Breaking

Sunday, July 28, 2019

"ആഴമില്ലാത്ത രാഷ്ട്രീയമാണ് ഇക്കാലത്തേത്"; ജയ്പാല്‍ റെഡ്ഡി കടന്നുപോവുമ്പോള്‍

ഷീലാ ദീക്ഷിതിനു പിന്നാലെ ജയ്പാൽ റെഡ്ഡിയും യാത്രയാവുമ്പോൾ ഇന്ത്യൻ രാഷ്ട്രീയം കൂടുതൽ ദരിദ്രമാവുകയാണ്. സുമനസ്സുകളായിരുന്നു ഇരുവരും. പദവിയിലിരിക്കുമ്പോഴും അല്ലാത്തപ്പോഴും ഒരു പോലെ പെരുമാറാൻ അറിയാമായിരുന്നവർ. കോൺഗ്രസ്സിന്റെ പ്രകാശഭരിതവും പ്രസന്നഭരിതവുമായ മുഖങ്ങളായിരുന്നു ഷീലയും ജയ്പാലും. ഇക്കഴിഞ്ഞ ഫിബ്രവരിയിൽ ഹൈദരാബാദിലെ ജൂബിലിഹിൽസിലുള്ള വീട്ടിൽ വെച്ചാണ് ജയ്പാലിനെ അവസാനമായി കണ്ടത്. തെലങ്കാന - ആന്ധ്ര തിരഞ്ഞെടുപ്പുകൾ റിപ്പോർട്ട് ചെയ്യാൻ ഹൈദരാബാദിലെത്തിയപ്പോൾ ആദ്യം ചെയ്തത് ജയ്പാലിനെ ടെലിഫോണിൽ വിളിക്കുകയായിരുന്നു. നേരെ വീട്ടിലേക്ക് വരൂ എന്നായിരുന്നു ജയ്പാലിന്റെ മറുപടി. അവിടെപുസ്തകങ്ങൾ നിറഞ്ഞിരിക്കുന്ന അലമാരയ്ക്കരികിൽ വെള്ളിപോലെ വെട്ടിത്തിളങ്ങുന്ന മുണ്ടും ഷർട്ടും ധരിച്ച് സുസ്മേരവദനനായി ജയ്പാൽ കസേരയിലിരിക്കുന്നുണ്ടായിരുന്നു. ജയ്പാലിനെപ്പോലുള്ളവരോട് സംസാരിക്കുന്നത് ആഹ്ളാദകരമായ അനുഭവമാണ്. ഏതു ചോദ്യവും ചോദിക്കാം. മറുപടികളിലെ വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാട്ടാം. ഒരിക്കലും മുഷിഞ്ഞു സംസാരിക്കില്ല. എല്ലായ്പോഴും കാര്യങ്ങൾ വിട്ടുപറഞ്ഞെന്നുവരില്ല. പക്ഷേ, ഒരു ചോദ്യത്തിൽ നിന്നും ഒഴിഞ്ഞുമാറില്ല. ആന്ധ്രയിൽ കോൺഗ്രസിനെ ഇല്ലാതാക്കിയത് സംസ്ഥാനം വിഭജിക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനമായിരുന്നില്ലേയെന്നും അതിൽ ഭാഗഭാക്കായിരുന്ന ഒരാളെന്ന നിലയ്ക്ക് ഇപ്പോൾ കുറ്റബോധമുണ്ടോയെന്നും ചോദിച്ചപ്പോൾ ജയ്പാലിന്റെ മറുപടി ആലോചനാമൃതമായിരുന്നു. "ആ തീരുമാനം എടുക്കുന്ന പ്രക്രിയയിൽ വളരെയധികം ഉൾച്ചേർന്ന വ്യക്തിയാണ് ഞാൻ. ഈ ഘട്ടത്തിൽ ഞാൻ അതെക്കുറിച്ച് സംസാരിക്കുന്നത് ശരിയായിരിക്കില്ല." ആന്ധ്ര വിഭജനവും ജഗൻമോഹനെ കോൺഗ്രസിൽ നിന്ന് പുകച്ചുപുറത്തു ചാടിക്കാനുള്ള നീക്കവും ചരിത്രപരമായ അബദ്ധമായിരുന്നു എന്ന് ജയ്പാൽ ഉള്ളുകൊണ്ടു സമ്മതിക്കുന്നതുപോലെയാണ് അന്നു തോന്നിയത്. നെഹ്രുവിയൻ സോഷ്യലിസത്തിലെ വിശ്വാസം ജയ്പാൽ ഒരിക്കലും ഒരിടത്തും അടിയറവു വെച്ചിരുന്നില്ല. അടിയന്തരവാസ്ഥയെ എതിർത്ത് ജനതാപാർട്ടിയിലേക്ക് പോയപ്പോൾ അവിടെ മധു ദന്താവതെയ്ക്കൊപ്പം സോഷ്യലിസ്റ്റ് ചേരിയുടെ ശക്തനായ വക്താവായിരുന്നു ജയ്പാൽ. പിന്നീട് ജയ്പാൽ കോൺഗ്രസിലേക്ക് തിരിച്ചു വന്നു. പ്രണബ് മുഖർജി കഴിഞ്ഞാൽ കോൺഗ്രസിൽ പാർട്ടിയുടെ ചരിത്രം കമ്പോട് കമ്പ് പറയാൻ കഴിയുന്ന ഒരാൾ ജയ്പാലായിരുന്നു. ആഴമില്ലാത്ത രാഷ്ട്രീയമാണ് ഇക്കാലത്തേതെന്ന് ജയ്പാൽ പരാതി പറഞ്ഞിരുന്നത് പാർട്ടി പ്രവർത്തകരുടെ പ്രത്യയശാസ്ത്രപരമായ പാപ്പരത്തത്തിലേക്ക് വിരൽചൂണ്ടിക്കൊണ്ടായിരുന്നു. ഒരർത്ഥത്തിൽ കോൺഗ്രസിലെ അവസാന ഐഡിയലോഗുകളിൽ ഒരാളായിരുന്നു ജയ്പാൽ. ആന്ധ്ര വിഭജനത്തിലെ തിരിച്ചടിക്കു ശേഷം വാസ്തവത്തിൽ ജയ്പാലിന് കോൺഗ്രസിൽ വലിയ റോളൊന്നുമുണ്ടായിരുന്നില്ല. അവസാന നാളുകളിൽ വായനയും എഴുത്തുമായി ഏറിയ സമയവും ജയ്പാൽ ഹൈദരാബാദിലെ വീട്ടിൽ തന്നെയുണ്ടായിരുന്നു. പണം രാഷ്ട്രീയത്തെ വിഴുങ്ങുന്നതാണ് ജയ്പാലിനെ ഏറ്റവുമധികം ദുഃഖിപ്പിച്ചത്. തെലങ്കാനയിൽ ചന്ദ്രശേഖർറാവുവിന്റെ ടി ആർ എസ് ഒഴുക്കുന്ന പണത്തിനു മുന്നിൽ കോൺഗ്രസിന് ഒന്നും ചെയ്യാനാവില്ലെന്ന് ജയ്പാൽ പറഞ്ഞത് ഏറെ വിഷമത്തോടെയാണ്. പ്രത്യയശാസ്ത്രപരമായ ദൃഡത ഇല്ലാത്തവർ പാർട്ടിയുടെ തലപ്പത്ത് വരുന്നത് ഈ തകർച്ചയ്ക്ക് ആക്കം കൂട്ടുമെന്നും ജയ്പാൽ പറഞ്ഞു. ഒരു പക്ഷേ, കർണ്ണാടകത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയ വൃത്തികെട്ടിയ രാഷ്ട്രീയ നാടകങ്ങൾ ജയ്പാലിന്റെ ഹൃദയം തകർത്തിരിക്കണം. പണത്തിനും ആദർശത്തിനുമിടയിൽ എന്താണ് തിരഞ്ഞെടുക്കേണ്ടതെന്ന കാര്യത്തിൽ ജയ്പാലിന് ഒരിക്കലും രണ്ടുവട്ടം ആലോചിക്കേണ്ടിയിരുന്നില്ല. ജയ്പാലിന്റെ വേർപാട് തീർച്ചയായും ഒരു വിടവ് സൃഷ്ടിക്കുന്നുണ്ട്. ഹൈദരാബാദിലെ ജൂബിലിഹിൽസിൽ മാത്രമല്ല ഇന്ത്യൻ രാഷ്ട്രീയത്തിലൊട്ടാകെ തന്നെ ആ വിടവ് അത്രപെട്ടെന്നൊന്നും നികത്തപ്പെടാനുമിടയില്ല. content highlights:senior congress leader Jaipal Reddy passess away, analytical story


from mathrubhumi.latestnews.rssfeed https://ift.tt/2Yaj0mo
via IFTTT