Breaking

Saturday, July 27, 2019

കാനത്തിനെതിരേ സി.പി.ഐ.യിൽ പ്രതിഷേധം പടരുന്നു

കൊച്ചി: ജില്ലാ സെക്രട്ടറിക്കും എം.എൽ.എ.യ്ക്കും ക്രൂരമായ മർദനം ഏറ്റിട്ടും, രാഷ്ട്രീയ ഇടപെടൽ നടത്താതെ സർക്കാർ അന്വേഷണത്തിനായി കാത്തു നിൽക്കുന്ന സി.പി.ഐ. സംസ്ഥാന സെക്രട്ടറിയുടെ നിലപാടിൽ പാർട്ടിക്കുള്ളിൽ പ്രതിഷേധം ശക്തമാവുന്നു. വരുന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ ഇത് വലിയ ചർച്ചകൾക്ക് ഇടയാക്കുമെന്ന് ഉറപ്പായി. എറണാകുളം ജില്ലാ നേതൃത്വം പ്രശ്നം ഉന്നയിക്കും. ഇക്കാര്യം ചർച്ച ചെയ്യണമെന്ന് അവർ പാർട്ടി സെന്ററിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പോലീസ് അതിക്രമത്തെ അപലപിച്ചുകൊണ്ട് സംസ്ഥാന സെക്രട്ടറി ഒരു പ്രസ്താവനയിറക്കിയിരുന്നെങ്കിൽ അവിടെ തീരാവുന്ന പ്രശ്നം, വഷളാക്കി പൊതു സമൂഹത്തിലും പ്രവർത്തകർക്കിടയിലും പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന സന്ദേശമാണ് നേതാക്കൾക്കിടയിൽ പടരുന്നത്. പാർട്ടിയുടെ പല മുതിർന്ന നേതാക്കൾക്കും ഇപ്പോഴത്തെ അവസ്ഥയിൽ അതൃപ്തിയുണ്ടെങ്കിലും പരസ്യമായി പ്രതികരിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. നേതാക്കൾ തമ്മിൽ ഇതു സംബന്ധിച്ച ആശയവിനിമയം നടക്കുന്നുണ്ട്. പാർട്ടി എംഎൽ.എ.ക്കെതിരേ മർദനം ഏൽക്കുമ്പോൾ ഭരണത്തിലുണ്ടായിരുന്നിട്ടു കൂടി ഒന്നും ചെയ്യാനോ ഒരു പ്രസ്താവന ഇറക്കാനോ പോലും സാധിക്കുന്നില്ലെങ്കിൽ അത് കഴിവുകേടാണെന്ന് അഭിപ്രായമുള്ള നേതാക്കളും പാർട്ടിയിലുണ്ട്. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരെ തത്കാലത്തേക്കെങ്കിലും സ്ഥലംമാറ്റിയ ശേഷം അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിൽ പാർട്ടിയുടെ മാനം കാക്കാൻ കഴിയുമായിരുന്നു എന്ന അഭിപ്രായവും ശക്തമാണ്. ദേശീയ എക്സിക്യുട്ടീവ് അംഗം കെ.ഇ. ഇസ്മയിൽ മാത്രമാണ് പോലീസ് നടപടിയെ പരസ്യമായി അപലപിച്ചത്. വെള്ളിയാഴ്ച മുതിർന്ന നേതാവായ സി.എൻ. ജയദേവനും തനിക്കുള്ള എതിർപ്പ് പ്രകടിപ്പിച്ചു. പോലീസ് അതിക്രൂരമായാണ് പാർട്ടി ജില്ലാ സെക്രട്ടറിയെയും എം.എൽ.എ.യെയും മർദിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഭരണത്തിലിരുന്ന് തല്ലുകൊള്ളേണ്ട ഗതികേടാണെങ്കിൽ തനിക്കുള്ള പ്രതിഷേധം പറയേണ്ടിടത്ത് പറയും. ഇതിനെതിരേ കൊച്ചിയിൽ കാനം പ്രതികരിക്കുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിക്കുകയുണ്ടായി. എന്നാൽ, കാനം അത്തരമൊരു പ്രതികരണം നടത്തിയില്ല. കാനത്തിന്റെ നടപടി പാർട്ടിക്കുള്ളിൽ ചർച്ചയായതിന്റെ സൂചനകൾ ആലപ്പുഴയിൽ പോസ്റ്ററിലൂടെ പുറത്തുവന്നു. അമ്പലപ്പുഴയിലെ സി.പി.ഐ.യുടെ പേരിൽ വന്ന പോസ്റ്ററിൽ കാനത്തെ മാറ്റി സി.പി.ഐ.യെ രക്ഷിക്കാനാണ് ആവശ്യപ്പെടുന്നത്. എന്നാൽ, സി.പി.ഐ.ക്കാരാരും അങ്ങനെ ചെയ്യുമെന്നു തോന്നുന്നില്ലെന്നും പോസ്റ്റർ ആർക്കു വേണമെങ്കിലും പതിക്കാമെന്നുമായിരുന്നു കാനത്തിന്റെ മറുപടി. പാർട്ടിയിൽ ഉരുണ്ടുകൂടിയ ലാത്തിച്ചാർജ് പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള അവസരം കൊച്ചിയിൽ വന്നപ്പോൾ കിട്ടിയിട്ടും അത് പ്രയോജനപ്പെടുത്താതെ അദ്ദേഹം നിലപാടുകളിൽ ഉറച്ചുനിൽക്കുകയും ചോദ്യങ്ങളിൽനിന്ന് തെന്നിമാറുകയുമായിരുന്നു. എറണാകുളത്തെ പ്രവർത്തകരിലും ഇത് വലിയ അതൃപ്തി ഉളവാക്കിയിട്ടുണ്ട്. പാർട്ടി ജില്ലാ സെക്രട്ടറിയുടെയും എം.എൽ.എ.യുടെയും വാക്കുകൾ മുഖവിലയ്ക്കെടുത്ത് കാനം കൊച്ചിയിൽ ഒരു പ്രസ്താവന നടത്തിയിരുന്നെങ്കിൽ എല്ലാം അവസാനിക്കുമായിരുന്നു. എന്നാൽ, പ്രവർത്തകരുടെ മനസ്സിനേറ്റ മുറിവുണക്കാനുള്ള ഒരു നടപടിയും കാനത്തിൽനിന്ന് ഉണ്ടായില്ലെന്ന പരാതിയാണ് പ്രവർത്തകർക്കുള്ളത്. content highlights: kanam Rajendran, CPI


from mathrubhumi.latestnews.rssfeed https://ift.tt/2GyF539
via IFTTT