Breaking

Wednesday, July 31, 2019

എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; അഞ്ചുപേര്‍ക്ക് പരിക്ക്

കുന്നംകുളം: പഴഞ്ഞി എം.ഡി. കോളേജിൽ എസ്.എഫ്.ഐ. പ്രവർത്തകർ തമ്മിൽ സംഘർഷം. കോളേജിനു പുറത്തുനിന്നെത്തിയവരടക്കമുള്ള എസ്.എഫ്.ഐ. പ്രവർത്തകരുടെ ആക്രമണത്തിൽ അഞ്ച് വിദ്യാർഥികൾക്ക് പരിക്കേറ്റു. 20 ആളുകളുടെ പേരിൽ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. കാമ്പസിൽ ഇരിക്കുകയായിരുന്ന വിദ്യാർഥികളെയാണ് ബൈക്കുകളിലെത്തിയ സംഘം ആക്രമിച്ചത്. രണ്ട്, മൂന്ന് വർഷ ബിരുദവിദ്യാർഥികളായ പട്ടാമ്പി കൂട്ടുപാത മൂച്ചികൂട്ടത്തിൽ വീട്ടിൽ ഫൈസൽ (19), കേച്ചേരി ചിറനെല്ലൂർ വൈശ്യംവീട്ടിൽ ഉബൈദ് (21), പോർക്കുളം കാരുകുളം മുതുകുളങ്ങര ഋത്വിക് (19), ചാവക്കാട് കടപ്പുറം പഴുമിന്നൽവീട്ടിൽ രാഹുൽ (20), എരുമപ്പെട്ടി ചൊമല്ലിൽ വീട്ടിൽ ഷാരൂഖ് (23) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ കുന്നംകുളത്തെ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. ഫൈസലിന്റെ തലയ്ക്കും കൈയിനും പരിക്കേറ്റിട്ടുണ്ട്. ഋത്വിക്കിന് കമ്പികൊണ്ട് അടിയേറ്റു. വെള്ളിയാഴ്ച കോളേജിലെ മുതിർന്ന വിദ്യാർഥികളും ആദ്യവർഷ വിദ്യാർഥികളും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. കോളേജ് അധികൃതർ ഇത് രക്ഷാകർത്താക്കളെ വിളിച്ചുവരുത്തി ഒത്തുതീർപ്പാക്കി. ഇതിന്റെ തുടർച്ചയായി ചൊവ്വാഴ്ച രാവിലെ കോളേജിൽ തർക്കമുണ്ടായി. എസ്.എഫ്.ഐ. യൂണിറ്റ് പ്രസിഡന്റ് ബെന്ന, കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി വിഷ്ണുനാരായണൻ എന്നിവർക്ക് ഇതിൽ പരിക്കേറ്റിരുന്നു. കുന്നംകുളത്തുനിന്ന് പോലീസെത്തിയാണ് വിദ്യാർഥികളെ പിരിച്ചുവിട്ടത്. ഇതിനെത്തുടർന്നാണ് വീണ്ടും അക്രമം ഉണ്ടായത്. കോളേജിലെ പൂർവവിദ്യാർഥികളും മറ്റു കോളേജുകളിൽനിന്നെത്തിയവരുമാണ് മർദിച്ചതെന്ന് പരിക്കേറ്റ വിദ്യാർഥികൾ പറഞ്ഞു. ക്രിക്കറ്റ് സ്റ്റമ്പ്, ഇരുമ്പുദണ്ഡ്, കമ്പി, പട്ടിക തുടങ്ങിയവയുമായെത്തിയാണ് ആക്രമിച്ചത്. യൂണിറ്റ് ഭാരവാഹികളുടെ പ്രവർത്തനങ്ങൾക്ക് എതിരേ നിൽക്കുന്നവരെ അക്രമത്തിലൂടെ അടിച്ചമർത്താനും ലഹരി ഉപയോഗിക്കുന്നവരെന്ന് മുദ്രകുത്തി കോളേജിൽനിന്ന് പുറത്താക്കാനുമാണ് ശ്രമിക്കുന്നതെന്ന് ഇവർ കുറ്റപ്പെടുത്തി. അക്രമത്തിന് നേതൃത്വം നൽകിയവരുടെ വിവരങ്ങൾ വിദ്യാർഥികൾ പോലീസിന് കൈമാറിയിട്ടുണ്ട്. സംഭവത്തിൽ 20 ആളുകളുടെ പേരിൽ കേസെടുത്തതായി എസ്.എച്ച്.ഒ. കെ.ജി. സുരേഷ് പറഞ്ഞു. കുറ്റക്കാരുടെ പേരിൽ നടപടിയെടുക്കും - സി.പി.എം. കുന്നംകുളം: പഴഞ്ഞി എം.ഡി. കോളേജിൽ സംഘർഷമുണ്ടാക്കിയവരിൽ പാർട്ടിയുമായി ബന്ധമുള്ളവരുണ്ടെങ്കിൽ നടപടിയെടുക്കുമെന്ന് സി.പി.എം. കാമ്പസിനകത്ത് സമാധാനാന്തരീക്ഷമുണ്ടാക്കാൻ പോലീസിനോടും കോളേജ് അധികൃതരോടും ആവശ്യപ്പെട്ടിട്ടുണ്ട്. കാമ്പസിനകത്തുള്ളവരായാലും പുറത്തുനിന്നുള്ളവരായാലും അക്രമം നടത്തുന്നത് അംഗീകരിക്കില്ല. കുറ്റവാളികളെ സംരക്ഷിക്കില്ല. കേസിന്റെ തുടർനടപടികളുമായി സഹകരിക്കുമെന്നും ഏരിയാ സെക്രട്ടറി എം.എൻ. സത്യൻ പറഞ്ഞു. പരിക്കേറ്റവരെ എസ്.എഫ്.ഐ. സംസ്ഥാന ജോയിന്റ് സെക്രട്ടറി ശരത്ചന്ദ്ര പ്രസാദ്, ജില്ലാ സെക്രട്ടറി സംഗീത്, സി.പി.എം. നേതാക്കളായ പി.എം. സോമൻ, സി.ജി. രഘുനാഥ്, കെ.ബി. ഷിബു, കെ.ഡി. പ്രവീൺ തുടങ്ങിയവർ സന്ദർശിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2Mq0iA1
via IFTTT