Breaking

Tuesday, July 30, 2019

എസ്.എം കൃഷ്ണയുടെ മരുമകനും കഫേ കോഫി ഡേ ഉടമയുമായ സിദ്ധാർഥിനെ കേരളത്തിലേക്കുള്ള യാത്രക്കിടെ കാണാതായി

മംഗളൂരു: മുൻ കർണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ എസ്.എം.കൃഷ്ണയുടെ മരുമകനും കഫേ കോഫീ ഡേ ശൃംഖലയുടെ സ്ഥാപകനുമായ വി.ജി.സിദ്ധാർത്ഥിനെ കാണാതായി. മംഗലാപുരത്തിനിടുത്തുള്ള നേത്രാവതി നദിക്ക് കുറുകെയുള്ള പാലത്തിന് സമീപത്ത് നിന്നാണ് തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ ഇയാളെ കാണാതായത്.നദിയിൽ ചാടിയതാണെന്ന നിഗമനത്തിൽ നേത്രാവതി നദിയിൽ പോലീസ് തിരച്ചിൽ നടത്തി വരികയാണ്. തന്റെ ഇന്നോവ കാറിൽ സിദ്ധാർത്ഥ് തിങ്കളാഴ്ച ചിക്കമംഗളൂരുവിലേക്ക് ഒരു ബിസിനസ് യാത്ര പോയിരുന്നു. അവിടെ നിന്ന് കേരളത്തിലേക്കായിരുന്നു വരേണ്ടിയിരുന്നത്. ഡ്രൈവറും ഒപ്പമുണ്ടായിരുന്നു. മംഗളൂരുവിന് സമീപമുള്ള ദേശീയ പാതയിലെ ജെപ്പിന മൊഗരുവിൽ ഇയാൾ ഡ്രൈവറോട് വാഹനം നിറുത്താൻ ആവശ്യപ്പെടുകയും ഇറങ്ങി പോകുകയുമായിരുന്നു. എന്നാൽ ഏറെ സമയം കഴിഞ്ഞിട്ടും ഇയാൾ തിരിച്ചു വന്നില്ലെന്നും തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ലെന്നും ഡ്രൈവർ പറഞ്ഞു. തുടർന്ന് ഡ്രൈവർ കുടുംബാംഗങ്ങളെ വിളിച്ച് ഇക്കാര്യം അറിയിക്കുകയായിരുന്നു. തന്നോട് വാഹനം നിറുത്താൻ പറഞ്ഞ സമയത്ത് സിദ്ധാർത്ഥ് ഫോണിൽ സംസാരിച്ചിരുന്നെങ്കിലും പിന്നീട് ഫോണിലേക്ക് വിളിച്ചപ്പോൾ സ്വിച്ച് ഓഫായിരുന്നുവെന്നുമാണ് ഡ്രൈവർ പോലീസിനോട് പറഞ്ഞത്. പോലീസ് വിശദമായ തിരച്ചിൽ നടത്തി വരികയാണ്. എസ്.എം.കൃഷ്ണയുടെ മൂത്തമകൾ മാളവികയെയാണ് സിദ്ധാർത്ഥ് വിവാഹം ചെയ്തിരിക്കുന്നത്. രണ്ട് ആൺ മക്കളുണ്ട്. കഫേ കോഫിഡേ ശൃംഖലകൾക്ക് പുറമേ ഹോസ്പിറ്റാലിറ്റി ശൃംഖലയും സിദ്ധാർഥ് സ്ഥാപിച്ചിട്ടുണ്ട്. നിരവധി കാപ്പിത്തോട്ടങ്ങളുടെ ഉടമയുമാണ് സിദ്ധാർഥ്. മൈൻഡ്ട്രീ എന്ന സോഫ്റ്റ്വെയർ കമ്പനിയിലെ തന്റെ ഓഹരി 3000 കോടിയോളം രൂപക്ക് അടുത്തിടെസിദ്ധാർത്ഥ് വിറ്റിരുന്നു. കഫേ കോഫീ ഡേ ബ്രാൻഡ് കൊക്കൊ കോളയ്ക്ക് വിൽക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്ന് വരികയാണെന്നും വാർത്തകളുണ്ടായിരുന്നു. Content Highlights:BJP leader SM Krishnas son-in-law, Coffee Day owner Siddarth goes missing


from mathrubhumi.latestnews.rssfeed https://ift.tt/2Kepc2N
via IFTTT