Breaking

Wednesday, July 31, 2019

ലിംഗസമത്വ അവബോധം: വളയൻചിറങ്ങര സ്കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ യൂണിഫോം

കൊച്ചി: വളയൻചിറങ്ങര ഗവ. എൽ.പി. സ്കൂൾ ഓഗസ്റ്റ് ഒന്നുമുതൽ 'യൂണിഫോമി'ലായിരിക്കും. സ്കൂളിൽ യൂണിഫോമിനെന്ത് പുതുമയെന്ന് അദ്ഭുതപ്പെടാൻ വരട്ടെ. ഷർട്ടും ഷോർട്സുമെന്ന ഏക വേഷത്തിലായിരിക്കും ഇനി സ്കൂളിലെ മിടുക്കൻമാരും മിടുക്കികളും. ലിംഗസമത്വ അവബോധമെന്ന വലിയ സന്ദേശം കുട്ടികളിലേക്ക് എത്തിക്കാനുള്ള ചെറിയ ശ്രമമാണ് വളയൻചിറങ്ങരയിലെ ഈ സർക്കാർ വിദ്യാലയത്തിന്റേത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സർക്കാർ സ്കൂൾ ആൺ-പെൺ ഭേദമില്ലാതെ യൂണിഫോം അവതരിപ്പിക്കുന്നതെന്ന് ഹെഡ്മിസ്ട്രസ് സി. രാജി പറയുന്നു. 2018-19 അധ്യയന വർഷത്തിൽ പ്രീ പ്രൈമറിയിൽ ടീ ഷർട്ടും ഷോർട്സും നടപ്പാക്കിയിരുന്നു. നാലു വരെയുള്ള ക്ലാസുകളിലേക്കും ഓഗസ്റ്റ് ഒന്നു മുതൽ 'യൂണിഫോം' വ്യാപിപ്പിക്കുകയാണ്. സർക്കാർ തലത്തിൽ തുടക്കമിട്ട ലിംഗസമത്വ പദ്ധതികളുടെ തുടർച്ചയാണിതെന്ന് സ്കൂൾ അധികൃതർ പറയുന്നു. എല്ലാ കുട്ടികൾക്കും യൂണിഫോം തയ്ക്കാൻ തുണി കിട്ടാതെ വന്നതിനാലാണ് പദ്ധതി നടപ്പാക്കൽ ഓഗസ്റ്റ് വരെ നീണ്ടത്. ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ പ്രൈമറി വിദ്യാലയമാണ് വളയൻചിറങ്ങര ഗവ. എൽ.പി. സ്കൂളെന്നും ഹെഡ്മിസ്ട്രസ് പറയുന്നു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ 681 കുട്ടികളുണ്ട്. ഒന്നാം ക്ലാസിൽ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പ്രവേശിപ്പിച്ചതിന് സംസ്ഥാന സർക്കാരിന്റെ പത്തു ലക്ഷം രൂപയുടെ പുരസ്കാരം 2010-ൽ സ്കൂളിനായിരുന്നു. കഴിഞ്ഞ വർഷം ജില്ലയിലെ ഏറ്റവും മികച്ച അധ്യാപക-രക്ഷാകർതൃ സംഘടനയ്ക്കുള്ള പുരസ്കാരവും നേടി. സ്കൂൾ തുടങ്ങിയിട്ട് 103 വർഷമായി. കുട്ടികൾ കുറയുന്ന അവസ്ഥ ഉണ്ടായിട്ടില്ലെന്ന് പി.ടി.എ. പ്രസിഡന്റ് കെ. അശോകനും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർപേഴ്സൺ എൻ.പി. അജയകുമാറും അക്കാദമിക് കമ്മിറ്റി ചെയർപേഴ്സൺ ബിനോയ് പീറ്ററും ചൂണ്ടിക്കാണിക്കുന്നു. കുട്ടികൾ കൂടുന്നതിനനുസരിച്ച് സൗകര്യങ്ങളില്ലാത്തതാണ് പ്രശ്നം. കുട്ടികൾ കൂടിയപ്പോൾ സ്റ്റാഫ് റൂം വരെ ക്ലാസ് മുറിയാക്കി മാറ്റി. നിലവിൽ അധ്യാപകർക്ക് പ്രത്യേകം മുറിയില്ല. സംസ്ഥാനത്ത് ആദ്യമായി സാമൂഹിക ഓഡിറ്റ് തുടങ്ങിയ വിദ്യാലയങ്ങളിലൊന്നു കൂടിയാണ് വളയൻചിറങ്ങര സ്കൂൾ. അധ്യാപകരുടെ കാര്യക്ഷമതയുടെ വിലയിരുത്തലാണ് ഇവിടെ സോഷ്യൽ ഓഡിറ്റ്. ഏതൊരു സ്വകാര്യ വിദ്യാലയത്തോടും കിടപിടിക്കുന്ന രീതിയിൽ തികച്ചും വിദ്യാർഥിസൗഹൃദമായ രീതിയിലാണ് ഒരേക്കറിലുള്ള കാമ്പസ് ഒരുക്കിയിരിക്കുന്നത്. content highlights:valayanchirangara school same uniform


from mathrubhumi.latestnews.rssfeed https://ift.tt/2GDjeHN
via IFTTT