ന്യൂഡൽഹി: ദേശിയ മെഡിക്കൽ കമ്മിഷൻ ബിൽ പാസാക്കിയതിനെതിരെ ഡോക്ടർമാർ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്ക് തുടങ്ങി. ബുധനാഴ്ച രാവിലെ ആറുമണി മുതൽ വ്യാഴാഴ്ച രാവിലെ ആറുവരെ 24 മണിക്കൂറാണ് സമരം. രാജ്യത്തെ സർക്കാർ, സ്വകാര്യ മേഖലയിലെ മുഴുവൻ ഡോക്ടർമാരും പണിമുടക്കിൽ പങ്കെടുക്കുന്നു. അത്യാഹിത, തീവ്രപരിചരണ, ശസ്ത്രക്രിയ വിഭാഗങ്ങളെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഡോക്ടർമാരുടെ പണിമുടക്കിനെ തുടർന്ന് ആശുപത്രികളിലെ ഒ.പി.കൾ ബുധനാഴ്ച പ്രവർത്തിക്കില്ല. കിടത്തിചികിത്സയുമുണ്ടാകില്ല. മെഡിക്കൽ വിദ്യാർഥികൾ ക്ലാസുകൾ ബഹിഷ്കരിക്കുകയും ചെയ്യും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ മെഡിക്കൽ മേഖലയുമായി ബന്ധമുള്ള പ്രാക്ടീഷണർമാർക്ക് പ്രാക്ടീസ് ചെയ്യാൻ പരിമിത ലൈസൻസ് നൽകുന്നത് ഉൾപ്പെടെയുള്ള വ്യവസ്ഥകളാണ് പുതിയ മെഡിക്കൽ കമ്മിഷൻ ബില്ലിലുള്ളത്. മെഡിക്കൽ വിദ്യാർഥികളുടെ അവസാനവർഷ പരീക്ഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് മാനദണ്ഡമാക്കാനും ബില്ലിൽ ശുപാർശയുണ്ട്. കഴിഞ്ഞദിവസം ലോക്സഭയിൽ വോട്ടിനിട്ട ബിൽ പ്രതിപക്ഷത്തിന്റെ എതിർപ്പ് മറികടന്നാണ് പാസാക്കിയത്. പാവപ്പെട്ടവർക്കെതിരും സമ്പന്നർക്ക് അനുകൂലവുമാണ് ദേശീയ മെഡിക്കൽ കമ്മിഷൻ ബില്ലെന്ന് ഐ.എം.എ. സെക്രട്ടറി ജനറൽ ആർ.വി. അശോകൻ, ദേശീയ വൈസ് പ്രസിഡന്റ് ജെ.എ. ജയലാൽ എന്നിവർ ചൊവ്വാഴ്ച വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ചില സംസ്ഥാനങ്ങളിലെ ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കാനെന്ന വ്യാജേന മൂന്നരലക്ഷം വ്യാജഡോക്ടർമാർക്ക് ലൈസൻസ് നൽകാനുള്ള വ്യവസ്ഥകൾ ആരോഗ്യമേഖലയ്ക്ക് വൻ തിരിച്ചടിയാകുമെന്ന് ഐ.എം.എ. സംസ്ഥാനപ്രസിഡന്റ് ഡോ. എം.ഇ. സുഗതനും സെക്രട്ടറി ഡോ. സുൽഫി നൂഹുവും പറഞ്ഞു. Content Highlights:doctors all india strike against national medical commission bill
from mathrubhumi.latestnews.rssfeed https://ift.tt/2YwfBK7
via
IFTTT