മുംബൈ:ഇന്ത്യൻ കോഫിഹൗസ് ശൃംഖലയായ 'കഫേ കോഫി ഡേ'യുടെ സ്ഥാപകൻ വി.ജി. സിദ്ധാർഥയെ കാണാനില്ലെന്ന വാർത്ത പരന്നതോടെ കമ്പനിയുടെ ഓഹരികളിൽ വലിയ ഇടിവ്. കഫേ കോഫി ഡേ ഉടമസ്ഥരായ കോഫി ഡേ എന്റർപ്രൈസസിന്റെ ഓഹരിവിലയാണ് കുത്തനെ ഇടിഞ്ഞത്. 154.05 രൂപയിൽനിന്ന് 72.80 രൂപയിലേക്ക് 20 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. ഈ ഓഹരിയുടെ ഇന്നേവരെയുള്ള ഏറ്റവും താഴ്ന്ന വിലയാണിത്. ആഗോള കോഫിഹൗസ് ശൃംഖലയായ 'സ്റ്റാർബക്സി'ന്റെ ഇന്ത്യൻ എതിരാളിയെന്നു വിശേഷിപ്പിക്കപ്പെടുന്ന കഫേ കോഫി ഡേ എന്റർപ്രൈസസിൽ സിദ്ധാർഥയ്ക്ക് 32.75 ശതമാനം ഓഹരികളാണുള്ളതെന്നു വ്യക്തമായിട്ടുണ്ട്. ഒട്ടേറെ ബിസിനസുകളുള്ള ഗ്രൂപ്പിന്റെ പ്രധാന ബിസിനസാണ് കഫേ കോഫി ഡേ. ഐ.ടി. കമ്പനിയായ 'മൈൻഡ്ട്രീ'യുടെ നോൺ എക്സിക്യുട്ടീവ് ഡയറക്ടർകൂടിയാണ് വി.ജി. സിദ്ധാർഥ. ഇക്കഴിഞ്ഞ മാർച്ചിൽ 'മൈൻഡ്ട്രീ'യുടെ 20 ശതമാനം ഓഹരികൾ 3300 കോടി രൂപയ്ക്ക് ലാർസൻ ആൻഡ് ടൂബ്രോ (എൽ ആൻഡ് ടി) സിദ്ധാർഥയിൽനിന്ന് വാങ്ങിയിരുന്നു. 'മൈൻഡ്ട്രീ'യിലെ ഓഹരികൾ സിദ്ധാർഥ വിറ്റത് 2900 രൂപയുടെ കടബാധ്യത തീർക്കാനായിരുന്നെന്നു പിന്നീട് വാർത്തകൾ പുറത്തുവന്നിരുന്നു. കോഫി ഡേ എന്റർപ്രൈസസിന്റെ കീഴിലുള്ള കഫേ കോഫി ഡേ ബ്രാൻഡ് രാജ്യാന്തര ശീതളപാനീയ ബ്രാൻഡായ കൊക്കകോളയ്ക്കു വിൽക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുന്നതിനിടെയാണ് സിദ്ധാർഥയെ കാണാതായത്. Content Highlights:Cafe coffee Day shares slump
from mathrubhumi.latestnews.rssfeed https://ift.tt/2ysjMMl
via
IFTTT