Breaking

Wednesday, July 31, 2019

മരണത്തോട് മല്ലടിച്ച് ഉന്നാവോയിലെ പെൺകുട്ടി

ലഖ്നൗ: ലഖ്നൗവിലെ കെ.ജി.എം.യു. ട്രോമ സെന്ററിലെ വെന്റിലേറ്ററിൽ ഉന്നാവോയിലെ പെൺകുട്ടി മറ്റൊരു പോരാട്ടത്തിലാണ്. പിച്ചിച്ചീന്തിയവർക്കെതിരേ രണ്ടുവർഷമായി തുടരുന്ന പ്രതിരോധത്തിന്റെ ബാക്കിപത്രം. ജീവൻ നിലനിർത്താനാണ് ഇത്തവണത്തെ പോരാട്ടമെന്നുമാത്രം. ഉന്നാവോ ബലാത്സംഗക്കേസിലെ പരാതിക്കാരിയായ പെൺകുട്ടി സഞ്ചരിച്ച കാറിൽ ഞായറാഴ്ചയാണ് റായ്ബറേലിയിൽ വെച്ച് ട്രക്കിടിച്ചുകയറിയത്. കൊലപാതകശ്രമമെന്ന് സംശയിക്കുന്ന വാഹനാപകടത്തിൽ തോളെല്ലിലും വാരിയെല്ലിലും വലതു തുടയെല്ലിലും പൊട്ടലുണ്ട്. ആന്തരികാവയവങ്ങൾക്കും പരിക്കേറ്റു. വാരിയെല്ലുകളിലൊന്ന് ശ്വാസകോശത്തിൽ തുളച്ചു കയറി. അതിനാൽ ശ്വസിക്കാൻ സാധിക്കുന്നില്ലെന്ന് ആശുപത്രിയിലെ ശസ്ത്രക്രിയാവിഭാഗം തലവൻ ഡോ. സന്ദീപ് തിവാരി പറഞ്ഞു. ഒപ്പം വാഹനത്തിലുണ്ടായിരുന്ന അഭിഭാഷകന്റെയും നില അതിഗുരുതരമാണ്. 13 എല്ലുകൾക്കു പൊട്ടലേറ്റു. തലയ്ക്കും പരിക്കുണ്ട്. ഇരുവരുടെയും ചികിത്സരച്ചെലവ് വഹിക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. ഇവർക്കൊപ്പമുണ്ടായിരുന്ന ബന്ധുക്കളായ രണ്ടുസ്ത്രീകൾ അപകടത്തിൽ മരിച്ചിരുന്നു. ബലാത്സംഗക്കേസിൽ പ്രതിയായ ബി.ജെ.പി. എം.എൽ.എ. കുൽദീപ് സിങ് സേംഗറിൽനിന്ന് ഇവർക്കു ഭീഷണിയുണ്ടായിരുന്നു. ഇരയെ ഇല്ലാതാക്കാനുള്ള ആസൂത്രിത അപകടമാണെന്ന ആരോപണത്തെത്തുടർന്ന് സേംഗറടക്കം പത്തുപേർക്കെതിരേ പോലീസ് കൊലക്കുറ്റത്തിനു കേസെടുത്തു. ഈ കേസിന്റെ അന്വേഷണം സി.ബി.ഐ.ക്കു വിട്ടുകൊണ്ടുള്ള ശുപാർശ കേന്ദ്രസർക്കാരിന് അയച്ചതായി യു.പി.യിലെ ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി അരവിന്ദ് കുമാർ പറഞ്ഞു. അതുവരെ കേസ് അന്വേഷിക്കാൻ അഡീഷണൽ എസ്.പി. ഷാഹി ശെക്താറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിനു (എസ്.ഐ.ടി.) രൂപം നൽകി. ദേശീയ വനിതാകമ്മിഷൻ സംഘം ആശുപത്രിയിൽ പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചു. റായ്ബറേലി ജയിലിൽ കഴിയുന്ന പെൺകുട്ടിയുടെ അമ്മാവൻ മഹേഷ് സിങ്ങിന് ഒരുദിവസത്തെ പരോളനുവദിച്ചിട്ടുണ്ട്. അപകടത്തിൽ മരിച്ചവരിലൊരാൾ ഇദ്ദേഹത്തിന്റെ ഭാര്യയാണ്. ശവസംസ്കാരത്തിൽ പങ്കെടുക്കാനാണ് അനുമതി. കുൽദീപ് സസ്പെൻഷനിലെന്നു ബി.ജെ.പി. കുൽദീപ് സിങ് സേംഗറിനെ പാർട്ടി നേരത്തേ സസ്പെൻഡു ചെയ്തതാണെന്നും നിലപാടിൽ മാറ്റമില്ലെന്നും യു.പി. ബി.ജെ.പി. അധ്യക്ഷൻ സ്വതന്ത്രദേവ് സിങ്. പാർട്ടിയും സർക്കാരും ഇരയ്ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. സേംഗറിനെ ബി.ജെ.പി. സംരക്ഷിക്കുകയാണെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കിടെയാണു പാർട്ടിയധ്യക്ഷന്റെ പ്രസ്താവന. Content Highlights:Unnao rape survivor battles for her life


from mathrubhumi.latestnews.rssfeed https://ift.tt/2LRLr24
via IFTTT