Breaking

Monday, July 29, 2019

55 വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ ടെന്നീസ് ടീം പാകിസ്താനിലേക്ക്

ന്യൂഡൽഹി: ഡേവിസ് കപ്പ് കളിക്കാൻ ഇന്ത്യൻ ടെന്നീസ് ടീം പാകിസ്താനിലെത്തും. അഖിലേന്ത്യാ ടെന്നീസ് അസോസിയേഷൻ സെക്രട്ടറി ജനറൽ ഹിരൺമോയി ചാറ്റർജിയാണ് ഇക്കാര്യം അറിയിച്ചത്. 55 വർഷത്തിനുശേഷമാണ് ഇന്ത്യൻ ടീമിന്റെ പാക് സന്ദർശനം. അതേ, നമ്മൾ പോകുന്നു. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള പരമ്പരയല്ല, ടെന്നീസിന്റെ ലോകകപ്പാണ്. കേന്ദ്രസർക്കാരുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല. പക്ഷേ, ഒരു ലോക ഇവന്റ് ആയതിനാൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ചാർട്ടർ അനുസരിച്ചേ പറ്റൂ- ചാറ്റർജി വ്യക്തമാക്കി. ആറ് കളിക്കാരും പരിശീലകനും സപ്പോർട്ട് സ്റ്റാഫും ഉൾപ്പെട്ട സംഘമാണ് പാകിസ്താനിലെത്തുക. സെപ്റ്റംബർ 14, 15 തീയതികളിൽ ഇസ്ലാമാബാദിലെ പാകിസ്താൻ സ്പോർട്സ് കോംപ്ലക്സിലാണ് ഏഷ്യ-ഓഷ്യാനിയ ഗ്രൂപ്പ് 1 എവേ മത്സരം. ലോകകപ്പ് കളിക്കാൻ പാകിസ്താൻ ഹോക്കി ടീം ഇന്ത്യയിലെത്തിയ കാര്യം ചാറ്റർജി ഓർമിപ്പിച്ചു. അതുകൊണ്ട് തങ്ങളും പാകിസ്താനിലേക്ക് പോകുന്നു. ടീമിനൊപ്പം താനുമുണ്ടാകുമെന്നും ചാറ്റർജി അറിയിച്ചു. ഈ വർഷം ഫെബ്രുവരിയിലാണ് ഡേവിസ് കപ്പിന്റെ നറുക്കെടുപ്പ് നടന്നത്. പുൽവാമ ഭീകരാക്രമണത്തിനുശേഷം, ഇന്ത്യൻ ടീമിന്റെ യാത്ര അനിശ്ചിതത്വത്തിലായിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ടെന്നീസ് അസോസിയേഷൻ മാത്രമാണ് തീരുമാനം എടുക്കേണ്ടതെന്ന് കഴിഞ്ഞ മാസം കായികമന്ത്രാലയം നിലപാട് എടുത്തിരുന്നു. ടീം തിരഞ്ഞെടുപ്പിലോ ടൂർണമെന്റുകളിൽ വിവിധ രാജ്യങ്ങളിൽ പങ്കെടുക്കുന്ന കാര്യത്തിലോ കായികമന്ത്രാലയം ഇടപെടാറില്ലെന്ന് അസോസിയേഷൻ വ്യക്തമാക്കി. ഈ മാസം 22-ന് അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷൻ (ഐ.ടി.എഫ്.) പ്രതിനിധികൾ പാകിസ്താൻ സന്ദർശിച്ച് സുരക്ഷാ കാര്യങ്ങൾ പരിശോധിച്ചിരുന്നു. അത് അനുകൂലമായ ശേഷമാണ് ഇന്ത്യ നിലപാട് പരസ്യമാക്കിയത്. പാകിസ്താൻ ടെന്നീസ് ഫെഡറേഷനുമായി ഇന്ത്യ ബന്ധപ്പെട്ടു. അവർ ക്ഷണക്കത്ത് അയക്കുകയും ചെയ്തു. ഇതോടെ ഇന്ത്യ വിസാനടപടികളുമായി മുന്നോട്ടുപോവുകയാണ്. വിസ ലഭിക്കാൻ ഒരു മാസത്തോളം എടുക്കും. ഡേവിസ് കപ്പിൽ ഇന്ത്യ പാകിസ്താനുമായി ഒടുവിൽ കളിച്ചത് 2006-ലാണ്. മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങളിൽ ഇന്ത്യ 3-2ന് ജയിച്ചു. ഇതോടെ, പാകിസ്താനെതിരേ ഡേവിസ് കപ്പിൽ ഇന്ത്യയുടെ ആകെ വിജയം 6-0 ആയി. ഒരു വ്യാഴവട്ടം 2007ൽ ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്താൻ സന്ദർശിച്ചിരുന്നു. അതിനുശേഷം, ഒരു കായിക ഇനത്തിലും ഇന്ത്യൻ ടീം അവിടേക്ക് പോയിട്ടില്ല. 2008-ലെ മുംബൈ ഭീകരാക്രമണത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള എല്ലാ കായികമത്സരങ്ങളും ഇന്ത്യ റദ്ദാക്കി. 2009ൽ ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്താൻ സന്ദർശിക്കാൻ പദ്ധതിയിട്ടിരുന്നു. ഇന്ത്യക്ക് പകരമെത്തിയ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിനു നേരേ ഭീകരാക്രമണം നടന്നു. പരിക്കുകളുമായി ലങ്കൻ താരങ്ങൾ ഒരുവിധമാണ് രക്ഷപ്പെട്ടത്. അതോടെ, പാകിസ്താന്റെ ആതിഥേയമോഹങ്ങളും ഇല്ലാതായി. 2011 ലോകകപ്പ് ക്രിക്കറ്റിന്റെ സംയുക്ത ആതിഥേയ സ്ഥാനത്തുനിന്നും പാകിസ്താനെ ഒഴിവാക്കി. ആ ലോകകപ്പിന്റെ സെമിയിൽ മൊഹാലിയിൽ ഇന്ത്യ പാകിസ്താനെ നേരിടുമ്പോൾ ഇരുരാജ്യങ്ങളുടെയും പ്രധാനമന്ത്രിമാർ സാക്ഷികളായിരുന്നു. പുൽവാമ ഭീകരാക്രമണത്തെത്തുടർന്ന്, കഴിഞ്ഞ ലോകകപ്പിൽ പാകിസ്താനെതിരായ മത്സരം ബഹിഷ്കരിക്കണമെന്ന് രാജ്യത്ത് ആവശ്യമുയർന്നിരുന്നു. എന്നാൽ, മത്സരം നടന്നു. ഇന്ത്യ ജയിക്കുകയും ചെയ്തു. Content Highlights: Indian tennis team to travel to Pakistan for first time in 55 years


from mathrubhumi.latestnews.rssfeed https://ift.tt/2KdjUEM
via IFTTT