തിരുവനന്തപുരം: സസ്പെൻഷനിലുള്ള ഡി.ജി.പി. ജേക്കബ് തോമസിനെ തിരിച്ചെടുക്കാനുള്ള സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ വിധിക്കെതിരേ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കും. വിധി പരിശോധിച്ചശേഷം അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും നടപടി. ട്രിബ്യൂണൽ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പെട്ടെന്ന് പുനർനിയമനം നൽകേണ്ടെന്ന നിലപാടാണ് സർക്കാരിന്. ജേക്കബിനെ തിരിച്ചെടുക്കാൻ ട്രിബ്യൂണൽ ഉത്തരവിട്ടത് സർക്കാരിന് തിരിച്ചടിയായാണ് കണക്കാക്കുന്നത്. തുടർച്ചയായ സസ്പെൻഷൻ സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും സസ്പെൻഷൻ സംബന്ധിച്ച് കൃത്യമായ കാരണം ബോധ്യപ്പെടുത്താൻ സർക്കാരിനായില്ലെന്നും ഉത്തരവിൽ പറയുന്നുണ്ട്. ജേക്കബിനെ ഉടൻ സർവീസിൽ തിരികെ പ്രവേശിപ്പിക്കുകയാണെങ്കിൽ അത് സസ്പെൻഷൻ ഉൾപ്പടെയുള്ള സർക്കാർ നിലപാട് ശരിയല്ലെന്ന് സർക്കാർതന്നെ സമ്മതിക്കുന്നതിന് തുല്യമാകും. സസ്പെൻഷനിലുള്ളപ്പോൾതന്നെ ജോലിയിൽനിന്ന് വിരമിക്കാൻ ജേക്കബ് അപേക്ഷ നൽകിയിരുന്നെങ്കിലും സംസ്ഥാന സർക്കാർ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാരിൽനിന്ന് അനുകൂല തീരുമാനമുണ്ടായില്ല. സ്വയം വിരമിക്കലിലും തീരുമാനമായില്ല പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെപേരിലാണ് ജേക്കബിന് ആദ്യം സസ്പെൻഷൻ ലഭിച്ചത്. സർക്കാർവിരുദ്ധ പരാമർശത്തിന്റെ പേരിലായിരുന്നു അത്. പിന്നീട് 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിലൂടെ ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചതിന്റെപേരിൽ സസ്പെൻഷൻ നീട്ടി. ഇതിനുപിന്നാലെ അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ സർക്കാർ കമ്മിഷനെവെച്ചെങ്കിലും കമ്മിഷനുമായി സഹകരിക്കാൻ തയ്യാറാകാത്തതിന്റെപേരിൽ മൂന്നാമത്തെ സസ്പെൻഷനും ലഭിച്ചു. തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജർ വാങ്ങിയതിലെ ക്രമക്കേട് സംബന്ധിച്ച അന്വേഷണം ആരംഭിച്ചതോടെ സസ്പെൻഷൻ നീട്ടി. പിന്നീട് വിജിലൻസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മത്സരിക്കാൻ അദ്ദേഹം സ്വയം വിരമിക്കലിന് അപേക്ഷ നൽകിയെങ്കിലും അനുമതി ലഭിച്ചില്ല. സർക്കാരിനെ വിമർശിച്ചതിനും സർവീസ് ചട്ടലംഘനത്തിനും സസ്പെൻഷനിലായ ഉദ്യോഗസ്ഥനാണെന്നായിരുന്നു സർക്കാർ കേന്ദ്രത്തെ അറിയിച്ചത്. തുടർന്നാണ് ജേക്കബ് ട്രിബ്യൂണലിനെ സമീപിച്ചതും അനുകൂല ഉത്തരവ് നേടിയതും. നേരത്തേ സെൻകുമാർ സംഭവത്തിൽ സർക്കാരിന് സുപ്രീംകോടതിയിൽനിന്നേറ്റ തിരിച്ചടി ഓർത്തുകൊണ്ടാകും സർക്കാർ മുന്നോട്ടുപോവുക. സംസ്ഥാന പോലീസ് മേധാവിസ്ഥാനത്തുനിന്ന് മാറ്റിയ നടപടിക്കെതിരേ സെൻകുമാർ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചെങ്കിലും ട്രിബ്യൂണൽ നടപടി ശരിവെച്ചു. ഇതിൽ ഇടപെടില്ലെന്ന് ഹൈക്കോടതിയും വ്യക്തമാക്കി. ഇതിനിടെ സെൻകുമാറിനെ ഐ.എം.ജി. ഡയറക്ടറാക്കി. എന്നാൽ, സെൻകുമാർ സുപ്രീംകോടതിയെ സമീപിക്കുകയും അദ്ദേഹത്തെ തിരിച്ചെടുക്കാൻ കോടിതി നിർദേശിക്കുകയും െചയ്തു. Content Highlights:State Govt will move SC against CAT order
from mathrubhumi.latestnews.rssfeed https://ift.tt/2OomDRd
via
IFTTT