Breaking

Tuesday, July 30, 2019

പരസ്യപ്രതികരണം: രാജു നാരായണസ്വാമിക്കെതിരേ നടപടിക്കു നീക്കം

തിരുവനന്തപുരം: പിരിച്ചുവിടാൻ ശുപാർശചെയ്യപ്പെട്ട സിവിൽ സർവീസ് ഉദ്യോഗസ്ഥൻ രാജു നാരായണസ്വാമിക്കെതിരേ വീണ്ടും നടപടിക്കുനീക്കം. ഈയിടെ ചീഫ് സെക്രട്ടറിക്കും മറ്റുമെതിരേ അദ്ദേഹം നടത്തിയ പരസ്യപ്രതികരണമാണു കാരണം. പരസ്യപ്രതികരണത്തിന്റെ ദൃശ്യങ്ങളും ക്ലിപ്പിങ്ങുകളും സർക്കാർ ശേഖരിച്ചു. സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായതിനാൽ ഇതിന്റെപേരിൽ സംസ്ഥാനസർക്കാരിന് അദ്ദേഹത്തെ സസ്പെൻഡ് ചെയ്യാം. പിരിച്ചുവിടൽ ശുപാർശയ്ക്ക് സസ്പെൻഷൻ ഉൾപ്പെടെയുള്ള അച്ചടക്കനടപടി ബലമേകും. അദ്ദേഹത്തെ സർവീസിൽനിന്നു പിരിച്ചുവിടാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശുപാർശചെയ്തിരുന്നു. ഈ വിവരം പുറത്തുവന്നപ്പോൾ സ്വാമി ചീഫ് സെക്രട്ടറിക്കെതിരേ ശക്തമായ വിമർശനം ഉന്നയിച്ചു. അഴിമതി തടയാൻ ശ്രമിച്ചതിന്റെ പേരിലാണു നീക്കമെന്നും ചീഫ് സെക്രട്ടറിയുൾപ്പെടെയുള്ള അഴിമതിയാരോപണ വിധേയരാണ് തന്നെ സർവീസിൽനിന്ന് ഒഴിവാക്കാൻ ശ്രമിക്കുന്നതെന്നും സ്വാമി പരസ്യമായി പറഞ്ഞു. പിന്നീട് ഈ സമിതിയുടെ ശുപാർശയുടെ മിനുട്സ് പുറത്തുവന്നപ്പോഴും സ്വാമി രംഗത്തുവന്നു. അപ്പോഴും അഴിമതിക്കാരായ സംഘമാണ് തനിക്കെതിരായ നീക്കം നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നാളികേര വികസന കോർപ്പറേഷനിലെ അഴിമതി തടയാൻ ശ്രമിച്ചപ്പോൾ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ അത് തടയാൻ ശ്രമിച്ചെന്നും കുറ്റപ്പെടുത്തി. രാജു നാരായണസ്വാമി കാര്യപ്രാപ്തിയില്ലാത്ത ഉദ്യോഗസ്ഥനാണെന്നും മറ്റും കാണിച്ചാണ് പിരിച്ചുവിടാനുള്ള ശുപാർശ. ഇത് മുഖ്യമന്ത്രി അംഗീകരിച്ചില്ല. നാളികേര വികസന കോർപ്പറേഷനിൽനിന്ന് കാലാവധി തീരുംമുമ്പാണ് സ്വാമിയെ ഒഴിവാക്കിയത്. ഇതിനെതിരേ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ അദ്ദേഹം സമീപിച്ചിട്ടുണ്ട്. നാളികേര കോർപ്പറേഷനിൽനിന്നു മടങ്ങിയ സ്വാമിക്ക് സംസ്ഥാന സർക്കാരും നിയമനം നൽകിയിട്ടില്ല. content highlights:raju narayana swamy


from mathrubhumi.latestnews.rssfeed https://ift.tt/2YwtfRp
via IFTTT