Breaking

Sunday, July 28, 2019

മുംബൈയിൽ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ തീവണ്ടിയിെല 1050 യാത്രികരെയും രക്ഷപ്പെടുത്തി

മുംബൈ: കനത്തമഴയിൽ വെള്ളപ്പൊക്കത്തിൽ കുടുങ്ങിപ്പോയ തീവണ്ടിയിലെ 1050 യാത്രികർ 17 മണിക്കൂറിനുശേഷം ആശ്വാസതീരമണഞ്ഞു. വെള്ളിയാഴ്ച രാത്രി മുംബൈയിൽനിന്ന് കോലാപ്പുരിലേക്ക് പുറപ്പെട്ട മഹാലക്ഷ്മി എക്സ്പ്രസാണ് ശനിയാഴ്ച പുലർച്ചെ മൂന്നുമണിയോടെ പ്രളയത്തിൽ കുടുങ്ങിയത്. മുന്നോട്ടുനീങ്ങാനാകാതെ മുംബൈയിൽനിന്ന് 600 കിലോമീറ്റർ അകലെ ബദ്‌ലാപ്പുർ, വാംഗനി സ്റ്റേഷനുകൾക്കിടയിൽ ചംടോലിയിൽ തീവണ്ടി കുടുങ്ങി. പാളത്തിലുൾപ്പെടെ വെള്ളം കയറി. ഒന്പത് ഗർഭിണികളും ഒരുമാസംമാത്രമായ കുട്ടിയുമടക്കം 1050 യാത്രികരാണ് തീവണ്ടിയിലുണ്ടായിരുന്നത്.ദുരന്തനിവാരണസേനയുടെയും മൂന്ന് സേനാ വിഭാഗങ്ങളുടെയും പോലീസിന്റെയും നാട്ടുകാരുടെയും സംയുക്തനീക്കത്തിലൂടെയാണ്‌ വൻ ദുരന്തം ഒഴിവാക്കിയത്. പൂർണമായി വെള്ളത്തിൽമുങ്ങിയ പാതയിൽ ഒറ്റപ്പെട്ടുക്കിടന്ന വണ്ടിയിൽനിന്ന് വൈകീട്ട് മൂന്നുമണിയോടെ റബ്ബർ ബോട്ടുകളിലാണ് യാത്രികരെ മുഴുവൻ പുറത്തെത്തിച്ചത്. വെള്ളിയാഴ്ച രാവിലെ മുതൽ തുടർച്ചയായി പെയ്യുന്ന മഴയിൽ ബദ്‌ലാപ്പുരിലൂടെയൊഴുകുന്ന ഉല്ലാസ് നദി കരകവിഞ്ഞതാണ് പ്രളയത്തിനിടയാക്കിയത്. വണ്ടി നിർത്തിയത് സുരക്ഷിതമായ സ്ഥലത്തായിരുന്നു. എങ്കിലും പെട്ടെന്ന് പാളത്തിൽ ജലനിരപ്പ് ഉയരാൻ തുടങ്ങിയത് പരിഭ്രാന്തി പരത്തി.പുറത്തിറങ്ങാതെ തീവണ്ടിയിൽത്തന്നെ കഴിയാൻ യാത്രികർക്കു നിർദേശം നൽകിയ മധ്യറെയിൽവേ രാവിലെ സംയുക്ത രക്ഷാപ്രവർത്തനം തുടങ്ങി. ദുരന്തനിവാരണസേനയും ദ്രുതകർമസേനയും സ്ഥലത്തെത്തിയെങ്കിലും കരമാർഗം തീവണ്ടിക്കടുത്തെത്താൻ കഴിഞ്ഞില്ല. റബ്ബർബോട്ടിൽ റെയിൽവേ അധികൃതർ യാത്രികർക്ക് ആദ്യം വെള്ളവും ബിസ്കറ്റും എത്തിച്ചു. നാവികസേനയുടെയും വ്യോമ സേനയുടെയും ഹെലികോപ്റ്ററുകൾ അപ്പോഴേക്കും സ്ഥലത്തെത്തി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിന്റെ നിർദേശപ്രകാരം ചീഫ് സെക്രട്ടറി അജോയ് മേത്ത രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. തീവണ്ടിയിൽ കുടുങ്ങിയ യാത്രികരെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തണമെന്ന് മുഖ്യമന്ത്രി വ്യോമസേനയോട് അഭ്യർഥിച്ചിരുന്നെങ്കിലും റബ്ബർബോട്ടുകളിൽത്തന്നെ എല്ലാവരെയും കരയ്ക്കെത്തിക്കാനായി. ഗർഭിണികൾ അടക്കമുള്ള സ്ത്രീകളെയും കുട്ടികളെയുമാണ് ആദ്യം ബോട്ടിൽ കയറ്റിയത്. മൂന്നുമണിയോടെ മുഴുവൻ യാത്രികരെയും രക്ഷപ്പെടുത്തിയതായി മധ്യറെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ സുനിൽ ഉദാസി അറിയിച്ചു. ബോട്ടിൽ റോഡിലെത്തിച്ച യാത്രികരെ അവിടെനിന്ന് പ്രത്യേകം ബസുകളിൽ ബദ്‌ലാപ്പുർ സ്റ്റേഷനിലെത്തിച്ചു. അവിടെനിന്ന് വെള്ളവും ഭക്ഷണവും നൽകി. യാത്രികരെ കോലാപ്പുരിലെത്തിക്കാൻ അപ്പോഴേക്ക് 19 ബോഗികളുള്ള പ്രത്യേക വണ്ടി സജ്ജമാക്കിയിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2JWu9yv
via IFTTT