Breaking

Tuesday, July 30, 2019

അടൂരിനെതിരായ പ്രസ്താവന: ബി. ഗോപാലകൃഷ്ണനെ തള്ളാതെ ആർ.എസ്.എസ്.

കൊച്ചി: ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണനെതിരേ ബി.ജെ.പി. വക്താവ് ബി. ഗോപാലകൃഷ്ണൻ നടത്തിയ പ്രസ്താവന തള്ളാതെ ആർ.എസ്.എസ്. ഗോപാലകൃഷ്ണന്റ പ്രസ്താവനയ്ക്കെതിരേ ബി.ജെ.പി.യിൽ എതിരഭിപ്രായങ്ങളുണ്ടെങ്കിലും അദ്ദേഹത്തെ ക്രൂശിക്കേണ്ടതില്ലെന്ന നിലപാടാണ് ആർ.എസ്.എസിന്റേത്. ബി.ജെ.പി. ദേശീയ നേതൃത്വത്തിനെതിരേ ഉയരുന്ന വിമർശനങ്ങൾപോലെ തിരിച്ചും വിമർശിക്കാൻ അവകാശമുണ്ടെന്ന സന്ദേശമാണ് ആർ.എസ്.എസ്. പാർട്ടി നേതൃത്വത്തിന് നൽകിയത്.അടൂർ ഗോപാലകൃഷ്ണന്റെ പേരെടുത്ത് പറയാതെയാണങ്കിലും ഇപ്പോൾ നടക്കുന്ന പ്രസ്താവനകൾക്കെതിരേ ആർ.എസ്.എസ്. നേതാവും പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകനുമായ ജെ. നന്ദകുമാർ സംഘത്തിന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്‌. തിങ്കളാഴ്ച ബി.ജെ.പി.-ആർ.എസ്.എസ്. നേതൃത്വങ്ങൾ തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്ക്കെതിരെ സംഘം നേതാക്കൾ അതൃപ്തിയൊന്നും അറിയിച്ചില്ല. വിഷയത്തിൽ തുടർചർച്ചകളും മറ്റും ഒഴിവാക്കാനാണ് തീരുമാനം.പുനഃസംഘടനയിൽ പുതുമുഖങ്ങൾ വേണംബി.ജെ.പി. പുനഃസംഘടനയിൽ പുതുമുഖങ്ങൾക്ക് മുന്തിയ പരിഗണന നൽകണമെന്ന നിർദേശവും ആർ.എസ്.എസ്. പാർട്ടിക്ക് മുന്നിൽവെച്ചു. എല്ലാ ജില്ലകളിലും പുതുമുഖങ്ങളെ നേതൃത്വത്തിലേക്ക് കൊണ്ടുവരണം. സംസ്ഥാന ഭാരവാഹിത്വത്തിലേക്കും പുതിയവർക്ക് മുൻഗണന നൽകണം. ഒക്ടോബറോടെ പുതുമുഖങ്ങളെ സംസ്ഥാന നേതൃത്വത്തിലേക്ക് കൊണ്ടുവരുന്ന വിധമാണ് പുനഃസംഘടനാ നടപടികൾ. വിശദമായകാര്യങ്ങൾ ഓഗസ്റ്റ് 10, 11 തീയതികളിൽ തൊടുപുഴയിൽ നടക്കുന്ന പരിവാർ ബൈഠക്കിൽ ചർച്ചചെയ്യും.ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ആരാകുമെന്നകാര്യത്തിൽ സംഘം കേരള ഘടകത്തിനുമാത്രം നിലപാട് വ്യക്തമാക്കാൻ കഴിയാത്ത സാഹചര്യമാണ്. ഇക്കാര്യത്തിൽ നിർദേശങ്ങൾ പറഞ്ഞാൽ പരിഗണിക്കപ്പെടുമെന്ന് ഉറപ്പില്ല. സംസ്ഥാന അധ്യക്ഷനെ നിയമിക്കുന്നതിൽ ആർ.എസ്.എസ്. കേരള നേതൃത്വത്തിന്റെ നിലപാടുകൾ പരിഗണിക്കാതിരുന്ന മുൻ അനുഭവങ്ങളുമുണ്ട്.പാർട്ടിയിലെ ഗ്രൂപ്പ് വടംവലിക്കനുസരിച്ച് തന്നെയായിരിക്കും ഇക്കാര്യത്തിൽ തീരുമാനം വന്നേക്കുക. മുരളീധരവിഭാഗം കെ.സുരേന്ദ്രന്റെയും കൃഷ്ണദാസ് വിഭാഗം പി.കെ.കൃഷ്ണദാസിന്റെയും പേരുകളാണ് ദേശീയനേതൃത്വത്തിന് മുന്നിൽ വെച്ചിട്ടുള്ളത്. വി. മുരളീധരനെ കേന്ദ്രമന്ത്രിയാക്കിയ സാഹചര്യത്തിൽ പാർട്ടി സംസ്ഥാന അധ്യക്ഷസ്ഥാനം തങ്ങൾക്ക് അനുവദിക്കണമെന്നാണ് കൃഷ്ണദാസ് വിഭാഗത്തിന്റെ വാദം.


from mathrubhumi.latestnews.rssfeed https://ift.tt/2OprfGI
via IFTTT