ന്യൂഡൽഹി: വിവാദമായ ദേശീയ മെഡിക്കൽ കമ്മിഷൻ ബിൽ പ്രതിപക്ഷത്തിന്റെ എതിർപ്പിനെ മറികടന്നു ലോക്സഭ പാസാക്കി. അഴിമതിയാരോപണം നേരിടുന്ന മെഡിക്കൽ കൗൺസിലിനുപകരം മെഡിക്കൽ വിദ്യാഭ്യാസത്തിനു മേൽനോട്ടം വഹിക്കാൻ ദേശീയ മെഡിക്കൽ കമ്മിഷനെ നിയോഗിക്കാൻ ബിൽ വ്യവസ്ഥ ചെയ്യുന്നു. സ്വകാര്യമെഡിക്കൽ കോളേജുകളിലെയും സ്വയംഭരണ സർവകലാശാലകളിലെയും 50 ശതമാനംവരെ സീറ്റുകളിലെ ഫീസ് നിർണയത്തിനാവശ്യമായ മാർഗനിർദേശങ്ങൾ നൽകാനുള്ള അധികാരം മെഡിക്കൽ കമ്മിഷനായിരിക്കും. എം.ബി.ബി.എസ്. ഫൈനൽ പരീക്ഷയെ ബിരുദാനന്തരബിരുദത്തിന്റെ പ്രവേശന പ്പരീക്ഷയായി കണക്കാക്കും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ മെഡിക്കൽ മേഖലയുമായി ബന്ധമുള്ള പ്രാക്ടീഷണർമാർക്ക് പ്രാക്ടീസ് ചെയ്യാൻ പരിമിത ലൈസൻസ് നൽകും തുടങ്ങിയ വ്യവസ്ഥകളും ബില്ലിലുണ്ട്. ജനാധിപത്യവിരുദ്ധമായ ഘടനയാണു മെഡിക്കൽ കമ്മിഷന്റേതെന്ന് ആരോപിച്ച് പ്രതിപക്ഷം ഉയർത്തിയ എതിർപ്പിനെ മറികടന്ന് ശബ്ദവോട്ടോടെയാണു ബിൽ പാസാക്കിയത്. എൻ.കെ. പ്രേമചന്ദ്രന്റെ 35 ഭേദഗതികൾ അടക്കം പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികൾ ശബ്ദവോട്ടിൽ തള്ളി. മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ പൂർണനിയന്ത്രണം കേന്ദ്രസർക്കാരിൽ നിക്ഷിപ്തമാക്കാനുള്ള തന്ത്രമാണു ബില്ലെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തി. 50 ശതമാനം വരെയുള്ള സീറ്റുകളിലെ ഫീസ് നിർണയത്തെക്കുറിച്ച് ബില്ലിൽ അവ്യക്തതയുണ്ട്. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ നിയമിക്കുന്ന മധ്യനിര പ്രാക്ടീഷണർമാരുടെ യോഗ്യത വ്യക്തമാക്കിയിട്ടില്ല -അവർ ആരോപിച്ചു. മെഡിക്കൽവിദ്യാഭ്യാസ രംഗത്തു വൻപരിഷ്കരണത്തിനു ബിൽ വഴിവെക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ പറഞ്ഞു. അവസാന വർഷ എം.ബി.ബി.എസ്. പരീക്ഷയെ പി.ജി. പഠനത്തിനും ഡോക്ടർമാരായി പ്രാക്ടീസ് ചെയ്യുന്നതിനുമുള്ള മാനദണ്ഡമാക്കാനുള്ള വ്യവസ്ഥ വിദ്യാർഥികൾക്കു ഗുണകരമാണ്. 50 ശതമാനം സീറ്റുകളിൽ കൂടി ഫീസ് നിർണയത്തിനു മാർഗ നിർദേശമുണ്ടാക്കുന്നതോടെ 75 ശതമാനത്തോളം സീറ്റുകൾ സാധാരണക്കാർക്കു ലഭ്യമാകും. ഈ സീറ്റു ശതമാനം വർധിപ്പിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങൾക്കുണ്ടെന്നും മന്ത്രി പറഞ്ഞു. ബിൽ പാസാക്കാനുള്ള അനുമതി വോട്ടെടുപ്പിലൂടെയാണു നേടിയത്. 48-നെതിരേ 260 വോട്ടുകൾ സർക്കാർ നേടി. Content Highlights: National Medical Commission Bill
from mathrubhumi.latestnews.rssfeed https://ift.tt/2OprUba
via
IFTTT