Breaking

Saturday, July 27, 2019

ഐ.പി.എൽ. മാതൃകയിൽ വള്ളംകളി നടത്താൻ സർക്കാർ തീരുമാനം

പൊന്നാനി: ടൂറിസം വകുപ്പിന്റെ സ്വപ്നപദ്ധതിയായ ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ നടത്തിപ്പിന് സർക്കാരിന്റെ മേൽനോട്ടത്തിൽ കമ്പനി രൂപവത്കരിക്കുന്നതിന് മന്ത്രിസഭായോഗം അംഗീകാരംനൽകി. കേരള വിനോദസഞ്ചാരവകുപ്പ് സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ സുഗമമായ നടത്തിപ്പിനാണ് കമ്പനി രൂപവത്കരിക്കുന്നത്. നിലവിലുള്ള ചുണ്ടൻ വള്ളംകളികൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ലീഗ് നടത്തുന്നത്. ബോട്ട് ലീഗിന്റെ നടത്തിപ്പിനായി ഏജൻസിയെ തിരഞ്ഞെടുക്കാൻ ടെക്നിക്കൽ ഇവാല്യുവേഷൻ കമ്മിറ്റി രൂപവത്കരിക്കുകയും കൺസോർഷ്യത്തെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. വിനോദസഞ്ചാര വകുപ്പിന് നേരിട്ട് ചാമ്പ്യൻസ് ബോട്ട് ലീഗ് സംഘടിപ്പിക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് സർക്കാരിന്റെ മേൽനോട്ടത്തിൽ കമ്പനി രൂപവത്കരിക്കുന്നത്. ടൂറിസം മന്ത്രി, ധനമന്ത്രി, ടൂറിസം സെക്രട്ടറി, ധനകാര്യ സെക്രട്ടറി, കെ.ടി.ഐ.എൽ. ചെയർമാൻ എന്നിവരാണ് കമ്പനി ഡയറക്ടർ ബോർഡ് അംഗങ്ങൾ. മൂന്നുമാസം നീളുന്ന സി.ബി.എല്ലിൽ ഒമ്പത് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. 12 വാരാന്ത്യങ്ങളിൽ 12 വേദികളിലായി 12 മത്സരങ്ങളാണ് സി.ബി.എല്ലിൽ ഉണ്ടാകുന്നത്. ഓഗസ്റ്റ് 10 മുതൽ നവംബർ ഒന്നുവരെയാണ് മത്സരങ്ങൾ. ഓഗസ്റ്റ് 10-ന് ആലപ്പുഴ പുന്നമടക്കായലിൽ നെഹ്രു ട്രോഫി വള്ളംകളിക്കൊപ്പമാണ് ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ആദ്യമത്സരം തുടങ്ങുന്നത്. നവംബർ ഒന്നിന് കേരളപ്പിറവിദിനത്തിൽ കൊല്ലത്തു നടക്കുന്ന പ്രസിഡൻറ്സ് ബോട്ട് റെയ്സിനൊപ്പം സി.ബി.എൽ സമാപിക്കും. ഇതിനിടെ വരുന്ന വാരാന്ത്യങ്ങളിലാണ് ബാക്കി മത്സരങ്ങൾ. പുളിങ്കുന്ന്-ആലപ്പുഴ (ഓഗസ്റ്റ്-17), താഴത്തങ്ങാടി-കോട്ടയം (ഓഗസ്റ്റ്-24), പിറവം- എറണാകുളം (ഓഗസ്റ്റ്-31), മറൈൻഡ്രൈവ്- എറണാകുളം (സെപ്റ്റംബർ-7), കോട്ടപ്പുറം-തൃശ്ശൂർ (സെപ്റ്റംബർ-21), പൊന്നാനി-മലപ്പുറം (സെപ്റ്റംബർ-28), കൈനകരി-ആലപ്പുഴ (ഒക്ടോബർ-5), കരുവാറ്റ-ആലപ്പുഴ (ഒക്ടോബർ-12), കായംകുളം-ആലപ്പുഴ (ഒക്ടോബർ-19), കല്ലട-കൊല്ലം (ഒക്ടോബർ-26) എന്നിങ്ങനെയാണ് മത്സരത്തീയതികൾ. ഉച്ചതിരിഞ്ഞ് 2.30 മുതൽ അഞ്ചുമണിവരെയാണ് എല്ലാമത്സരങ്ങളും നടക്കുന്നത്. ജേതാക്കൾക്ക് 25 ലക്ഷം രൂപയാണ് സമ്മാനത്തുക. രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 15, 10 ലക്ഷം രൂപവീതം സമ്മാനമായി ലഭിക്കും. content highlights: IPL-model boat race


from mathrubhumi.latestnews.rssfeed https://ift.tt/2Gw4quE
via IFTTT