Breaking

Friday, July 26, 2019

പാലക്കാട് ഐ.ഐ.ടി.യുടെ ആദ്യബാച്ച് പുറത്തിറങ്ങുന്നു

പാലക്കാട്: പാലക്കാട് ഐ.ഐ.ടി.യിൽ പഠനം പൂർത്തിയാക്കിയ ആദ്യബാച്ചിന്റെ ബിരുദദാനച്ചടങ്ങ് 27-ന് വൈകുന്നേരം നാലിന് നടക്കും. 101 ബി.ടെക് വിദ്യാർഥികളും രണ്ട് മാസ്റ്റർ ഓഫ് സയൻസ് വിദ്യാർഥികളുമാണ് ആദ്യബാച്ചിൽ പുറത്തിറങ്ങുന്നത്. ആദ്യബാച്ചിലെ പകുതിയിലേറെ പേർക്കും കാമ്പസ് പ്ലേസ്മെന്റ് വഴി മികച്ചജോലി ലഭിച്ചിട്ടുണ്ടെന്ന് പാലക്കാട് ഐ.ഐ.ടി. ഡയറക്ടർ ഡോ. പി.ബി. സുനിൽകുമാർ പറഞ്ഞു. പ്രതിവർഷം ശരാശരി 7.75 ലക്ഷം ശമ്പളമാണ് നിയമനവാഗ്ദാനം ലഭിച്ചവർക്ക് നൽകുന്നത്. 104 വിദ്യാർഥികളിൽ 74 പേർ തൊഴിലവസരത്തിനായി രജിസ്റ്റർചെയ്തിരുന്നു. രണ്ട് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുൾപ്പെടെ 62 സ്ഥാപനങ്ങൾ തൊഴിൽ നൽകാൻ തയ്യാറായി. 64 പേർക്ക് ജോലിവാഗ്ദാനം ലഭിച്ചു. 57 പേർ സ്വീകരിച്ചു. കഞ്ചിക്കോട് ഗ്രാമലക്ഷ്മി മുദ്രാലയത്തിനടുത്തുള്ള ഐ.ഐ.ടി.യുടെ ട്രാൻസിറ്റ്കാമ്പസിലാണ് ബിരുദദാനച്ചടങ്ങ്. ഡി.ആർ.ഡി.ഒ. ചെയർമാനും കേന്ദ്ര പ്രതിരോധ ഗവേഷണ വികസനവകുപ്പ് സെക്രട്ടറിയുമായ ഡോ. ജി. സതീഷ് റെഡ്ഡിയാണ് മുഖ്യാതിഥി. പുതിയ അധ്യയനവർഷത്തെ വിദ്യാർഥികളുടെ പ്രവേശനം പൂർത്തിയായി. 176 പേർക്ക് പ്രവേശനം നൽകി. കേരളത്തിൽനിന്ന് ഇത്തവണ 27 പേർക്ക് പ്രവേശനം ലഭിച്ചു.ആദ്യബാച്ചിൽ 12 പേരായിരുന്നു മലയാളികൾ. പുതിയബാച്ചിന്റെ ക്ലാസുകൾ ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും. 2015-ലാണ് സ്ഥാപനം പ്രവർത്തനം തുടങ്ങിയത്. 2017-ൽ വികസിപ്പിച്ചെടുത്ത, ഭൗതികശാസ്ത്രത്തിലും എൻജിനീയറിങ് വിഷയങ്ങളിലും ഗവേഷണത്തിന് കംപ്യൂട്ടിങ് അടിത്തറ പ്രദാനംചെയ്യുന്ന ചന്ദ്ര ഹൈ പെർഫോർമൻസ് കംപ്യൂട്ടിങ് ക്ലസ്റ്ററുൾപ്പെടെ ഒട്ടേറെ നേട്ടങ്ങൾ ഇതിനകം പാലക്കാട് ഐ.ഐ.ടി.യുടെ പേരിൽ പുറത്തുവന്നുകഴിഞ്ഞു. വിവിധ വിഷയങ്ങളിലായി 82 പ്രബന്ധങ്ങളും പ്രസിദ്ധീകൃതമായി. കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റേതുൾപ്പെടെ 30 കൺസൾട്ടൻസി പ്രോജക്ടുകളും ഇവിടെ നടന്നുവരുന്നു. Content Highlights:Convocation for First Batch of IIT Palakkad to be Conducted on 27th July


from mathrubhumi.latestnews.rssfeed https://ift.tt/2Gv5ZsF
via IFTTT