ഒറ്റപ്പാലം: നഗരസഭയിലെ മോഷണക്കേസ് ഒത്തുതീർക്കാനുള്ള ശ്രമം പാളി. ഒത്തുതീർക്കാൻ സമ്മതമറിയിച്ച് പരാതിക്കാരിയായ ഒറ്റപ്പാലം നഗരസഭ പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ ടി. ലത നൽകിയ അപേക്ഷ ഒറ്റപ്പാലം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. ഒത്തുതീർപ്പിനായി ഹൈക്കോടതിയെ സമീപിക്കാൻ നീക്കം നടക്കുന്നു. മോഷണക്കേസിൽ പോലീസ് ആദ്യം ഭവനഭേദനത്തിനും കളവിനുമാണ് കേസെടുത്തിരുന്നത്. അന്വേഷണത്തിൽ പ്രതി നഗരസഭയ്ക്കകത്തുള്ള മറ്റൊരു സ്ഥിരംസമിതി അധ്യക്ഷതന്നെയായതോടെ പോലീസ് ഭവനഭേദനം ഒഴിവാക്കി. എന്നാൽ, നഗരസഭയ്ക്കകത്തുതന്നെ പരാതിക്കാരിയായ പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷയുടെ ഓഫീസിനകത്ത് അതിക്രമിച്ചുകയറി അലമാരയിലെ ബാഗിനകത്തിരുന്ന പണം മോഷ്ടിക്കയായിരുന്നു. ഓഫീസിൽ അതിക്രമിച്ചുകയറിയതിനാൽ ഭവനഭേദനത്തിനുള്ള വകുപ്പും കേസിലുണ്ടെന്നും കോടതി അറിയിച്ചു. ഭവനഭേദനത്തിനുള്ള വകുപ്പുണ്ടെങ്കിൽ മജിസ്ട്രേറ്റ് കോടതിയിൽനിന്ന് ഒത്തുതീർപ്പ് സാധ്യമല്ല. ഇതോടെയാണ് ഒത്തുതീർക്കാനുള്ള പരാതിക്കാരിയുടെ അപേക്ഷ തള്ളിയത്. പരാതി ഒത്തുതീർപ്പായെന്നും കേസ് മുൻകൂട്ടി പരിഗണിച്ച് തുടർനടപടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിയായ ഒറ്റപ്പാലം നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ബി. സുജാത കഴിഞ്ഞദിവസമാണ് കോടതിയിൽ അപേക്ഷ നൽകിയിരുന്നത്. അതിന് സമ്മതമറിയിച്ച് പരാതിക്കാരിയായ ടി. ലത കോടതിയിൽ നൽകിയ അപേക്ഷയിലാണ് ചൊവ്വാഴ്ച വിധിപറഞ്ഞത്. ഇതോടെ കേസ് ഇപ്പോഴും നിലനിൽക്കുന്ന സ്ഥിതിയാണ്. ഒത്തുതീർപ്പാക്കാൻ ഉടൻ ഹൈക്കോടതിയിൽ അപേക്ഷ സമർപ്പിക്കുമെന്നും മുമ്പേ അതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നുവെന്നും പ്രതിയുടെ അഭിഭാഷകൻ അറിയിച്ചു. ഒത്തുതീർക്കരുതെന്നാവശ്യപ്പെട്ട് മറ്റൊരു പരാതിക്കാരൻ കോടതിയിൽ നഗരസഭയിലെ മോഷണക്കേസിലെ ഒത്തുതീർപ്പ് അപേക്ഷ തള്ളണമെന്നാവശ്യപ്പെട്ട് മറ്റൊരു പരാതിക്കാരൻ കോടതിയിൽ. 2018 ഒക്ടോബറിൽ വിവാഹം രജിസ്റ്റർചെയ്യാൻ നഗരസഭയിലെത്തി പണം നഷ്ടപ്പെട്ട തോട്ടക്കരസ്വദേശിയായ യുവതിയുടെ സഹോദരനാണ് കോടതിയെ സമീപിച്ചത്. ഈ സംഭവത്തിലും നേരത്തേ പോലീസിന് പരാതി നൽകിയിരുന്നു. നഗരസഭയിൽവെച്ചുനടന്ന സംഭവമായതിനാൽ ഈ കേസിനൊപ്പം അന്വേഷിക്കുമെന്നാണ് പോലീസ് അറിയിച്ചിരുന്നത്. സ്ഥിരംസമിതി അധ്യക്ഷ പ്രതിയായ കേസ് ഒത്തുതീർക്കുന്നതോടെ തോട്ടക്കര സ്വദേശിയുടെ പരാതിയിലും അന്വേഷണമില്ലാതാകുമെന്ന വാദം കോടതിയിൽ ഉയർന്നു. കളവുകേസ് മാത്രമല്ല, ഭവനഭേദനത്തിനുള്ള വകുപ്പുകൂടി ഈ കേസിൽ വരുമെന്നും വാദിച്ചത് പരാതിക്കാരന്റെ അഭിഭാഷകനാണ്. തുടർന്ന്, പരാതിയിൽ കേസുണ്ടോയെന്നറിയിക്കാൻ കോടതി ഒറ്റപ്പാലം പോലീസിനോട് റിപ്പോർട്ട് തേടി. ഈ അപേക്ഷയിലെ വാദം ബുധനാഴ്ച കോടതി കേൾക്കും. സി.പി.എം. കൗൺസിലർമാർ വാദിയും പ്രതിയുമായ കേസിൽ കേസെടുത്ത എസ്.ഐ. വിപിൻ കെ.വേണുഗോപാലിനെ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് കഴിഞ്ഞദിവസം സ്ഥലംമാറ്റിയിരുന്നു. കേസ് ഒത്തുതീർക്കുന്നതിന്റെ ഭാഗമായാണ് എസ്.ഐ.യെ സ്ഥലംമാറ്റിയതെന്നും ആരോപണമുണ്ട്. content highlights:ottapalam municipality theft case
from mathrubhumi.latestnews.rssfeed https://ift.tt/2GDYzUj
via
IFTTT