തൃശ്ശൂർ: സംസ്ഥാനത്തെ അണക്കെട്ടുകളിൽ 20 ശതമാനം വെള്ളംമാത്രം. സാധാരണഗതിയിൽ 60 മുതൽ 90 ശതമാനം വെള്ളമുണ്ടാവുന്ന സമയമാണിത്. മൺസൂൺ ദുർബലമായതാണ് അണക്കെട്ടുകളിൽ ജലനിരപ്പ് കുറയാൻ കാരണം. മഴ ശക്തമായില്ലെങ്കിൽ കേരളം കടുത്ത വരൾച്ചയിലേക്കും വൈദ്യുതിക്ഷാമത്തിലേക്കും നീങ്ങും. പ്രധാന അണക്കെട്ടുകളിൽ ഒന്നിൽപ്പോലും 50 ശതമാനത്തിനുമുകളിൽ വെള്ളമില്ല. കഴിഞ്ഞ വർഷം ഈ സമയം അണക്കെട്ടുകളിലെ ജലനിരപ്പ് 60 ശതമാനമായിരുന്നു. 2018 ജൂലായ് 25-ന് അണക്കെട്ടുകളിൽ 1824 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമുണ്ടായിരുന്നു. നിലവിൽ 800 ദശലക്ഷം യൂണിറ്റിനുള്ള വെള്ളംമാത്രമേയുള്ളൂ. ഓഗസ്റ്റ് ആദ്യം മഴ ശക്തമാകുമെന്ന പ്രവചനമുണ്ടെങ്കിലും മഴക്കുറവ് നികത്താൻ പര്യാപ്തമാവുമോ എന്നതിൽ സംശയമുണ്ട്. ഇതുവരെ 27 ശതമാനമാണ് മഴക്കുറവ്. ദിവസം 60 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കേരളത്തിന് ആവശ്യം. ഇതിൽ 30 ശതമാനവും ജലവൈദ്യുതോത്പാദനത്തിലൂടെയാണ്. നിലവിൽ 40 ദിവസം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമേ അണക്കെട്ടുകളിലുള്ളൂ. പകൽ 2600-2700 മെഗാവാട്ട് വൈദ്യുതിയാണ് സംസ്ഥാനത്തിന് ആവശ്യം. ഇതിൽ 1600 മെഗാവാട്ട് കേന്ദ്രവിഹിതമായി ലഭിക്കുന്നുണ്ട്. ആയിരം മെഗാവാട്ട് പുറമേനിന്ന് വാങ്ങുന്നതിനുള്ള ദീർഘകാലകരാറുമുണ്ട്. സംസ്ഥാനത്തെ ജലവൈദ്യുതപദ്ധതികളിൽനിന്ന് 1600 മെഗാവാട്ടാണ് ലഭിക്കുന്നത്. വെള്ളമില്ലാത്തതിനാൽ ഇത് 1000-1200 ആയി കുറച്ചിട്ടുണ്ട്. എന്നാൽ, രാത്രിയിലെ സ്ഥിതി ഇതല്ല. വൈകീട്ട് ആറുമുതൽ രാത്രി 11 വരെയുള്ള സമയത്ത് ആവശ്യം 3800 മെഗാവാട്ടുവരെയായി ഉയരും. 400 മുതൽ 500 മെഗാവാട്ടിന്റെ കുറവാണ് ഈ സമയത്തുണ്ടാകുന്നത്. ഇത് നികത്താൻ പവർ എക്സ്ചേഞ്ചുകളിൽനിന്നാണ് വൈദ്യുതി വാങ്ങുന്നത്. ഇതിന് യൂണിറ്റിന് എട്ടുമുതൽ ഒമ്പതുരൂപവരെ ചെലവുവരും. പുറമേനിന്ന് ഇപ്പോഴത്തേതിനേക്കാൾ 200 മെഗാവാട്ടിൽ കൂടുതൽ വൈദ്യുതി എത്തിക്കാനുള്ള ശേഷി ലൈനുകൾക്കുമില്ല. പരമാവധി 2800 മെഗാവാട്ട് വൈദ്യുതിയേ എത്തിക്കാനാകൂ. ഇതാണ് സംസ്ഥാനം നേരിടുന്ന പ്രതിസന്ധി. ഫലത്തിൽ അണക്കെട്ടുകൾ നിറഞ്ഞില്ലെങ്കിൽ വൈദ്യുതിക്ഷാമം രൂക്ഷമാവും. പവർക്കട്ട് അടക്കമുള്ള കാര്യങ്ങളിലേക്ക് പോകേണ്ടിവരും.മഴയില്ലെങ്കിൽ വിതരണം ക്രമീകരിക്കേണ്ടിവരുംമഴ ആവശ്യത്തിന് ലഭിച്ചില്ലെങ്കിൽ വൈദ്യുതിവിതരണം ക്രമീകരിക്കേണ്ടിവരും. ഓഗസ്റ്റ് മൂന്നിന് സാഹചര്യങ്ങൾ അവലോകനം ചെയ്യാനും ഭാവിപരിപാടികൾ തീരുമാനിക്കാനും ഉന്നതതലയോഗംചേരും. വരുംമാസങ്ങളിൽ മഴ ശക്തമായില്ലെങ്കിൽ ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തേണ്ടിവരും. തുലാവർഷം എങ്ങനെയായിരിക്കുമെന്നും പറയാനാവില്ല. അങ്ങനെയായാൽ പുറമേനിന്ന് വാങ്ങുന്ന വൈദ്യുതിപോലും തികയാതെവരും. -എൻ.എസ്. പിള്ള, കെ.എസ്.ഇ.ബി. ചെയർമാൻ പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് (ശതമാനത്തിൽ)പെരിങ്ങൽക്കുത്ത് 62ലോവർപെരിയാർ 55കുറ്റ്യാടി 49നേര്യമംഗലം 45തരിയോട് 36പൊൻമുടി 27ഷോളയാർ 24ഇടുക്കി 20ഇടമലയാർ 18കക്കാട് 18പമ്പ 17കക്കി 16.5കുണ്ടള 16മാട്ടുപ്പെട്ടി 10ആനയിറങ്ങൽ 4മഴക്കുറവ് ജില്ലതിരിച്ച് (ശതമാനം)വയനാട് 52ഇടുക്കി 42പത്തനംതിട്ട 34തൃശ്ശൂർ 34കൊല്ലം 32മലപ്പുറം 28പാലക്കാട് 26എറണാകുളം 25ആലപ്പുഴ 24തിരുവനന്തപുരം 19കോട്ടയം 18കണ്ണൂർ 12കാസർകോട് 11കോഴിക്കോട് 7
from mathrubhumi.latestnews.rssfeed https://ift.tt/2Guvla0
via
IFTTT