Breaking

Monday, July 29, 2019

അവിഹിതം ആരോപിച്ച് ഉപേക്ഷിച്ച നായ ഇനി നേഹയുടെ പൊന്നോമന

: ഏഴാം ക്ലാസുകാരി നേഹയുടെ സ്നേഹപ്രകടനത്തിനുമുന്നിൽ വാലാട്ടി അവൾ ‘അനാഥത്വ’ത്തിന്റെ സങ്കടമൊക്കെ കുടഞ്ഞുകളഞ്ഞു. പഴയ യജമാനന്റെ ‘ദുരഭിമാന’ത്തിന്റെ ഇരയായി തെരുവിൽ ഉപേക്ഷിക്കപ്പെട്ട ആ നായയെ ഏറ്റെടുത്ത് പുതിയ യജമാനൻ.മറ്റു നായ്ക്കളോട് ‘അവിഹിത ബന്ധം’ ആരോപിച്ച് അജ്ഞാതൻ ഉപേക്ഷിച്ച നായയെയാണ് മൃഗശാലാ ജീവനക്കാരൻ തൊഴുവൻകോട് ഐ.എ.എസ്. കോളനി ഭാസ്കരഭവനിൽ സജി ഏറ്റെടുത്തത്. സജിയുടെ മകളാണു നേഹ. പീപ്പിൾ ഫോർ ആനിമൽസ്(പി.എഫ്.എ.) പ്രവർത്തക ഷമീമിന്റെ സംരക്ഷണയിലായിരുന്നു നായ. ഒരാഴ്ച മുൻപാണ് പേട്ട ആനയറയ്ക്കു സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ പോമറേനിയൻ ഇനത്തിൽപ്പെട്ട നായയെ കണ്ടത്. സംഭവമറിഞ്ഞെത്തിയ ഷമീം നായയെ വീട്ടിലെത്തിച്ചു. അപ്പോഴാണ് നായയുടെ കഴുത്തിൽ വിചിത്രമായ കത്ത് കണ്ടത്. കത്ത് വായിച്ചപ്പോഴാണ് ‘അവിഹിത കഥ’യുെട ചുരുളഴിഞ്ഞത്.‘നല്ല ഒന്നാംതരം ഇനമാണ്. കുര മാത്രമേയുള്ളു. മൂന്നുവർഷമായി ആരെയും കടിച്ചിട്ടില്ല. അടുത്ത ഒരു പട്ടിയുമായി അവിഹിതബന്ധം കണ്ടതുകൊണ്ടാണ് ഇപ്പോൾ ഉപേക്ഷിക്കുന്നത്’ എന്നായിരുന്നു കത്തിൽ. നായയുടെ ഭക്ഷണ മെനു ഉൾപ്പെടെ കത്തിലുണ്ടായിരുന്നു. ‘സദാചാര വാദി’യായ ഈ അജ്ഞാത യജമാനനെ കണ്ടെത്താനാകാതിരുന്നതോടെ നായ ഷമീമിന്റെ വീട്ടിൽ കഴിഞ്ഞുവരികയായിരുന്നു. ഇതിനെത്തേടി സജി എത്തിയതും മറ്റൊരു കൗതുകമാണ്. ഇദ്ദേഹത്തിന്റെ വീട്ടിലുണ്ടായിരുന്ന പോമറേനിയൻ നായ ഈയിടെ ചത്തു. പുതിയ ഒന്നിനുവേണ്ടി മകൾ നേഹ നിർബന്ധം പിടിച്ചപ്പോൾ സജി വാക്കുകൊടുത്തു- ‘പരീക്ഷയ്ക്ക് നല്ല മാർക്ക് നേടിയാൽ നായയെ മേടിച്ചുതരാം.’ നേഹ നന്നായി പഠിച്ചു. ഉയർന്ന മാർക്ക് നേടിയപ്പോൾ അച്ഛൻ വാക്കുപാലിച്ചു. ഉപേക്ഷിക്കപ്പെട്ട നായയുടെ വാർത്ത ശ്രദ്ധയിൽപ്പെട്ട സജി ഷമീമിനെ സമീപിക്കുകയായിരുന്നു. ഈ നായയെ ആവശ്യപ്പെട്ട് അൻപതിലേറെ പേരാണ് ഇതിനിടെ ‘വെയിറ്റിങ് ലിസ്റ്റിൽ’ ഉണ്ടായിരുന്നത്. മൃഗശാലാ ജീവനക്കാരനായതിനാൽ സജിക്ക് ഇവളെ നൽകുകയായിരുന്നു. വീട്ടിലെത്തി അൽപ്പസമയത്തിനകം നായ നേഹയുമായി ചങ്ങാത്തത്തിലായി. കഴുത്തിലെ ബെൽറ്റ് ഊരിക്കളഞ്ഞ് സ്വതന്ത്രയാക്കി. ‘പപ്പി’ എന്ന പുതിയ പേരും ഇട്ടു. വീട്ടിലെത്തിയ അതിഥികളെ കുരച്ച് പേടിപ്പിച്ച് പപ്പി അടുത്ത ദിവസംതന്നെ വീടിന്റെ കാവൽക്കാരിയുമായി.


from mathrubhumi.latestnews.rssfeed https://ift.tt/2ylzSqR
via IFTTT