Breaking

Wednesday, July 31, 2019

ദേശീയപാതാ വികസനത്തിന്റെ തടസ്സം നീങ്ങി

ന്യൂഡൽഹി: ഭൂമിയേറ്റെടുക്കാനുള്ള ചെലവിന്റെ 25 ശതമാനം സംസ്ഥാനസർക്കാർ വഹിക്കാമെന്നു കേന്ദ്രസർക്കാരുമായി ധാരണയുണ്ടാക്കിയതോടെ കേരളത്തിൽ ദേശീയപാതാ വികസനത്തിനുള്ള തടസ്സം നീങ്ങി. കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണു പ്രശ്നപരിഹാരം. 45 മീറ്ററിൽ ദേശീയപാത വികസിപ്പിക്കാനുള്ള നടപടി ഉടൻ തുടങ്ങുമെന്നു മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്കുശേഷം വാർത്താസമ്മേളനത്തിൽ അറിയിച്ചു. പാർലമെന്റുസമ്മേളനശേഷം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ദേശീയപാതാ ഉദ്യോഗസ്ഥരുമായി ചർച്ചനടത്തി നടപടികൾക്ക് അന്തിമരൂപം നൽകുമെന്നും അദ്ദേഹം അറിയിച്ചു. ദേശീയപാതയ്ക്കു ഭൂമിയേറ്റെടുക്കാനുള്ള വലിയ ചെലവ് കേരളത്തിൽ പ്രധാന തടസ്സമായി ഉന്നയിക്കപ്പെട്ടിരുന്നു. പകുതിച്ചെലവു സംസ്ഥാനം വഹിക്കണമെന്നായിരുന്നു നേരത്തേ കേന്ദ്രനിർദേശം. കഴിഞ്ഞമാസത്തെ ചർച്ചയിൽ 25 ശതമാനം എന്ന നിർദേശവുമുണ്ടായി. അതു വഹിക്കാൻ കേരളം തയ്യാറായതോടെയാണു തടസ്സങ്ങൾ നീങ്ങിയത്. ഏറ്റെടുക്കൽ ഉൾപ്പെടെ തയ്യാറായ സ്ഥലങ്ങളിൽ ആദ്യഘട്ടത്തിൽ ദേശീയപാതാ വികസനം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ബൈപ്പാസിന്റെ നിർമാണം ഉടൻ തുടങ്ങാമെന്നും ഗഡ്കരി ഉറപ്പു നൽകി. വടക്കഞ്ചേരി-തൃശ്ശൂർ ദേശീയപാതയിലെ കുതിരാൻ തുരങ്കനിർമാണം സ്തംഭിച്ചതും ചർച്ചയായി. കരാറുകാരൻ പണി ഉപേക്ഷിച്ചതാണു കാരണം. ഇക്കാര്യത്തിൽ ബദൽ നടപടി സ്വീകരിക്കാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. തുരങ്കനിർമാണത്തിൽ സംസ്ഥാന വനംവകുപ്പിന്റെ തടസ്സം നീക്കാൻ ഉടൻ നടപടിയെടുക്കും. കാസർകോട്-ചെങ്കള വരെയുള്ള പാതയുടെ നിർമാണവും ഉടൻ തുടങ്ങാവുന്ന സ്ഥിതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. Content Highlights:National High way development CM Pinarayi in Delhi


from mathrubhumi.latestnews.rssfeed https://ift.tt/30Y8Z8S
via IFTTT