Breaking

Monday, July 29, 2019

30 മണിക്കൂറിലേറെ യാത്രക്കാരെ ദുരിതത്തിലാക്കിയ ‘എയർ ഇന്ത്യ’ ഒടുവിൽ പറന്നു

ദുബായ്: ശനിയാഴ്ച ഉച്ചയ്ക്ക് കൊച്ചിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ ഡ്രീം ലൈനർ വിമാനം ഒടുവിൽ 30 മണിക്കൂറിലേറെ വൈകി ഞായറാഴ്ച രാത്രി പറന്നു.യന്ത്രത്തകരാറിനെത്തുടർന്നാണ് വിമാനത്തിന്റെ യാത്ര മുടങ്ങിയത്. പെട്ടെന്ന് ശരിയാകുമെന്ന് കരുതിയ ഇരുനൂറിലേറെ യാത്രക്കാർ ഒടുവിൽ മുപ്പത് മണിക്കൂറിലേറെ ദുരിതത്തിലായി.ശനിയാഴ്ച ഉച്ചയ്ക്ക് കൊച്ചിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എ.ഐ 934 വിമാനമാണ് ദുരിതം നൽകിയത്. ഒന്നര മണിയോടെ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയ യാത്രക്കാർ വിമാനത്തിൽ കയറിയിരുന്നു. എന്നാൽ ചില സാങ്കേതികത്തകരാറുകൾ കാരണം വിമാനം അനങ്ങിയില്ല. മൂന്ന് മണിക്കൂറോളം വിമാനത്തിൽ തന്നെ ഇരിക്കേണ്ടിവന്ന യാത്രക്കാരെ തുടർന്ന് തിരിച്ചിറക്കി. അത്യാവശ്യമായി നാട്ടിൽ എത്തേണ്ടിയിരുന്ന 27 പേരെ ഷാർജയിൽ നിന്നുള്ള വിമാനത്തിൽ കയറ്റി വിട്ടു. ചിലർ ടിക്കറ്റ് റദ്ദാക്കി പണം തിരിച്ചുവാങ്ങി. അടുത്ത് താമസിച്ച ചിലർ സ്വന്തം സ്ഥലത്തേക്ക് പോയി. എന്നാൽ വൈകാതെ ശരിയാകുമെന്ന വിശ്വാസത്തിൽ വിമാനത്താവളത്തിൽ തന്നെ തുടർന്ന യാത്രക്കാരെ, വിശേഷിച്ചും വടക്കൻ എമിറേറ്റുകളിൽ നിന്ന് വന്നവരെ വൈകീട്ടോടെ ദുബായ് ഇന്റർനാഷനൽ എയർപോർട്ട് ഹോട്ടലിലേക്ക് മാറ്റി. എന്നാൽ പലരും പകരം വസ്ത്രം പോലും ഇല്ലാതെയായിരുന്നു വിമാനത്താവളത്തിൽ എത്തിയത്. ബാഗേജുകളെല്ലാം നേരത്തെതന്നെ വിമാനത്തിൽ കയറ്റിയിരുന്നതിനാൽ പലരും അത്യാവശ്യകാര്യങ്ങൾക്ക് പോലും ബുദ്ധിമുട്ടി. മൂന്ന് കുട്ടികളുമായി യാത്ര ചെയ്യാനിരുന്ന അമ്മമാരും ഗർഭിണികളുമെല്ലാം യാത്രക്കാരിൽ ഉൾപ്പെട്ടിരുന്നു.വിമാനത്തിന്റെ യന്ത്രത്തകരാർ പരിഹരിക്കാൻ മുംബൈയിൽ നിന്ന് എൻജിനീയർമാർ വൈകീട്ടോടെ എത്തിയെങ്കിലും നടപടിക്രമങ്ങൾ കാരണം അറ്റകുറ്റപ്പണി പെട്ടെന്ന് നടത്താനായില്ല. ഇതിനിടയിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെയും ചിലർ പ്രശ്നം ധരിപ്പിച്ചു. അദ്ദേഹത്തിന്റെ ഇടപെടലും കൂടിയായതോടെ കാര്യങ്ങൾക്ക് വേഗം കൂടി. വൈകീട്ട് ഏഴ് മണിയോടെ വിമാനം പുറപ്പെടുമെന്നായിരുന്നു അറിയിപ്പെങ്കിലും എട്ട് മണിക്കും ചെക്ക് ഇൻ നടപടി തുടരുകയായിരുന്നു. ഇതിനിടയിൽ റൺവേയിൽ സ്ലോട്ട് കിട്ടാനുള്ള ബുദ്ധിമുട്ടും വിമാനം പുറപ്പെടുന്നതിന് തടസ്സമായി.


from mathrubhumi.latestnews.rssfeed https://ift.tt/2MoqJpF
via IFTTT