കോഴിക്കോട്: ഇന്ന് കർക്കടകവാവ്. പിതൃമോക്ഷം തേടി പതിനായിരങ്ങൾ ബലിതർപ്പണം നടത്തുന്നു. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ബുധനാഴ്ച പുലർച്ചെയോടെ വാവുബലി ചടങ്ങുകൾ ആരംഭിച്ചു. പലയിടത്തും വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. തിരുവനന്തപുരത്ത് ശംഖുമുഖം കടപ്പുറം, തിരുവല്ലം പരശുരാമസ്വാമിക്ഷേത്രം, വർക്കല പാപനാശം കടപ്പുറം എന്നിവിടങ്ങളിലാണ് പ്രധാനമായും ബലിതർപ്പണ ചടങ്ങുകൾ നടക്കുന്നത്. പുലർച്ചെയോടെ തന്നെ ഇവിടങ്ങളിൽ ബലിതർപ്പണം ആരംഭിച്ചിരുന്നു. ബലിതർപ്പണത്തിനെത്തുന്നവർക്ക് ആവശ്യമായ സുരക്ഷാസംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ആലുവ മണപ്പുറത്തും പുലർച്ചെയോടെ ബലിതർപ്പണ ചടങ്ങുകൾ തുടങ്ങി. മലപ്പുറം തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രത്തിൽ പുലർച്ചെ രണ്ടുമണിയോടെയാണ് ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചത്. ഭാരതപ്പുഴയിൽ ജലനിരപ്പുയർന്നതിനാൽ ഇവിടെ സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി. മുങ്ങൽവിദഗ്ധരടക്കമുള്ളവർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. ഒരേസമയം 1500-ലേറെ പേർക്ക് ബലിതർപ്പണം നടത്താനുള്ള സംവിധാനങ്ങളാണ് തിരുന്നാവായയിൽ ഒരുക്കിയിരിക്കുന്നത്. ബുധനാഴ്ച ഉച്ചവരെ ബലിതർപ്പണ ചടങ്ങുകൾ നീളും. കോഴിക്കോട് വരക്കൽ കടപ്പുറം, വയനാട് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിലും ബലിതർപ്പണത്തിന് ആയിരങ്ങളാണെത്തിയത്. ബുധനാഴ്ച പുലർച്ചെ മുതൽ ആരംഭിച്ച ബലിതർപ്പണ ചടങ്ങുകൾ വിപുലമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. Content Highlights:karkidaka vavu bali 2019 kerala
from mathrubhumi.latestnews.rssfeed https://ift.tt/2YtOX4h
via
IFTTT