Breaking

Tuesday, July 30, 2019

ഉന്നതോര്‍ജ്ജ കോസ്മിക് കിരണങ്ങളുടെ ഉത്ഭവ രഹസ്യവുമായി മലയാളി ഉള്‍പ്പെട്ട സംഘം

കോഴിക്കോട്: ഒരു നൂറ്റാണ്ടിലേറെയായി ശാസ്ത്രലോകത്തിന് പിടികൊടുക്കാത്ത പ്രശ്നം പരിഹരിക്കാൻ വഴി തുറന്ന് മലയാളി ഗവേഷകൻ ഉൾപ്പെട്ട ഇന്തോ-ജർമൻ സംഘം. പ്രപഞ്ചത്തിൽ ഉന്നതോർജ കോസ്മിക് കിരണങ്ങളുടെ ഉത്ഭവരഹസ്യം മനസിലാക്കാൻ സഹായിക്കുന്ന മുന്നേറ്റമാണ് ഗവേഷകർ നടത്തിയത്. ചാർജുള്ള കണങ്ങളാണ് കോസ്മിക് കിരണങ്ങൾ. ബാഹ്യപ്രപഞ്ചത്തിൽ ഏല്ലാ ദിക്കിൽനിന്നും ഏതാണ്ട് പ്രകാശവേഗത്തിൽ ഭൗമാന്തരീക്ഷത്തിൽ ഇത്തരം കണങ്ങൾ പതിക്കുന്നു. ഇവയിൽ ശക്തികുറഞ്ഞവ സൂര്യനിൽ നിന്നും മറ്റും വരുന്നതായി കണ്ടിട്ടുണ്ടെങ്കിലും, ഉന്നതോർജ കണങ്ങളുടെ ഉറവിടം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തിലാണ്, ഡോ.സുരജിത് പോൾ നേതൃത്വം നൽകുന്ന സംഘം പുതിയ മുന്നേറ്റം നടത്തിയത്. സാവിത്രിഭായ് ഫുലെ യൂണിവേഴ്സിറ്റിയിലെ ഗവേഷകനും, പൂണെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആന്റ് അസ്ട്രോഫിസിക്സിലെ (IUCAA) അസോസിയേറ്റുമാണ് ഡോ.പോൾ. പ്രപഞ്ചത്തിൽ ഗാലക്സി ക്ലസ്റ്ററുകൾ ഒത്തുചേരുന്ന ഇടങ്ങളിൽ നിന്ന്, ആ ഒത്തുചേരൽ പൂർത്തിയായി ഏതാണ്ട് 150 കോടി വർഷം കഴിഞ്ഞ് ഉന്നതോർജ്ജ കോസ്മിക് കിരണങ്ങൾ പുറത്തുവരുന്നു എന്നാണ് പഠനത്തിൽ കണ്ടത്. ഇതെപ്പറ്റി മന്ത്ലി നോട്ടീസസ് ഓഫ് ദി റോയൽ അസ്ട്രോണമിക്കൽ സൊസൈറ്റിയിൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ടിന്റെമുഖ്യരചയിതാവ് മലയാളിയായ റജു സാം ജോൺ ആണ്. ഡോ.സുരജിത് പോൾ നമ്മുടെ ആകാശഗംഗ പോലെ ആയിരക്കണക്കിന് ഗാലക്സികൾ ഉൾപ്പെട്ടതാണ് ഗാലക്സി ക്ലസ്റ്ററുകൾ. അവ പരസ്പരം കൂടിച്ചേരുന്ന ഇടങ്ങൾ അത്യന്തം പ്രക്ഷുബ്ധമായിരിക്കും. അത്തരം സംഘർഷഭരിതമായ ഇടങ്ങളിൽ നിന്ന് എക്സ് കിരണങ്ങളും കോസ്മിക് കിരണങ്ങളും പുറത്തുവരും എന്നാണ് പൊതുവെ കരുതുന്നത്. എന്നാൽ, ടെലസ്കോപ്പുകൾ ഉപയോഗിച്ച് ഇത്രകാലവും നടത്തിയ നിരീക്ഷണങ്ങളിലൊന്നും അത്തരം സ്ഥലങ്ങളിൽ ഉന്നതോർജ്ജ കോസ്മിക് കിരണങ്ങളെ കണ്ടിട്ടില്ല. ടെലസ്കോപ്പുകളുപയോഗിച്ച് തെറ്റായ ഇടങ്ങളിലാണ് നാം നിരീക്ഷണം നടത്തുന്നത് എന്നാണ് ഞങ്ങളുടെ കമ്പ്യൂട്ടർ പഠനം വ്യക്തമാക്കുന്നത്-ഡോ. പോൾ പറഞ്ഞു. ഡോ.പോളും ഡോ.റജുവും ഇന്റർ യൂണിവേഴ്സിറ്റി സെന്ററിലെ സൂപ്പർകമ്പ്യൂട്ടിങ് സംവിധാനത്തിലാണ് മാതൃകാപഠനം നടത്തിയത്. ഡോ.പോളിന്റെ മുൻ പി.എച്ച്.ഡി.വിദ്യാർഥിയും ഇപ്പോൾ ഇന്റർ യൂണിവേഴ്സിറ്റി സെന്ററിലെ പോസ്റ്റ് ഡോക്ടറൽ ഗവേഷകനുമാണ് തിരുവല്ല സ്വദേശിയായ ഡോ.