Breaking

Tuesday, July 30, 2019

ഉന്നാവോ അപകടം: സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് യു.പി. സര്‍ക്കാര്‍

ലഖ്നൗ: ഉന്നാവോ ബലാത്സംഗക്കേസിലെ പരാതിക്കാരിയും കുടുംബവും സഞ്ചരിച്ച കാറിൽ ട്രക്കിടിച്ചുണ്ടായ അപകടത്തിൽ സംസ്ഥാന സർക്കാർ സി.ബി.ഐ. അന്വേഷണത്തിന് ശുപാർശ ചെയ്തു. അപകടവുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐ. അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യു.പി. സർക്കാർ കേന്ദ്രത്തിന് കത്ത് നൽകി. സംഭവത്തിൽ ബി.ജെ.പി. എം.എൽ.എ. കുൽദീപ് സിങ് സേംഗർക്കെതിരേ കഴിഞ്ഞദിവസം കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. എം.എൽ.എ.യും സഹോദരൻ മനോജ് സേംഗറും ഉൾപ്പെടെ പത്തുപേർ കേസിൽ പ്രതിസ്ഥാനത്തുണ്ട്. പെൺകുട്ടിയുടെ അമ്മാവൻ റായ്ബറേലി ജയിലിൽക്കഴിയുന്ന മഹേഷ് സിങ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റായ്ബറേലിയിലെ ഗുർബൂബ്ഗഞ്ച് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. അപകടം ആസൂത്രിതമാണെന്ന് ഇരയുടെ അമ്മ ആരോപിച്ചിരുന്നു. കൊലപാതകം, കൊലപാതകശ്രമം, ക്രിമിനൽ ഗൂഢാലോചന എന്നിവയ്ക്കാണു കേസ്. പേരുവെളിപ്പെടുത്താത്ത 15 മുതൽ 20 വരെ പേരെയും എഫ്.ഐ.ആറിൽ പരാമർശിക്കുന്നുണ്ട്. 2017-ൽ ജോലിയന്വേഷിച്ചെത്തിയ പെൺകുട്ടിയെ വീട്ടിൽവെച്ച് ബലാത്സംഗംചെയ്ത കേസിൽ കുൽദീപ് സിങ്ങിനെ 2018 ഏപ്രിൽ 13-ന് അറസ്റ്റുചെയ്തിരുന്നു. അതിനിടെ, അപകടത്തിനിടയാക്കിയ ട്രക്കിന്റെ ഉടമസ്ഥനെയും ഡ്രൈവറെയും ക്ലീനറെയും അറസ്റ്റുചെയ്തിട്ടുണ്ട്. ട്രക്കിന്റെ നമ്പർപ്ലേറ്റ് കറുത്ത ചായംകൊണ്ടു മായ്ചനിലയിലായിരുന്നു. പിന്നീട് പോലീസ് നമ്പർ വീണ്ടെടുത്തു. ഫത്തേപുർ ജില്ലയിൽ രജിസ്റ്റർചെയ്ത യു.പി. 71 എ.ടി. 8300 എന്ന വാഹനമാണിതെന്ന് ലഖ്നൗ മേഖലാ എ.ഡി.ജി. രാജീവ് കൃഷ്ണ പറഞ്ഞു. ഞായറാഴ്ചയാണ് കുൽദീപ് സിങ് പ്രതിയായ ബലാത്സംഗക്കേസിലെ ഇരയും കുടുംബവും സഞ്ചരിച്ച കാറിൽ റായ്ബറേലിയിൽവെച്ച് അതിവേഗത്തിൽവന്ന ട്രക്കിടിച്ച് അപകടമുണ്ടായത്. പെൺകുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേറ്റു. ബന്ധുക്കളായ രണ്ടുസ്ത്രീകൾ മരിക്കുകയും ചെയ്തു. ഇവരിലൊരാൾ ഉന്നാവോ കേസിലെ സാക്ഷിയാണ്. Content Highlights:unnao rape survivors accident case; up government requested cbi inquiry


from mathrubhumi.latestnews.rssfeed https://ift.tt/2KfYkjf
via IFTTT