്ന ലക്ഷ്യം കൈവരിക്കാനുള്ള ശേഷിയും ആൾബലവും യു.പി.ക്കുണ്ടെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തേ പറഞ്ഞിരുന്നു. ‘ആദിത്യനാഥ് ഒരു നഗരസഭപോലും ഭരിച്ചിട്ടില്ലെങ്കിലും പരമയോഗ്യൻ’ യോഗി ആദിത്യനാഥിനെ യു.പി. മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതിനെക്കുറിച്ച് അമിത് ഷാ വിശദമാക്കി. “ആദിത്യനാഥ് മുഖ്യമന്ത്രിയാകുമെന്ന് ആരും കരുതിയില്ല. അദ്ദേഹം ഒരു നഗരസഭപോലും ഭരിച്ചിട്ടില്ലെന്നും പിന്നെന്തുകൊണ്ടാണ് അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയതെന്നും പലരും ചോദിച്ചു. അതുശരിയാണ്. അദ്ദേഹമൊരു ക്ഷേത്രത്തിന്റെ തലവൻ മാത്രമായിരുന്നു. പക്ഷേ, മോദിയും ഞാനും ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചു. അദ്ദേഹം കഠിനപ്രയത്നം ചെയ്യുന്നയാളും തന്റെ പോരായ്മകൾ കഠിനാധ്വാനത്തിലൂടെ മറികടക്കുന്നവനുമാണ്” -ഷാ പറഞ്ഞു.ആദിത്യനാഥ് സംസ്ഥാനത്ത് ഒട്ടേറെ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്നും രണ്ടുവർഷത്തിനിടെ ക്രമസമാധാനം മെച്ചപ്പെടുത്തിയതിലൂടെ വികസനത്തിന്റെ ഏറ്റവും വലിയ തടസ്സമാണ് അദ്ദേഹം നീക്കിയതെന്നും ഷാ അഭിപ്രായപ്പെട്ടു.


from mathrubhumi.latestnews.rssfeed https://ift.tt/2yhOnfh
via IFTTT