Breaking

Tuesday, July 30, 2019

എൽദോ എബ്രഹാം എം.എൽ.എ.യുടെ കൈക്ക് പൊട്ടലുണ്ടെന്ന് സി.ടി. സ്കാൻ

കൊച്ചി: ഡി.ഐ.ജി. ഓഫീസ് മാർച്ചിൽ നടന്ന ലാത്തിച്ചാർജിൽ കൈക്ക് പൊട്ടലുണ്ടായി എന്ന് തെളിയിക്കുന്ന സി.ടി. സ്കാൻ റിപ്പോർട്ട് എൽദോ എബ്രഹാം എം.എൽ.എ. കളക്ടർക്ക് നൽകി. തിങ്കളാഴ്ച കളക്ടറേറ്റിലെത്തിയാണ് എം.എൽ.എ. റിപ്പോർട്ട് നൽകിയത്. അപ്പോഴേക്കും ജില്ലാ കളക്ടർ എസ്. സുഹാസ്, ലാത്തിച്ചാർജ് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചു കഴിഞ്ഞിരുന്നു.മൂവാറ്റുപുഴയിലെ ഒരു സ്വകാര്യ ആസ്പത്രിയിൽനിന്നുള്ള സി.ടി. സ്കാൻ റിപ്പോർട്ടാണ് കളക്ടർക്ക് നൽകിയിരിക്കുന്നത്. റിപ്പോർട്ടിൽ എം.എൽ.എ.യുടെ കൈമുട്ടിനടുത്ത്് പൊട്ടലുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.കൈക്ക് പൊട്ടലില്ലെന്ന് പോലീസ് പ്രചരിപ്പിച്ച സാഹചര്യത്തിൽ സത്യാവസ്ഥ കളക്ടറെ ബോധ്യപ്പെടുത്തുന്നതിനാണ് സി.ടി. സ്കാൻ റിപ്പോർട്ട് സമർപ്പിച്ചതെന്ന് എൽദോ എബ്രഹാം എം.എൽ.എ. ‘മാതൃഭൂമി’യോട് പറഞ്ഞു. ലാത്തിച്ചാർജിനെത്തുടർന്ന് ജനറൽ ആസ്പത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ അവിടെ എക്സ്‌റേ എടുത്തിരുന്നു. കൈക്ക് പൊട്ടലുണ്ടെന്ന് കണ്ടതിനാൽ അവിടെ നിന്ന് പ്ലാസ്റ്റർ ഇട്ടു. അതിനുശേഷം സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റിയപ്പോൾ പ്ലാസ്റ്ററിനു പകരം സ്ലിങ് ഇടുകയായിരുന്നു. എന്നാൽ, ആസ്പത്രിയിൽനിന്ന് ഡിസ്ചാർജ്് ചെയ്ത് വീട്ടിലെത്തിയ എം.എൽ.എ.യുടെ കൈക്ക് നീരുവന്നതിനാൽ വീണ്ടും ജനറൽ ആശുപത്രിയിലെ ഡോക്ടറെ കണ്ട് ചികിത്സ തേടി. കൈക്ക് പൊട്ടലുണ്ടായതിനാൽ പ്ലാസ്റ്റർ അഴിച്ചതാണ് പ്രശ്നമായതെന്ന് എം.എൽ.എ. പറഞ്ഞു. ഇക്കാര്യത്തിൽ സത്യാവസ്ഥ ബോധ്യപ്പെടുത്തുന്നതിനായിട്ടാണ് സി.ടി. സ്കാൻ ചെയ്തതെന്നും എം.എൽ.എ. പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2OHDMpl
via IFTTT