Breaking

Tuesday, July 30, 2019

കോടതിക്കുള്ളില്‍ ജയില്‍പ്പുള്ളിവിലങ്ങുകൊണ്ട് പോലീസിനെ ഇടിച്ചു

ചാലക്കുടി: ബൈക്ക് മോഷണക്കേസിൽ വിചാരണയ്ക്കായി മജിസ്ട്രേറ്റ് കോടതിയിൽ എത്തിച്ച പ്രതി കൂടെവന്ന പോലീസുകാരനെ വിലങ്ങുപയോഗിച്ച് ഇടിച്ചു. തലയുടെ പിൻഭാഗത്തും മുഖത്തും പരിക്കേറ്റ തിരുവനന്തപുരം എ.ആർ. ക്യാമ്പിലെ പോലീസുകാരൻ പ്രബി(35)നെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഞ്ചാവുകേസുകളിൽ പ്രതിയായി തിരുവനന്തപുരം സെൻട്രൽ ജയിലിൽ ശിക്ഷയനുഭവിക്കുന്ന തിരുവനന്തപുരം തൃക്കോവിൽവട്ടം രാധികാഭവനിൽ രാമചന്ദ്രൻ (44) ആണ് പ്രതി. പരാതിയെഴുതാൻ കടലാസ് ചോദിച്ചിട്ട് കൊടുക്കാത്തതിലുള്ള വൈരാഗ്യമാണ് പ്രകോപനത്തിന് കാരണമെന്നു പറയുന്നു. തിങ്കളാഴ്ച പത്തേകാലിന് ചാലക്കുടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിക്കകത്താണ് സംഭവം. കോടതി ആരംഭിച്ചിരുന്നില്ല. കോടതിക്കകത്ത് കയറിയശേഷം ഇരിക്കുന്ന ബെഞ്ചിനടുത്തേക്ക് നീങ്ങുമ്പോൾ കോടതിജീവനക്കാരോട് പരാതിയെഴുതാൻ കടലാസ് ചോദിച്ചു. കടലാസ് നൽകാൻ ജീവനക്കാർ വിസമ്മതിച്ചതോടെ പ്രകോപിതനായ പ്രതി പോലീസിനു നേരെ തിരിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബോധംകെട്ടുവീണ പോലീസുകാരനെ മറ്റു പോലീസുകാരും കോടതിജീവനക്കാരുമാണ് എടുത്ത് ആശുപത്രിയിലെത്തിച്ചത്. തിരുവനന്തപുരത്തുനിന്നുള്ള യാത്രയിൽ പ്രതി നിരന്തരം ബീഡി ആവശ്യപ്പെട്ടിരുന്നതായും നൽകാത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നും പോലീസ് പറഞ്ഞു. ചാലക്കുടി റെയിൽവെ സ്റ്റേഷനിൽനിന്ന് ബൈക്ക് മോഷ്ടിച്ച കേസിൽ വിചാരണയ്ക്കായിട്ടാണ് പ്രബിനും മനീഷും കൂടി തിരുവനന്തപുരത്തുനിന്ന് പ്രതിയുമായി ഞായറാഴ്ച രാത്രി എത്തിയത്. ഇരിങ്ങാലക്കുട സബ്ജയിലിൽ തങ്ങിയശേഷം രാവിലെ 10 മണിയോടെ ചാലക്കുടി മജിസ്ട്രേറ്റ് കോടതിയിൽ പ്രതിയെ എത്തിക്കുകയായിരുന്നു. യാത്രയിൽ തനിക്ക് ഭക്ഷണം നൽകിയില്ലെന്നും ഏറെദൂരം നടത്തിയെന്നും മജിസ്ട്രേറ്റിനു മുമ്പിൽ പ്രതി പരാതിപ്പെട്ടു. പോലീസിനെ ആക്രമിച്ചതിന് ചാലക്കുടി പോലീസ് രാമചന്ദ്രന്റെ പേരിൽ കേസെടുത്തു. കോടതിനിർദേശപ്രകാരം പുതിയ പോലീസുകാരാണ് പ്രതിയുമായി തിരുവനന്തപുരത്തേക്ക് മടങ്ങിയത്. Content Highlights:culprit attack police atchalakudy magistrate court usinghandcuff Thrissur


from mathrubhumi.latestnews.rssfeed https://ift.tt/2yozTKW
via IFTTT