കാസർകോട്: ബദിയടുക്ക കന്യാപ്പടിയിൽ സഹോദരങ്ങൾ പനിബാധിച്ച് മരിച്ച സംഭവത്തിൽ രോഗകാരണം വൈറസ് അല്ലെന്ന് മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനാ റിപ്പോർട്ട്. ബർഖോൾഡെറിയ സ്യൂഡോമില്ലി എന്ന ബാക്ടീരിയയാണ് രോഗകാരിയെന്നും മണിപ്പാലിലെ റിപ്പോർട്ടിലുണ്ട്. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ റിപ്പോർട്ട് വന്നതിനുശേഷമാകും ഇക്കാര്യം സ്ഥിരീകരിക്കുക. ഈ ബാക്ടീരിയ കാരണമുണ്ടാകുന്ന മെലീഡിയോസിസ് രോഗമാണ് കുട്ടികൾക്ക് ബാധിച്ചതെന്നാണ് മംഗളൂരു ഫാ. മുള്ളേഴ്സ് ആസ്പത്രിയിലെ റിപ്പോർട്ടിലുമുള്ളത്. രോഗപ്രതിരോധശേഷി കുറഞ്ഞവരിൽ, പ്രത്യേകിച്ചും പ്രതിരോധശേഷി കുറഞ്ഞ കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, അസുഖം ബാധിച്ചവർ എന്നിവരിൽ ഈ രോഗം മാരകമായേക്കാം. സാധാരണക്കാരിൽ ആന്റിബയോട്ടിക് ഉപയോഗിച്ച് രോഗം ഭേദമാക്കാനാകും. രോഗത്തെക്കുറിച്ച് വ്യക്തതവന്നതോടെ ബാക്ടീരിയയുടെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകൾ ആരംഭിച്ചു. ആരോഗ്യവകുപ്പിലെ വിദഗ്ധസംഘം സ്ഥലം സന്ദർശിച്ചു. സ്റ്റേറ്റ് എപ്പിഡെമോളജിസ്റ്റ് ഡോ. എ.സുകുമാരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ലയിലെത്തിയത്. പുത്തിഗെ മുഗു റോഡിൽ കുട്ടികൾ താമസിച്ചിരുന്ന സ്ഥലത്തെ വെള്ളം, മണ്ണ്, പൂച്ച, ആട് ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങളുടെ രക്തസാമ്പിൾ എന്നിവ സംഘം ശേഖരിച്ചു. മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ മൈക്രോബയോളജിസ്റ്റ് അനൂപ് ജയറാം, എപ്പിഡെമോളജിസ്റ്റ് ഡോ. എസ്.റോബിൻ, ഡോ. ആരതി രഞ്ജിത്, ഫ്ളോറി ജോസഫ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. നിലവിൽ ജനങ്ങൾ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും രോഗകാരിയേതെന്നും അതിന്റെ ഉറവിടമെവിടെയെന്നും കണ്ടെത്താനുള്ള പരിശോധനകളാണ് നടത്തുന്നതെന്നും ഡോ. എ.സുകുമാരൻ പറഞ്ഞു. content highlights:kasargod bediyaduka fever death
from mathrubhumi.latestnews.rssfeed https://ift.tt/2ZeP4SF
via
IFTTT