കണ്ണൂർ: കേരളത്തിലോടുന്ന തീവണ്ടികളിൽനിന്നുള്ള കക്കൂസ് മാലിന്യം ഇനി പാളവും സ്റ്റേഷനും വൃത്തികേടാക്കില്ല. ഇതുവഴിയുള്ള തീവണ്ടികളിലെ ജനറൽ, സ്ലീപ്പർ, എ.സി. എന്നിങ്ങനെ 2584 കോച്ചുകളിലും ബയോ ടോയ്ലെറ്റ് റെഡി. പാലക്കാട് ഡിവിഷനിൽ ഗാർഡ് റൂമിന്റെ (എസ്.എൽ.ആർ.) ഏഴു കോച്ചുകളിൽ മാത്രമാണ് ഇവ ഘടിപ്പിക്കാൻ ബാക്കി. അത് ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും. തിരുവനന്തപുരം ഡിവിഷനിലെ 2000 കോച്ചുകളിലും പാലക്കാട് ഡിവിഷനിൽ 584 എണ്ണത്തിലും ബയോ ടോയ്ലെറ്റ് ഘടിപ്പിച്ചു. ഇതിലുപയോഗിക്കുന്ന അനാറോബിക് ബാക്ടീരിയ മംഗളുരു, ഷൊർണൂർ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലെ അറ്റകുറ്റപ്പണി ഡിപ്പോകളിൽനിന്ന് നിറയ്ക്കുമെന്ന് ബയോ ടോയ്ലെറ്റിന്റെ ചുമതലയുള്ള സീനിയർ സെക്ഷൻ എൻജിനിയർ ടി.പി. ഷിബു പറഞ്ഞു. വെള്ളവും ഓക്സിജനും ആവശ്യമില്ലാത്ത അനാറോബിക് ബാക്ടീരിയകൾ ചാണകലായനിയിൽ നിന്നാണ് ടാങ്കുകളിലേക്കു നിറയ്ക്കുന്നത്. ഡൽഹിയിൽനിന്നാണ് ഇവ ഡിപ്പോകളിലെത്തിക്കുന്നത്. ടാങ്കിലെ ആറു ചേംബറുകളിലാണ് ബാക്ടീരിയ ലായനി നിറയ്ക്കുക. ടാങ്കിലെ ബാക്ടീരിയ ബാക്കിയാക്കുന്നത് വെള്ളം മാത്രമായിരിക്കും. ഈ വെള്ളം ക്ളോറിൻ ഉപയോഗിച്ചു വൃത്തിയാക്കും. നാപ്കിൻ, പ്ലാസ്റ്റിക് തുടങ്ങിയവ കുടുങ്ങിയാൽ മാത്രമേ ദുർഗന്ധമുണ്ടാകൂ. മൂന്നുമാസം കൂടുമ്പോൾ ലായനി ലാബിൽ പരിശോധിക്കും. ബാക്ടീരിയ കുറവുണ്ടെങ്കിൽ വീണ്ടും നിറയ്ക്കും. 18 മാസം കൂടുമ്പോൾ കോച്ച് ചെന്നൈയിൽ പിരിയോഡിക് ഓവറോളിങ്ങിനു കൊണ്ടുപോകും. Content Highlights: bio toilet in trains
from mathrubhumi.latestnews.rssfeed https://ift.tt/2LRLqew
via
IFTTT