Breaking

Friday, July 26, 2019

ചന്ദ്രയാൻ-2നെ കാത്തിരിക്കുന്നത് ജലപ്പരപ്പോ...?

ന്യൂഡൽഹി: ഇന്ത്യയുടെ 'ചന്ദ്രയാൻ-2' ദൗത്യം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെത്തുമ്പോൾ അവിടെ കാത്തിരിക്കുന്നത് ജലപ്പരപ്പായേക്കാമെന്നു വിലയിരുത്തൽ. മുമ്പു കരുതിയിരുന്നതിനെക്കാൾ കൂടുതൽ തണുത്തുറഞ്ഞവെള്ളം അവിടെയുണ്ടാകുമെന്നാണ് മുൻപഠനങ്ങളെ അടിസ്ഥാനമാക്കി ഗവേഷകർ കണക്കാക്കുന്നത്. സൗരയൂഥത്തിലെ ഏറ്റവും തണുത്ത കാലാവസ്ഥയുള്ള ഇടങ്ങളിലൊന്നാണ് ചന്ദ്രന്റെ ദക്ഷിണധ്രുവമെന്ന് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിലെ അസോസിയേറ്റ് പ്രൊഫസർ സുദീപ് ഭട്ടാചാര്യ പറഞ്ഞു. സങ്കല്പിക്കാൻ കഴിയാത്തവിധമുള്ള തണുപ്പും വ്യാപകമായി ചെറുഗർത്തങ്ങളുമുള്ള പ്രദേശമാണവിടം. ഒന്നുകിൽ സ്ഥലം സൂര്യപ്രകാശത്തിൽ കുളിച്ചുനിൽക്കും. അല്ലെങ്കിൽ ഇരുട്ടിലാണ്ടുകിടക്കും. ഇക്കാരണത്താലാണ് 2024-ൽ അവിടേക്കു മനുഷ്യനെ അയക്കാൻ ആഗ്രഹിക്കുന്നെന്ന് യു.എസ്. ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ പറയുന്നത്. “ചന്ദ്രന്റെ ദക്ഷിണധ്രുവം ഉത്തരധ്രുവത്തെക്കാൾ കൂടുതൽ നിഴൽനിറഞ്ഞ പ്രദേശമാണ്. വെളിച്ചമേയെത്താത്ത ഇടങ്ങളാവും കൂടുതൽ”- ഭട്ടാചാര്യ പറഞ്ഞു. ബുധനിലെയും ചന്ദ്രനിലെയും ഗർത്തങ്ങൾ തമ്മിലുള്ള സാമ്യം യു.എസിലെ കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ പഠിച്ചിരുന്നു. ചന്ദ്രനിൽ സദാ ഇരുട്ടുറഞ്ഞുകിടക്കുന്ന ഗർത്തങ്ങളിൽ ഐസ് കട്ടപിടിച്ചുകിടക്കുന്നതിന്റെ തെളിവുകിട്ടിയെന്ന് 'നേച്ചർ ജിയോസയൻസ്' ജേണലിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ ഇവർ പറഞ്ഞിട്ടുണ്ട്. ബുധന്റെ ഉത്തരധ്രുവത്തോടുചേർന്ന 2,000 ഗർത്തങ്ങളും ചന്ദ്രനിലെ 12,000 ഗർത്തങ്ങളുമാണ് താരതമ്യപ്പെടുത്തിയത്. മെർക്കുറി ലേസർ ഓൾട്ടിമീറ്ററുപയോഗിച്ചായിരുന്നു ബുധനിലെ പഠനം. നാസയുടെ ലൂണാർ റെക്കനൈസൻസ് ഓർബിറ്ററാണ് (എൽ.ആർ.ഒ.) ചന്ദ്രനിലെ പഠനത്തിനുപയോഗിച്ചത്. വെളിച്ചം ഒരിക്കൽപ്പോലും എത്തിനോക്കിയിട്ടില്ലാത്തവയുൾപ്പെടെയുള്ള ചില ഗർത്തങ്ങളാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ഏറ്റവും പ്രലോഭനീയമായ ഘടകമെന്ന് നാസയുടെ ഗൊദാർദ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ഗവേഷകർ പറയുന്നു. സ്ഥിരമായി ഇരുട്ടടഞ്ഞുകിടക്കുന്ന ഈ ഗർത്തങ്ങളിൽ സൗരയൂഥത്തിലെ ഏറ്റവും കൊടിയ തണുപ്പാണെന്നാണ് എൽ.ആർ.ഒ. കണ്ടെത്തിയത്. അതിനാൽ, വെള്ളം പോലുള്ള പദാർഥങ്ങൾ അനന്തകാലം കിടക്കാനുള്ള പരിസ്ഥിതിയാണ് അവയ്ക്കുള്ളിലെന്നു ഗവേഷകർ പറയുന്നു. ഗർത്തങ്ങളിലെ തണുപ്പ് മൈനസ് 233 ഡിഗ്രി സെൽഷ്യസ് വരെ താഴുന്നതിനാൽ മഞ്ഞുകട്ടിയായി മണ്ണോടുചേർന്നുകിടക്കുന്ന വെള്ളം ചന്ദ്രോപരിതലത്തിലേക്കു പതിയെ വരുന്നുണ്ടെന്നാണ് നാസയിലെ ശാസ്ത്രജ്ഞർ 'ജിയോഫിസിക്കൽ റിസർച്ച് ലെറ്റേഴ്സ്' എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ പറയുന്നത്. ചന്ദ്രയാൻ-1 ദൗത്യം ചന്ദ്രോപരിതലത്തിലെ ജലസാന്നിധ്യത്തിന്റെ തെളിവുശേഖരിച്ചിരുന്നു. Content Highlights: Chandrayan 2 ISRO moon


from mathrubhumi.latestnews.rssfeed https://ift.tt/2yfd7Fb
via IFTTT