മംഗളൂരു/ബെംഗളൂരു: ദുരൂഹ സാഹചര്യത്തിൽ കാണാതായ രാജ്യത്തെ മുൻനിര കോഫി ശൃംഖലയായ കഫേ കോഫി ഡേ ഉടമ വി.ജി സിദ്ധാർഥ ഹെഗ്ഡെ(60)യുടെ മൃതദേഹം നേത്രാവതി നദിയിൽ നിന്ന് കണ്ടെത്തി. മുൻ കർണാടക മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ മകളുടെ ഭർത്താവ് കൂടിയായസിദ്ധാർഥയെ തിങ്കളാഴ്ച വൈകീട്ട് ഏഴരയോടെ മംഗളൂരു നേത്രാവതിനദിക്കു കുറുകെയുള്ള പാലത്തിനുസമീപത്താണ് കാണാതായത്. നീണ്ട 34 മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിൽ പാലത്തിന് സമീപമുള്ള ഹൊയ്കെ ബസാറിൽ നിന്ന് ഇന്ന് പുലർച്ച ആറരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. നാവികസേനയുടെയും തീരരക്ഷാസേനയുടെയും നേതൃത്വത്തിലാണ് തിരിച്ചിൽ നടത്തിയിരുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സിദ്ധാർഥ സ്വന്തം കാറിൽ ബെംഗളൂരുവിൽനിന്ന് പുറപ്പെട്ടത്. ഒപ്പം ഡ്രൈവർ ബസവരാജും ഉണ്ടായിരുന്നു. ഹാസനിലെ സകലേഷ്പുരയിൽനിന്ന് കാർ മംഗളൂരുവിലേക്ക് വിടാൻ ആവശ്യപ്പെട്ടെന്നാണ് ബസവരാജ് പറയുന്നത്. വൈകീട്ട് ഏഴോടെ മംഗളൂരുവിലെത്തി. നഗരത്തിൽ കയറാതെ നേത്രാവതി പാലത്തിനരികിലേക്ക് വണ്ടിവിടാൻ സിദ്ധാർഥ നിർദേശിച്ചു. ഇതിനിടെ സിദ്ധാർഥയ്ക്ക് ഫോൺവന്നു. വണ്ടി നേത്രാവതിപാലത്തിനരികെ നിർത്താനും പാലത്തിന്റെ മറുവശത്ത് കാത്തുനിൽക്കാനും പറഞ്ഞു. പാലത്തിനപ്പുറത്തേക്ക് നടന്നുവന്ന സിദ്ധാർഥ, ഒന്നുകൂടി നടന്നുവരാമെന്ന് പറഞ്ഞു. എന്നാൽ, അരമണിക്കൂർ കഴിഞ്ഞും തിരിച്ചെത്തിയില്ല. ഫോൺ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് ബന്ധുക്കളെയും പോലീസിനെയും വിവരമറിയിച്ചെന്നും ബസവരാജ് മൊഴിനൽകി. ദേശീയദുരന്തനിവാരണസേനയുടെ ഏട്ടുബോട്ടുകളും 12 മുങ്ങൽ വിദഗ്ധരും തിരച്ചിലിനെത്തിയിരുന്നു. നാവികസേനയുടെ ബോട്ടും ഹെലികോപ്റ്ററും തിരച്ചിലിനുണ്ടായിരുന്നു. സിദ്ധാർഥ ഫോണിൽ അവസാനമായി സംസാരിച്ചത് ചിക്കമഗളൂരു കഫെ കോഫി ഡേ മാനേജർ ജാവേജ്, ബെംഗളൂരു യൂണിറ്റ് മാനേജർ ചിദംബർ, ഡ്രൈവർ ബസവരാജ് എന്നിവരോടാണെന്ന് പോലീസ് കണ്ടെത്തി. മൂവരുടെയും മൊഴിയെടുത്തു. Content Highlights:Body of VG Siddhartha the founder of Cafe Coffee Day found from Netravathi river
from mathrubhumi.latestnews.rssfeed https://ift.tt/2Mtv1fM
via
IFTTT