റജു. ഡോ. റജു സാം ജോൺ പ്രപഞ്ചത്തിൽ കോടിക്കണക്കിന് പ്രകാശവർഷം വിസ്താരമുള്ള പ്രദേശം സവിശേഷ ആൽഗരിതങ്ങളുടെ സഹായത്തോടെ സൂപ്പർകമ്പ്യൂട്ടറിൽ പുനസൃഷ്ടിക്കുകയാണ് ഗവേഷകർ ചെയ്തത്. ആയിരം പ്രൊസസറുകൾ അടങ്ങിയ സൂപ്പർ കമ്പ്യൂട്ടറിന് മൂന്നുമാസം പ്രവർത്തിക്കേണ്ടി വന്നു, ഉന്നതോർജ്ജ കോസ്മിക് കിരണങ്ങളുടെ ഉത്ഭവ മാതൃക സൃഷ്ടിക്കാൻ. ശക്തിയേറിയ ഒരു വർക്ക്സ്റ്റേഷൻ കമ്പ്യൂട്ടറാണ് ഉപയോഗിച്ചിരുന്നതെങ്കിൽ, ഗാലക്സി ക്ലസ്റ്ററുകളുടെ ഈ കമ്പ്യൂട്ടർ മാതൃക സൃഷ്ടിക്കാൻ 250 വർഷം വേണ്ടി വരുമായിരുന്നു. ഇത്തരം പല മാതൃകകൾ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ സൃഷ്ടിച്ച് ഞങ്ങൾ പഠനം നടത്തി-ഡോ.റജു അറിയിച്ചു. ഇത്തരത്തിൽ സൃഷ്ടിച്ച ഡിജിറ്റൽ പ്രപഞ്ചഭാഗത്ത് ഗാലക്സി ക്ലസ്റ്ററുകൾ പ്രക്ഷുബ്ധമായി കൂടിച്ചേരുമ്പോൾ എന്താണ് സംഭവിക്കുകയെന്ന് ഗവേഷകർ പഠിച്ചു. കൗതുകകരമായ ഫലമാണ് ലഭിച്ചത്. മുമ്പ് ടെലസ്കോപ്പുകൾ നിരീക്ഷിച്ച അതേ രീതിയിൽ തന്നെ ഡിജിറ്റൽ പ്രപഞ്ചത്തിലും എക്സ് കിരണങ്ങൾ ഉത്ഭവിക്കുന്നതായി കണ്ടു. എന്നാൽ, അതുകഴിഞ്ഞ് 50 കോടി വർഷം കഴിഞ്ഞാണ് ഉന്നതോർജ്ജ കോസ്മിക് കിരണങ്ങൾ പ്രത്യക്ഷപ്പെടുന്നത്! എന്തുകൊണ്ട് ഈ കാലതാമസം? ഗാലക്സി ക്ലസ്റ്ററുകൾ കൂടിച്ചേരുന്നിടത്ത് നൂറുകോടി വർഷം കഴിഞ്ഞ് എക്സ്റേകൾ പുറത്തുവരും, 150 കോടി വർഷം കഴിഞ്ഞ് കോസ്മിക് കിരണങ്ങളും-ഡോ.റജു അറിയിക്കുന്നു. പുതിയതായി ഗാലക്സി ക്ലസ്റ്ററുകൾ കൂടിച്ചേരുന്നിടത്ത് കോസ്മിക് കിരണങ്ങളെ തിരഞ്ഞിട്ട് കാര്യമില്ല എന്നുസാരം! ഗാലക്സി ക്ലസ്റ്ററുകൾ സംഘർഷഭരിതമായി കൂടിച്ചേരുന്ന ഇടങ്ങളിൽ, കേന്ദ്രഭാഗത്തു നിന്ന് പ്രകമ്പന തരംഗങ്ങൾ (വെീരസ ംമ്ല)െ വെളിയിൽ വരാൻ 150 കോടി വർഷമെടുക്കും എന്നാണ് കമ്പ്യൂട്ടർ പഠനത്തിൽ കണ്ടത്. കോസ്മിക് കിരണങ്ങൾ പ്രത്യക്ഷപ്പെടാനുള്ള കാലതാമസം എന്തുകൊണ്ടെന്ന ചോദ്യത്തിന് ഇത് വിശദീകരണം നൽകുന്നു. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലെ ഡോ. ഹരീഷ് കുമാർ, ജർമ്മൻ ശാസ്ത്രജ്ഞരായ ഡോ.ലൂയിജി ഇയാവിച്ചാനോ, പ്രൊഫ. കാൾ മാൻഹൈം എന്നിവരാണ് ഡോ. റജുവിനെ കൂടാതെ സംഘത്തിലുള്ളത്. തിരുവല്ല കരിക്കോട്ടു വീട്ടിൽ ജോണിക്കുട്ടി സാമുവലിന്റെയും റെജിയുടെയും മകനാണ് ഡോ.റജു. ന്യൂസിലാന്റിൽ ഗവേഷകയായ ഡോ.മെലിൻഡ മറിയം തോമസ് ആണ് ഭാര്യ. content highlights:Science Matters , Galaxy clusters, Cosmic rays, Indian Scientists, Source of Cosmic Rays,Indian Scientists discover vital clues to identify the source of the highest energy cosmic rays


from mathrubhumi.latestnews.rssfeed https://ift.tt/2MqWoXQ
via IFTTT