Breaking

Tuesday, July 30, 2019

ക്രിസ്റ്റ്യാനോ കളിക്കാനിറങ്ങിയില്ല; വഞ്ചിക്കപ്പെട്ട കാണികള്‍ കോടതിയിലേക്ക്

സോൾ: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കാതിരുന്നതോടെ നിരാശരായ 2000-ത്തോളം കൊറിയൻ ആരാധകർ നഷ്ടപരിഹാരത്തിനായി കോടതിയിലേക്ക്. താരം കളിക്കുമെന്ന ഉറപ്പിൽ കളികാണാൻ കയറി വഞ്ചിക്കപ്പെട്ടവരാണ് നിയമനടപടിയിലേക്ക് നീങ്ങുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച കൊറിയയിൽ യുവന്റസും കൊറിയൻ കെ ലീഗിലെ കളിക്കാർ അടങ്ങുന്ന ഓൾ സ്റ്റാർ ടീമും തമ്മിൽ സൗഹൃദമത്സരം കളിച്ചിരുന്നു. ഇതിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുമെന്ന് സംഘാടകർ പ്രഖ്യാപിച്ചിരുന്നെങ്കിലും താരം ഇറങ്ങിയില്ല. ഇതോടെയാണ് ആരാധകർ ക്ഷുഭിതരായത്. കളി കാണാൻ പറ്റാതിരുന്നതോടെ നഷ്ടപരിഹാരം വേണമെന്നാണ് ഇവരുടെ നിലപാട്. കേസ് നടത്തിപ്പിനായി ഇവർ നിയമ കമ്പനിയെ സമീപിച്ചിട്ടുണ്ട്. തങ്ങളുടെ ഇഷ്ടതാരം കളിക്കുമെന്ന ഉറപ്പിൻമേൽ 60,000-ത്തോളം കാണികളാണ് മത്സരത്തിനെത്തിയത്. ജൂലായ് മൂന്നിനാണ് മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന നടന്നത്. രണ്ടരമണിക്കൂറിനുള്ളിൽ മുഴുവൻ ടിക്കറ്റും വിറ്റുതീർന്നു. 1700 മുതൽ 25,000 രൂപവരെ ടിക്കറ്റിനായി മുടക്കിയവരുണ്ട്. കളി നടക്കുമ്പോൾതന്നെ രണ്ടാം പകുതിയിൽ ക്രിസ്റ്റ്യാനോ ഇറങ്ങുമെന്ന് സംഘാടകർ അനൗൺസ് ചെയ്തിരുന്നു. താരം കളിക്കാതിരുന്നതോടെ വെട്ടിലായത് സംഘാടകരാണ്. യുവന്റസ് വൈസ് ചെയർമാൻ പവേൽ നെദ്വെദുമായി ഇവർ ബന്ധപ്പെട്ടെങ്കിലും ഒന്നും ചെയ്യാൻ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. ടിക്കറ്റെടുത്തവർക്ക് നഷ്ടപരിഹാരം നൽകാനുള്ള വഴി ആലോചിക്കുകയാണ് സംഘാടകർ. ക്രിസ്റ്റ്യാനോ കളിക്കാതിരുന്നത് സാമൂഹികമാധ്യമങ്ങളിലും വലിയ ചർച്ചയാണ്. Content Highlights: South Korean Football Fans To Sue Over Cristiano Ronaldo Benching


from mathrubhumi.latestnews.rssfeed https://ift.tt/2Ot9RB3
via IFTTT